Dailyhunt
വേനല്‍മഴയും ശക്തമായ കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം

വേനല്‍മഴയും ശക്തമായ കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം

Reporter 2 weeks ago

പാലക്കാട്: അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. കല്‍ക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്.

അട്ടപ്പാടി ചെമ്മണ്ണൂരില്‍ വെച്ചായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ മരം ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴയും കാറ്റും ശക്തമാകുകയാണ്. പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വൻ നാശനഷ്ട‌ങ്ങളാണ് വിതച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ശക്തമായ കാറ്റില്‍ ഗോഡൗണിന്റെ മേല്‍ക്കൂര പൂർണമായും തകർന്നു. ചുങ്കം സെൻ്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ ഷീറ്റുകളാണ് തകർന്നത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകർന്നു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണമായും നിലയ്ക്കുകയും ചെയ്തു.

'ഒപ്പം താമസിച്ച വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടിയതോടെ അവനെ ഒറ്റപ്പെടുത്തി; മകന്‍ ജീവനൊടുക്കില്ല'

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളില്‍ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം താറുമാറായി.

അതേസമയം, മധ്യ- തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: Woman dies after tree falls on autorickshaw in Attappadi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter