Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കൻ സേനയെ പുറത്താക്കണം; അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കൻ സേനയെ പുറത്താക്കണം; അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

Samadarsi 5 days ago

ടെഹ്റാൻ, 2026 സെപ്റ്റംബർ 02 -

മേരിക്കൻ സൈനികരെ സ്വന്തം രാജ്യങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കില്‍ ഇറാന്റെ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്നും അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നല്‍കി.

ഐ.ആർ.ജി.സി രാഷ്ട്രീയ ഉപമേധാവി ജനറല്‍ യദൊള്ള ജവാനിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഏത് കേന്ദ്രത്തിനെതിരെയും തിരിച്ചടിക്കുമെന്നും കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമർശിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. അമേരിക്കൻ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തിരിച്ചടിച്ചു. ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളം ആക്രമിച്ചതായി ഐ.ആർ.ജി.സി അവകാശപ്പെട്ടു. നിരവധി അമേരിക്കൻ സൈനികരെ വധിച്ചെന്നും ഇറാൻ അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിവരമനുസരിച്ച്‌ ജോർദാനിലെ ആക്രമണത്തില്‍ അമേരിക്കൻ സൈനികർക്ക് ആളപായമില്ലെന്ന് രണ്ട് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

ഇറാനും അമേരിക്കയും തമ്മില്‍ ആറുമാസമായി തുടരുന്ന സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്കും മേഖലയിലെ അമേരിക്കൻ സൈനികർക്കുമെതിരായ ഇറാന്റെ സമീപകാല ആക്രമണശ്രമങ്ങള്‍ക്ക് മറുപടിയായാണ് പുതിയ ആക്രമണമെന്ന് യു.എസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. ഇറാന്റെ തെക്കൻ തീരത്തെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, നാവിക സംവിധാനങ്ങള്‍, മൈൻ സ്ഥാപിക്കാനുള്ള ശേഷി, ആശയവിനിമയ കേന്ദ്രങ്ങള്‍ എന്നിവയാണ് അമേരിക്ക ലക്ഷ്യമിട്ടത്.

ജോർദാനിലേക്ക് 13 ബാലിസ്റ്റിക് മിസൈലുകള്‍

ഇറാന്റെ ആക്രമണത്തിനിടെ 13 ബാലിസ്റ്റിക് മിസൈലുകള്‍ രാജ്യത്തിന്റെ വ്യോമാതിർത്തിയില്‍ പ്രവേശിച്ചതായി ജോർദാൻ അറിയിച്ചു. ഇതില്‍ പത്തെണ്ണം വ്യോമപ്രതിരോധ സംവിധാനം തകർത്തു. ശേഷിച്ച മൂന്നെണ്ണം ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് പതിച്ചതെന്നാണ് ജോർദാൻ സൈന്യത്തിന്റെ വിശദീകരണം. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐ.ആർ.ജി.സി അവകാശപ്പെട്ടു.

ബഹ്റൈനിലും കുവൈത്തിലും ഡ്രോണ്‍ ഭീഷണി

ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ വലിയ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായി ബഹ്റൈൻ അറിയിച്ചു. കുവൈത്തും ശത്രു ഡ്രോണുകളെ നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിപ്പിച്ചതായി വ്യക്തമാക്കി. ബഹ്റൈൻ ആറുമണിക്കൂറിനിടെ മൂന്ന് സുരക്ഷാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു.

ഇറാനിലെ വിവാഹച്ചടങ്ങിലും ആക്രമണം

ഇറാനിലെ സിറിക്കിന് സമീപം വിവാഹച്ചടങ്ങ് നടന്ന വീട്ടില്‍ അമേരിക്കൻ ആക്രമണമുണ്ടായതായി ഇറാനിയൻ അധികൃതർ അറിയിച്ചു. നാല് വയസ്സുകാരൻ ഉള്‍പ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു. കുറഞ്ഞത് 65 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സാധാരണ ജനങ്ങളെ ലക്ഷ്യമിടാറില്ലെന്നും ആളപായത്തെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളില്‍ നിന്നുള്ളതാണെന്നും യു.എസ് സെൻട്രല്‍ കമാൻഡ് പ്രതികരിച്ചു.

കൂടുതല്‍ ശക്തമായ ആക്രമണമെന്ന് ട്രംപ്

ഇറാൻ തിരിച്ചടിച്ചാല്‍ ഇതിലും ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോർമുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് ഇപ്പോള്‍ ഏതാണ്ട് പൂർണ നിയന്ത്രണമുണ്ടെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം പുതിയ അമേരിക്കൻ ആക്രമണങ്ങള്‍ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുള്ള ഇറാന്റെ തീരുമാനത്തിന് കരുത്തേകിയെന്നാണ് ഐ.ആർ.ജി.സിയുടെ പ്രതികരണം.

ഹോർമുസില്‍ കപ്പല്‍ ഗതാഗതം കുറഞ്ഞു

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പല്‍ ഗതാഗതം പത്ത് ദിവസത്തെ ശരാശരിയേക്കാള്‍ താഴെയാണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച നാല് ചരക്കുകപ്പലുകള്‍ മാത്രമാണ് കടലിടുക്ക് കടന്നത്. ഒരു ദിവസം മുമ്പ് ഇത് പത്തായിരുന്നു. സാധാരണയായി ലോകത്തെ എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi