യുഎഇ പൗരന്മാർക്കായി വ്യോമയാന മേഖലയില്‍ മികച്ച കരിയർ അവസരങ്ങളും തൊഴില്‍ പരിശീലന പരിപാടികളും ഒരുക്കിക്കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈദുബായ് 'യുഎഇ നാഷണല്‍ കരിയർ ഓപ്പണ്‍ ഡേ' സംഘടിപ്പിക്കുന്നു.
രാജ്യത്തെ സ്വദേശിവത്ക്കരണ പ്രവർത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിന്റെ ഭാഗമായാണ് ഫ്ലൈദുബായ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് 16-ന് ഫ്ലൈദുബായ് കാമ്പസില്‍ വെച്ചാണ് ഓപ്പണ്‍ ഡേ നടക്കുന്നത്.
വ്യോമയാന മേഖലയില്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ഇമാറാത്തി വിദ്യാർത്ഥികള്‍ക്കും ഉദ്യോഗാർത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫ്ലൈദുബായിലെ ടാലന്റ് ഡെവലപ്‌മെന്റ് ടീമുമായി നേരിട്ട് സംവദിക്കാനും കമ്പനിയിലെ വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും തങ്ങളുടെ കഴിവുകള്‍ വർദ്ധിപ്പിക്കാനുതകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന പ്രോഗ്രാമുകളെക്കുറിച്ചും നേരിട്ടറിഞ്ഞ് മനസ്സിലാക്കാനും പങ്കെടുക്കുന്നവർക്ക് ഇതിലൂടെ സൗകര്യമുണ്ടാകും.
ദേശീയ പ്രതിഭകളെ വ്യോമയാന രംഗത്തേക്ക് ആകർഷിക്കാനും അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കി ഉയർന്ന തസ്തികകളിലേക്ക് പ്രാപ്തരാക്കാനും ഈ കരിയർ മേള സഹായിക്കും. ഗതാഗത-വ്യോമയാന മേഖലകളില്‍ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
Content Highlights: Flydubai has announced a career open day aimed at providing UAE nationals with opportunities in the aviation sector. The initiative seeks to attract young talent and support career growth in one of the region's key industries.

