ടെല്‍ അവീവ്: ലബനനെതിരായ ആക്രമണം തുടരുമെന്ന് അറിയിച്ച് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും അമേരിക്കയും തമ്മില്‍ ധാരണയിലെത്തിയ രണ്ടാഴ്ച്ചത്തെ വെടിനിർത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലബനനില്‍ ഇനിയും ആക്രമണം നടത്തുമെന്നും നെതന്യാഹു അറിയിച്ചു.
ഇറാൻ ഇനിയൊരിക്കലും ഭീഷണിയല്ലെന്നാണ് നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റ്. ഇറാനൊരിക്കലും അമേരിക്കയ്ക്കോ ഇസ്രയേലിനോ അറബ് രാജ്യങ്ങള്‍ക്കോ ഭീഷണിയാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാൻ ഇനി ആണവ, മിസൈല്‍, ഭീകരവാദ ഭീഷണി ഉയർത്തി മുന്നോട്ട് വരില്ലെന്നാണ് നെതന്യാഹുവിൻ്റെ പ്രസ്താവന. ഇക്കാര്യങ്ങള്‍ വരാനിക്കുന്ന ചർച്ചകളില്‍ ഉറപ്പാക്കുമെന്ന് അമേരിക്ക പറഞ്ഞതായി നെതന്യാഹു പറഞ്ഞു.
അതേസമയം, ലബനൻ ഉള്‍പ്പെടെ പശ്ചിമേഷ്യൻ മേഖലയില്‍ എല്ലായിടത്തും വെടിനിർത്തല്‍ നിലവില്‍ വന്നതായാണ് ഇറാനും യുഎസിനുമിടയില്‍ മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ നിലപാട്. സംഘർഷ മേഖലയിലെ എല്ലാ സഖ്യകക്ഷികള്‍ക്കുമെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് 10 ഇന വെടിനിർത്തല്‍ നിർദേശങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചത്. ലബനനിലും ഗാസയിലും സമ്പൂർണ വെടിനിർത്തല്‍ ഇറാൻ്റെ പ്രധാന ആവശ്യത്തിലൊന്നാണ്. അമേരിക്ക രണ്ടാഴ്ച്ചത്തേയ്ക്ക് ഇത് അംഗീകരിച്ചതായാണ് പാകിസ്താൻ അറിയിച്ചത്.
ലബനനില്‍ ഇസ്രായേല്‍ വ്യാപക ആക്രമണമാണ് നടത്തുന്നത്. 1500ലേറെ പേരെയാണ് ഇസ്രായേല്‍ ലബനനില്‍ കൊലപ്പെടുത്തിയത്. 4430 പേർക്കാണ് പരിക്കേറ്റത്. 1.2 ദശലക്ഷം ജനങ്ങള്‍ക്കാണ് തെരുവിലിറങ്ങേണ്ടിവന്നത്. ലബനൻ്റെ 14 ശതമാനം ഭൂപ്രദേശവും ഇസ്രായേല്‍ കയ്യേറിയതായാണ് റിപ്പോർട്ടുകള്‍.
Content Highlights: Israeli Prime Minister Benjamin Netanyahu says attacks on Lebanon will continue

