പല ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍. ഇത് വേവിച്ചും വേവിക്കാതെയും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പാകം ചെയ്ത ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാം. ശരിയായി പാകം ചെയ്ത ഭക്ഷണം പോലും ഒരു സമയം കഴിഞ്ഞാല്‍ ഭക്ഷ്യവിഷബാധയുണ്ടാക്കിയേക്കാവുന്നതുകൊണ്ടുതന്നെ ചിക്കന്റെ ഉപയോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.

വേവിച്ച ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ സുരക്ഷാ മാര്‍ഗനിര്‍ദേശം അനുസരിച്ച് വേവിച്ച ചിക്കന്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ തുടരുകയാണെങ്കില്‍ സാധാരണയായി 3 മുതല്‍ 4 ദിവസം വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. ഗ്രില്‍ ചെയ്തതോ, വറുത്തതോ ആയ ചിക്കന്‍ വിഭവങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. മൂന്നോ നാലോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചിക്കനില്‍ ബാക്ടീരിയ വളരാനുളള സാധ്യത വര്‍ധിക്കുന്നു. ഫ്രിഡ്ജില്‍ ഈ സമയത്തില്‍ കൂടുതല്‍ സമയം വയ്ക്കുന്ന ചിക്കന്‍ വിഭവങ്ങള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാവിദഗ്ധര്‍ പറയുന്നു.
വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള ശരിയായ വഴികള്‍
ഭക്ഷണ പദാര്‍ഥങ്ങള്‍ സുരക്ഷിതമല്ലാതെയും അശ്രദ്ധമായും കൈകാര്യം ചെയ്താല്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു എന്നത് ഒരു പ്രധാന കാര്യമാണ്.
രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വയ്ക്കാം
USDA യുടെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാകം ചെയ്ത ഭക്ഷണം, പാകം ചെയ്തശേഷം രണ്ട് മണിക്കൂറിനുളളില്‍ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കണം.
വായൂ കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക
വേവിച്ച ചിക്കന്‍ വായൂ കടക്കാത്ത പാത്രത്തിലോ നന്നായി അടച്ച പാക്കറ്റിലോ സൂക്ഷിക്കണം. ഇത് ഈര്‍പ്പം നിലനിര്‍ത്തുകയും ബാക്ടീരിയകളില്‍ നിന്ന് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

റഫ്രിഡ്ജറേറ്ററിലെ താപനില ശ്രദ്ധിക്കുക
ഭക്ഷണവസ്തുക്കളിലെ ബാക്ടീരിയകളുടെ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ റഫ്രിഡ്ജറേറ്ററില്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയായി സൂക്ഷിക്കണമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) പറയുന്നു.
ചെറിയ പാത്രങ്ങളില്‍ സൂക്ഷിക്കുക
ഭക്ഷണം ചെറിയ പാത്രങ്ങളില്‍ ഇട്ട് സൂക്ഷിക്കുന്നത് ഭക്ഷണം വേഗത്തില്‍ തണുക്കാന്‍ സഹായിക്കുന്നു. വേഗത്തില്‍ തണുക്കുന്നതുകൊണ്ട് ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു.
ഫ്രീസറില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കുമോ?
വേവിച്ച ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ ദിവസം കേടുകൂടാതിരിക്കാന്‍ സഹായിക്കും. വേവിച്ച ചിക്കന്‍ ഗുണം നഷ്ടപ്പെടാതെ 2 മുതല്‍ 6 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. മരവിപ്പിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ച പതുക്കെയാക്കുന്നു. എങ്കിലും ഉപയോഗത്തിന് മുന്‍പ് ശരിയായ രീതിയില്‍ വീണ്ടും ചൂടാക്കേണ്ടതാണ്.
ശരിയായി ചൂടാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത
വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ വച്ചശേഷം നന്നായി ചൂടാക്കി ഉപയോഗിക്കേണ്ടതാണ്. 165°F (74°C) താപനിലയില്‍ ചൂടാക്കണമെന്നാണ് USDA പറയുന്നത്. ഈ താപനിലയില്‍ ചൂടാക്കുന്നത് ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

നിങ്ങള്‍ വാങ്ങുന്ന ഓറഞ്ച് നല്ലതാണോ? എങ്ങനെ തിരിച്ചറിയാം; വഴിയുണ്ട്
ചിക്കന്‍ കേടായി എന്ന് എങ്ങനെ മനസിലാക്കാം
ഗന്ധത്തിലെ മാറ്റങ്ങള്‍ - കേടായ ചിക്കന് പുളിച്ചതോ ദുര്‍ഗന്ധം വമിക്കുന്ന ഗന്ധമോ ആയിരിക്കാം.
ഘടനയിലെ മാറ്റങ്ങള്‍ - വേവിച്ച ചിക്കന്റെ ഘടന വഴുവഴുപ്പുള്ളതോ ഒട്ടിപ്പിടിക്കുന്നതോ ആയി തോന്നിയാല്‍ അതില്‍ ബാക്ടീരിയ വളരുന്നതായി മനസിലാക്കാം
നിറവ്യത്യാസം - വേവിച്ച ചിക്കന്‍ മങ്ങിയ ചാരനിറമോ അല്‍പം പച്ച നിറമോ ആയി മാറിയാല്‍ അത് കഴിക്കാന്‍ സുരക്ഷിതമായിരിക്കില്ല.
Content Highlights : How many days can cooked chicken be stored in the fridge? The right way to store cooked chicken in the fridge

