ന്യൂഡല്‍ഹി, 2026 ഓഗസ്റ്റ് 26 -
രാജ്യത്തെ ബിഎ, ബിഎസ്‌സി, ബികോം പോലുള്ള പൊതുബിരുദ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിഭാഗത്തിനും അവരുടെ യോഗ്യതയ്ക്ക് ചേരുന്ന ജോലി കിട്ടുന്നില്ലെന്ന് നീതി ആയോഗ്.
ബിരുദധാരികളില്‍ വെറും 8.25 ശതമാനം പേർ മാത്രമാണ് പഠിച്ച യോഗ്യതയുമായി പൊരുത്തപ്പെടുന്ന ജോലിയില്‍ കഴിയുന്നത്. അതായത് 90 ശതമാനത്തിലേറെ പേർ പഠിച്ചതുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികളിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതും തൊഴില്‍ വിപണിക്ക് ആവശ്യമുള്ളതും തമ്മിലുള്ള വലിയ വിടവാണ് ഇതിന് കാരണമെന്ന് നീതി ആയോഗിന്റെ 'റീഇമാജിനിങ് സ്കില്ലിങ് ഫോർ വികസിത് ഭാരത്' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബിരുദധാരികളില്‍ തൊഴിലില്ലായ്മ 13 ശതമാനം; സ്ത്രീകളില്‍ 20.4 ശതമാനം
രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായിരിക്കുമ്പോള്‍ ബിരുദധാരികള്‍ക്കിടയില്‍ ഇത് 13 ശതമാനമാണ്. ബിരുദധാരികളായ സ്ത്രീകളില്‍ തൊഴിലില്ലായ്മ 20.4 ശതമാനവും. നിലവിലെ പാഠ്യപദ്ധതികളില്‍ പലതും കാലത്തിനനുസരിച്ച് മാറിയിട്ടില്ലെന്നും വ്യവസായ മേഖലയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. അതുകൊണ്ടുതന്നെ ബിരുദവും ഡിപ്ലോമയും സർട്ടിഫിക്കറ്റും നേടിയാലും അത് ജോലി ഉറപ്പാക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
3.4 കോടി ബിരുദ വിദ്യാർഥികള്‍; ബിഎയില്‍ മാത്രം 1.13 കോടി
രാജ്യത്തെ ബിരുദ കോഴ്സുകളില്‍ 3.4 കോടി വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതില്‍ ബിഎയില്‍ മാത്രം 1.13 കോടി പേരുണ്ട്. ബിഎ, ബിഎസ്‌സി, ബികോം കോഴ്സുകളിലെ വിദ്യാർഥികളെ ഒന്നിച്ചെടുത്താല്‍ എണ്ണം രണ്ട് കോടിയിലേറെയാണ്. നേരിട്ട് തൊഴിലിലേക്ക് എത്താനുള്ള സാധ്യത കുറവുള്ള പൊതുബിരുദങ്ങളിലേക്ക് ഇത്രയധികം വിദ്യാർഥികള്‍ പോകുന്നത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.
നൈപുണ്യ പരിശീലനം നേടിയാല്‍ തുടക്കശമ്പളത്തില്‍ മാസം 7,000 രൂപയുടെ വ്യത്യാസം
പൊതുബിരുദത്തിനൊപ്പം പ്രത്യേക നൈപുണ്യ പരിശീലനം നേടുന്നതിന്റെ നേട്ടവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നൈപുണ്യ പരിശീലനമില്ലാത്ത പൊതുബിരുദധാരിയുടെ ശരാശരി തുടക്കശമ്പളം മാസം 22,000 രൂപയാണ്. നൈപുണ്യ പരിശീലനം നേടിയ ബിരുദധാരിക്ക് ഇത് 29,000 രൂപയാകും. തുടക്കത്തില്‍ തന്നെ മാസം 7,000 രൂപയുടെ വ്യത്യാസം. പത്ത് വർഷം കഴിയുമ്പോള്‍ മൊത്തവരുമാനത്തിലെ ഈ വ്യത്യാസം ഏകദേശം 9.7 ലക്ഷം രൂപയിലെത്താമെന്നാണ് റിപ്പോർട്ടില്‍ ഉദ്ധരിച്ച കണക്ക്.
ബിഎ ഹോസ്പിറ്റാലിറ്റി മുതല്‍ ബികോം അനലിറ്റിക്സ് വരെ; പഠനം ജോലിയുമായി ബന്ധിപ്പിക്കണം
പൊതുബിരുദങ്ങള്‍ നിർത്തണമെന്നല്ല നീതി ആയോഗിന്റെ നിർദേശം. പകരം അവയെ തൊഴില്‍ മേഖലയുമായി നേരിട്ട് ബന്ധമുള്ള പ്രത്യേക കോഴ്സുകളാക്കി മാറ്റണമെന്നാണ് ശുപാർശ. ബിഎ ഹോസ്പിറ്റാലിറ്റി, ബിഎസ്‌സി അപ്ലൈഡ് ടെക്നോളജി, ബികോം അനലിറ്റിക്സ് തുടങ്ങിയ കോഴ്സുകള്‍ ഉദാഹരണമായി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. പഠനത്തോടൊപ്പം തൊഴില്‍പരിശീലനം ലഭിക്കുന്ന അപ്രന്റിസ്ഷിപ്പ് അധിഷ്ഠിത ബിരുദങ്ങളും ജോലി ചെയ്തുകൊണ്ട് പഠിക്കാവുന്ന ബിരുദപദ്ധതികളും വ്യാപിപ്പിക്കണമെന്നും നിർദേശമുണ്ട്.
ഹരിത വ്യവസായവും വൈദ്യുത വാഹനങ്ങളും ഉള്‍പ്പെടെ വളരുന്ന മേഖലകളിലേക്ക് പരിശീലനം
ഹരിത വ്യവസായം, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ അതിവേഗം വളരുന്ന മേഖലകള്‍ക്ക് ആവശ്യമായ പ്രത്യേക നൈപുണ്യം വിദ്യാർഥികള്‍ക്ക് നല്‍കണമെന്നും നീതി ആയോഗ് പറയുന്നു. ഡിജിറ്റല്‍ അറിവ്, സാമ്പത്തിക കാര്യങ്ങളിലെ അടിസ്ഥാന അറിവ്, ജോലിസ്ഥലത്ത് ആവശ്യമായ കഴിവുകള്‍, സംരംഭകത്വം എന്നിവയും പഠനത്തിന്റെ ഭാഗമാകണം. പരിശീലന പദ്ധതികളില്‍ ആളുകളെ ചേർക്കുന്നതും കോഴ്സ് പൂർത്തിയാക്കുന്നതും മാത്രം വിജയമായി കാണാതെ ജോലി ലഭിച്ചോ, വരുമാനം കൂടിയോ എന്നതും മാനദണ്ഡമാക്കണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന നിർദേശം.

