സുല്‍ത്താൻ ബത്തേരി, 2026 സെപ്റ്റംബർ 19 -
വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസില്‍ റിപ്പോർട്ടർ ടി.വി.
മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം
പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന എക്സൈസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മദ്യം എവിടെ നിർമിച്ചു, എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
67 ലിറ്റർ മദ്യം പിടികൂടി
ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി 67 ലിറ്റർ മദ്യം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഇതില്‍ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു.
പ്രതിഭാഗത്തിന്റെ വാദം
43.85 ലിറ്റർ മദ്യം കൈവശം വച്ചതിന് 5,000 രൂപ പിഴയും തടവും മാത്രമാണ് ലഭിക്കുകയെന്നും പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിച്ചിഴക്കുന്നത് എന്തിനാണെന്നും പ്രതിഭാഗം ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
ജാമ്യാപേക്ഷ ഹൈക്കോടതിയില്‍
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഗൂഢാലോചനയെന്ന് ആന്റോയുടെ വാദം
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

