Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയുടെ ഉല്‍പ്പാദന വളര്‍ച്ച മന്ദഗതിയിലാക്കാൻ ചൈന വിതരണത്തില്‍ പിടിമുറുക്കുന്നെന്ന് യുഎസ് കമ്മീഷൻ

ഇന്ത്യയുടെ ഉല്‍പ്പാദന വളര്‍ച്ച മന്ദഗതിയിലാക്കാൻ ചൈന വിതരണത്തില്‍ പിടിമുറുക്കുന്നെന്ന് യുഎസ് കമ്മീഷൻ

Samadarsi 47 mins ago

അമേരിക്ക, 2026 നവംബർ 18 -

ഇന്ത്യയുടെ ആശ്രിതത്വം ചൈന ഉപയോഗിക്കുന്നെന്ന് റിപ്പോർട്ട്

യന്ത്രങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും വ്യവസായ സാമഗ്രികള്‍ക്കുമായി ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് രാജ്യത്തെ ഉല്‍പ്പാദന വളർച്ച മന്ദഗതിയിലാക്കാൻ ബെയ്ജിങ് ഉപയോഗിക്കുന്നതായി യുഎസ് കോണ്‍ഗ്രസിന്റെ കമ്മീഷൻ മുന്നറിയിപ്പ് നല്‍കി.

ഇതേ ആശ്രിതത്വം അമേരിക്കൻ വിതരണ ശൃംഖലകള്‍ക്കുമേല്‍ സമ്മർദം ചെലുത്താനും ചൈന ഉപയോഗിക്കാൻ ശ്രമിക്കുന്നതായി നവംബർ 18ന് പുറത്തുവന്ന റിപ്പോർട്ടില്‍ പറയുന്നു. യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷനാണ് കോണ്‍ഗ്രസിന് സമർപ്പിച്ച 2026ലെ റിപ്പോർട്ട് പുറത്തിറക്കിയത്. നിർണായക വ്യവസായ സാമഗ്രികളുടെ വിതരണം ചൈന നിയന്ത്രിക്കുന്നതായും ഉപകരണങ്ങളും സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കാതിരിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കുന്ന ഇന്ത്യൻ നിർമാതാക്കളെ ദുർബലപ്പെടുത്താൻ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളും ചൈന ഉപയോഗിക്കുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക നടപടികളാണ് ചൈനയുടെ ഏറ്റവും ശക്തമായ ആയുധമെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തല്‍. വ്യവസായ സാമഗ്രികള്‍, സാങ്കേതികവിദ്യ, വിദഗ്ധ സേവനം എന്നിവയിലെ നിയന്ത്രണം വഴി ഉല്‍പ്പാദനരംഗത്തെ മേല്‍ക്കൈ നിലനിർത്താനും ഇന്ത്യയ്ക്ക് മത്സരിക്കാവുന്ന ഉല്‍പ്പാദനശേഷി നേടുന്നത് ബുദ്ധിമുട്ടാക്കാനുമാണ് ബെയ്ജിങ്ങിന്റെ ശ്രമമെന്നും റിപ്പോർട്ട് പറയുന്നു.

അമേരിക്കയിലേക്കുള്ള പുനർകയറ്റുമതിക്ക് നിബന്ധന

ചൈനയില്‍നിന്ന് ലഭിക്കുന്ന ചില വ്യവസായ സാമഗ്രികള്‍ അമേരിക്കയിലേക്ക് വീണ്ടും കയറ്റുമതി ചെയ്യില്ലെന്ന് ഇന്ത്യൻ കമ്പനികള്‍ സാക്ഷ്യപ്പെടുത്തണമെന്ന് 2025ല്‍ ബെയ്ജിങ് ആവശ്യപ്പെട്ടതായി റിപ്പോർട്ടില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുണ്ടാക്കിയ വിപുലമായ വ്യാപാര ധാരണയുടെ ഭാഗമായി ചൈന പിന്നീട് ഈ നിബന്ധന താല്‍ക്കാലികമായി പിൻവലിച്ചു. ഇന്ത്യയുടെ വ്യവസായ ആശ്രിതത്വത്തെ അമേരിക്കൻ വിതരണ ശൃംഖലകള്‍ക്കെതിരായ സമ്മർദായുധമാക്കി ചൈനയ്ക്ക് മാറ്റാനാകുമെന്ന് ഈ നടപടി കാണിച്ചതായി കമ്മീഷൻ വിലയിരുത്തി.

ഇലക്‌ട്രോണിക്സ്, ഔഷധ മേഖലകളിലും സമ്മർദം

പ്രധാന വ്യവസായ സാമഗ്രികളുടെയും ഉല്‍പ്പന്നങ്ങളുടെയും ഇന്ത്യയിലേക്കുള്ള കയറ്റുമതി ചൈന നിയന്ത്രിച്ചതായി റിപ്പോർട്ട് പറയുന്നു. ഇലക്‌ട്രോണിക്സ് ഉല്‍പ്പാദനം മന്ദഗതിയിലാക്കാൻ എൻജിനീയർമാരെ തിരിച്ചുവിളിക്കുകയും ഉപകരണങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തു. ഇന്ത്യയില്‍ പുതുതായി തുടങ്ങിയ ഔഷധ നിർമാണശാലകളുടെ മത്സരശേഷി കുറയ്ക്കാൻ ഔഷധ അസംസ്കൃത വസ്തുക്കളുടെ വിലയും ചൈന കുറച്ചു. ബാറ്ററി സാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ ശുദ്ധ ഊർജ വ്യവസായം വികസിപ്പിക്കാനുള്ള ശ്രമങ്ങളെയും ബാധിച്ചു.

ആശ്രയം കുറയ്ക്കാൻ ശ്രമം, ഘടകങ്ങള്‍ക്ക് ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നു

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ നടപടികള്‍ സ്വീകരിച്ചിട്ടും വ്യവസായ മേഖല വികസിക്കുന്നതിനൊപ്പം ചൈനീസ് വിതരണത്തെ കൂടുതല്‍ ആശ്രയിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വ്യവസായ വളർച്ചയുടെ വലിയൊരു ഭാഗം ഇപ്പോഴും ചൈനീസ് യന്ത്രങ്ങളും ഘടകങ്ങളും സാങ്കേതിക അറിവും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ആശ്രിതത്വം മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ കൂടുതല്‍ നടപടികളെടുത്തിട്ടും ചൈനീസ് ഘടകങ്ങളോടുള്ള ആശ്രയം വർധിച്ചതായി കമ്മീഷൻ പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്ത്രപ്രധാന മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനും പങ്കാളിത്തത്തിനും ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൈനീസ് സാങ്കേതികവിദ്യയും യന്ത്രങ്ങളും വിദഗ്ധ സേവനവും ലഭ്യമാകുന്നത് പരിമിതപ്പെടുത്തിയതിന്റെ ചെലവ് കൂടിയതോടെ ചൈനീസ് നിക്ഷേപത്തിനും ഉപകരണങ്ങള്‍ക്കുമുള്ള ചില നിയന്ത്രണങ്ങള്‍ ഇന്ത്യ അടുത്തിടെ ഇളവുചെയ്തതായും റിപ്പോർട്ടില്‍ പറയുന്നു.


രണ്ട് മുന്നണികളില്‍ സുരക്ഷാ വെല്ലുവിളി, യുഎസുമായി സഹകരണത്തിന് ശുപാർശ

പാകിസ്താനുള്ള ചൈനയുടെ വർധിക്കുന്ന സൈനിക പിന്തുണയും ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നാവിക സാന്നിധ്യവും നിരീക്ഷണ പ്രവർത്തനങ്ങളും പരിഹരിക്കപ്പെടാത്ത അതിർത്തിത്തർക്കവും ഇന്ത്യയ്ക്ക് വലിയ സുരക്ഷാ വെല്ലുവിളികളാണെന്ന് റിപ്പോർട്ട് പറയുന്നു. ചൈനയും പാകിസ്താനും തമ്മിലുള്ള സൈനിക പങ്കാളിത്തം കാരണം രണ്ടു മുന്നണികളില്‍ ഒരേസമയം പ്രതിസന്ധി നേരിടേണ്ട സാഹചര്യം ഇന്ത്യയ്ക്ക് കൂടുതല്‍ ആശങ്കയാകുന്നതായി കമ്മീഷൻ വിലയിരുത്തി. നേരിട്ട് പോരാട്ടത്തില്‍ ഇറങ്ങാതെ പ്രതിസന്ധിക്കിടെ പാകിസ്താനെ ശക്തിപ്പെടുത്താൻ ബെയ്ജിങ്ങിന് കഴിയുമെന്ന് 2025 മേയിലെ ഇന്ത്യ-പാകിസ്താൻ സംഘർഷം കാണിച്ചതായും റിപ്പോർട്ട് പറയുന്നു. നിർണായക ഔഷധ വിതരണ ശൃംഖലകളിലും സമുദ്രസുരക്ഷയിലും ഇന്ത്യയും അമേരിക്കയും സഹകരണം ശക്തമാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങള്‍ കൂടുതല്‍ പങ്കുവയ്ക്കണമെന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നാവികസേനയുടെയും അന്തർവാഹിനികളുടെയും നീക്കങ്ങള്‍ ഏകോപിതമായി നിരീക്ഷിക്കണമെന്നും ശുപാർശയിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi