യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ വെറുമൊരു വിനോദത്തിനപ്പുറം, വാർദ്ധക്യത്തെ ചെറുക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് യാത്ര എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
പ്രായമാകുന്നത് തടയാൻ ആന്റി-ഏജിംഗ് ക്രീമുകളെയും ബ്യൂട്ടി ട്രീറ്റ്‌മെന്റുകളെയും ആശ്രയിക്കുന്നവർ ഇനി ഒന്ന് മാറി ചിന്തിക്കുന്നത് നന്നായിരിക്കും. യൗവനം നിലനിർത്താൻ പാസ്‌പോർട്ടും ബാഗും എടുത്ത് ഒരു യാത്ര പോകുക. ഇങ്ങനെ യാത്ര ചെയ്യുന്നത് ചർമ്മത്തെയും ശരീരത്തെയും യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഓസ്‌ട്രേലിയയിലെ എഡിത്ത് കോവൻ സർവകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ പഠനവുമായി രംഗത്ത് വന്നിരിക്കുന്നത്. ടൂറിസം ആരോഗ്യത്തെയും പ്രായത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നടത്തിയ പഠനമാണ് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നത്.

എഡിത്ത് കോവൻ സർവകലാശാലയിലെ ഗവേഷകർ 'എൻട്രോപ്പി' (Entropy) എന്ന ശാസ്ത്രീയ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സാവധാനം ഊർജ്ജം നഷ്ടപ്പെട്ട് നാശത്തിലേക്ക് നീങ്ങുന്ന പ്രക്രിയയാണ് എൻട്രോപ്പി. മനുഷ്യശരീരത്തിലും ഇതേ തത്വം ബാധകമാണ്. എന്നാല്‍ പോസിറ്റീവായ യാത്രാനുഭവങ്ങള്‍ വാർദ്ധക്യം മന്ദഗതിയിലാക്കുമെന്നും ചെറുപ്പം നിലനിർത്താൻ സഹായിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിരിക്കുകയാണ്.
വാർദ്ധക്യത്തെ ചെറുക്കാൻ യാത്രകള്‍ എങ്ങനെ സഹായിക്കും?
ഏതൊരു ജീവജാലവും കാലക്രമേണ വർദ്ധക്യത്തിലെത്തും. അത് മാറ്റമില്ലാത്ത ഒരു പ്രകൃതി നിയമമാണ്. എന്നാല്‍ മാനസികവും ശാരീരികവുമായ പരിരക്ഷ നല്കുന്നത് വഴി ചെറുപ്പം നിലനിർത്താനും വാർദ്ധക്യം മന്ദഗതിയിലാക്കാനും സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനുള്ള ഒരു വഴി യാത്രയാണ് എന്നാണ് എഡിത്ത് കോവൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. അങ്ങനെ വരുമ്പോള്‍ ടൂറിസം വെറുമൊരു വിനോദമല്ല, മറിച്ച് ഒരു 'തെറാപ്പി' ആയി മാറുന്നു. യാത്ര എങ്ങനെ വാർദ്ധക്യത്തെ ചെറുക്കൻ സഹായിക്കുന്നു എന്ന് പരിശോധിച്ചാലോ?
43 വർഷത്തെ ചരിത്രം തിരുത്തി 'Palace on Wheels'; ഇനി വേനലിലും കുതിക്കും
മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
ജോലിയില്‍ നിന്നെല്ലാം ഒരു ചെറിയ ബ്രേക്ക് എടുത്ത് ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് പുതിയ തലമുറ യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സമൂഹമാണ്. ദൈനംദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്നും ജോലിയിലെ സമ്മർദ്ദങ്ങളില്‍ നിന്നും യാത്രകള്‍ മോചനം നല്‍കുന്നു. പുതിയ ചുറ്റുപാടുകള്‍ കാണുന്നതും ആസ്വദിക്കുന്നതും വഴി ശരീരത്തിലെ 'സ്ട്രെസ് ഹോർമോണുകള്‍' കുറയാനും പോസിറ്റീവ് ഊർജ്ജം ലഭ്യമാകുകയും ചെയ്യുന്നു. ഇത് കോശങ്ങളുടെ തേയ്മാനം കുറയ്ക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
പുതിയ സ്ഥലങ്ങളിലെ കാലാവസ്ഥ, ആഹാരം, പരിസ്ഥിതി എന്നിവയുമായുള്ള സമ്പർക്കം നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കും. ഇത് ശരീരത്തിന്റെ സ്വയം പ്രതിരോധ ശേഷി (Self-defense system) കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന ഹോർമോണുകള്‍ യാത്രയ്ക്കിടയില്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
ശാരീരിക വ്യായാമം
യാത്രകള്‍ എന്നാല്‍ നടത്തം, മലകയറ്റം, നീന്തല്‍ തുടങ്ങി നിരവധിയായ ശാരീരിക പ്രവർത്തനങ്ങളുടെ സമാഹാരമാണ്. സ്ഥിരമായി ഒരിടത്തിരുന്ന് ജോലി ചെയ്യുന്നവർക്ക് യാത്രകള്‍ നല്ലൊരു വ്യായാമമാണ് നല്‍കുന്നത്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും Metabolism വേഗത്തിലാക്കുകയും ചെയ്യുന്നു. അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം മെച്ചപ്പെടാൻ ഇത് സഹായിക്കുകയും ചെയ്യും.
സാമൂഹിക ഇടപെടലുകള്‍
പുതിയ മനുഷ്യരെ പരിചയപ്പെടുന്നതും വ്യത്യസ്ത സംസ്‌കാരങ്ങള്‍ അറിയുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായകമാകുന്ന ഒന്നാണ്. ഇത് മാനസികമായ ഉന്മേഷം നല്‍കുന്നതിനോടോപ്പം അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
എന്നാ ഒരു യാത്ര പോകുവല്ലേ? മനസും ശരീരവും ഉന്മേഷം കൈവരിക്കുന്നതിനോടൊപ്പം ചെറുപ്പം നിലനിർത്താനും യാത്ര സഹായിക്കും എന്ന കാര്യത്തില്‍ ശാസ്ത്രത്തിന്റെ ഉറപ്പ് കൂടി ലഭിച്ചിരിക്കുകയാണ്. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. യാത്രകള്‍ ഗുണകരമാകണമെങ്കില്‍ അത് സന്തോഷകരമായിരിക്കണം. കടുത്ത മാനസിക സമ്മർദ്ദം നല്‍കുന്നതോ, സുരക്ഷിതമല്ലാത്തതോ ആയ യാത്രകള്‍ വിപരീത ഫലമാകും നല്‍കുക. സുരക്ഷിതവും സമാധാനപരവുമായ യാത്രകള്‍ മാത്രമാണ് ആനന്ദവും ആരോഗ്യവും പ്രദാനം ചെയ്യുക.
Content Highlight: Travel slows aging by reducing stress, improving health, and keeping your body and mind active and young.

