പത്തനംതിട്ട, 2026 സെപ്റ്റംബർ 19 -
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 15കാരിക്ക് മറ്റൊരു രോഗിയുടെ എക്സ്-റേ നല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നല്‍കി.
കുറ്റക്കാരായ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കാനാണ് ആശുപത്രി സൂപ്രണ്ടിന് നിർദേശം.
ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടി
സെപ്റ്റംബർ 14ന് കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദേശപ്രകാരം എക്സ്-റേ എടുത്ത ശേഷം പരിശോധനയുടെ അടിസ്ഥാനത്തില്‍ മരുന്ന് നല്‍കുകയായിരുന്നു.
നല്‍കിയത് 86കാരിയുടെ എക്സ്-റേ
മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് കുറവുണ്ടാകാതെ വന്നതോടെ പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തുടർചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയ എക്സ്-റേ 86കാരിയായ മറ്റൊരു വയോധികയുടേതാണെന്ന് കണ്ടെത്തിയത്.
ജീവനക്കാർക്കും വീഴ്ചയെന്ന് കണ്ടെത്തല്‍
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റേഡിയോളജി, പള്‍മനറി വിഭാഗങ്ങളിലെ ഡോക്ടർമാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്സ്-റേ കൈമാറിയ കൗണ്ടറിലെ ജീവനക്കാർക്കും വീഴ്ച സംഭവിച്ചതായാണ് സൂപ്രണ്ടിന്റെ കണ്ടെത്തല്‍.
ബാലാവകാശ കമ്മീഷനും കേസെടുത്തു
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. പിന്നാലെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട്, കോന്നി പൊലീസ് മേധാവി എന്നിവരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

