ന്യൂഡല്‍ഹി, 2026 സെപ്റ്റംബർ 2 -
ഇന്ത്യയില്‍ സ്വന്തമായി ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാനും സെമികണ്ടക്ടർ വ്യവസായം ശക്തിപ്പെടുത്താനും ₹1.27 ലക്ഷം കോടി രൂപയുടെ സെമിക്കോണ്‍ 2.0 പദ്ധതിയുമായി കേന്ദ്രം.
ഓഗസ്റ്റ് 31നാണ് പദ്ധതിയുടെ പ്രവർത്തന ചട്ടക്കൂട് കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ചിപ്പ് ഡിസൈൻ കമ്പനികള്‍ വളർത്തുക, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യുന്ന ചിപ്പുകള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
സ്റ്റാർട്ടപ്പുകള്‍ക്ക് ₹15 കോടി വരെ
വാണിജ്യാടിസ്ഥാനത്തില്‍ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്ന സ്റ്റാർട്ടപ്പുകള്‍ക്കും എംഎസ്‌എംഇകള്‍ക്കും പദ്ധതിച്ചെലവിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി ₹15 കോടി വരെ സീഡ് ഫണ്ടിങ് ലഭിക്കും. വിലകൂടിയ ചിപ്പ് ഡിസൈൻ ടൂളുകളും വേഫർ ഫാബ്രിക്കേഷൻ സേവനങ്ങളും കമ്പനികള്‍ക്ക് ലഭ്യമാക്കും. ദേശീയ സുരക്ഷയ്ക്കും നിർണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആവശ്യമായ ചിപ്പുകളുടെ വികസനത്തിന് സി-ഡാക് മത്സരാധിഷ്ഠിതമായി കമ്പനികളെ തിരഞ്ഞെടുക്കും. ഇത്തരം പദ്ധതികളിലൂടെ വികസിപ്പിക്കുന്ന ബൗദ്ധിക സ്വത്തവകാശം സി-ഡാക്കും കമ്പനിയും സംയുക്തമായി കൈവശം വയ്ക്കും.
ഇന്ത്യൻ ചിപ്പുകള്‍ വാങ്ങാനും പ്രോത്സാഹനം
ഇന്ത്യയില്‍ വികസിപ്പിച്ച പുതിയ ചിപ്പുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരെ കണ്ടെത്തുന്നതും പദ്ധതി ലക്ഷ്യമിടുന്നു. അർഹമായ ചിപ്പുകള്‍ക്കും സിസ്റ്റം-ഓണ്‍-ചിപ്പുകള്‍ക്കും അഞ്ച് വർഷത്തേക്ക് അറ്റവില്‍പ്പനയുടെ 9 ശതമാനത്തിന് തുല്യമായ തുക തിരികെ നല്‍കും. ഒരു അപേക്ഷയ്ക്ക് പരമാവധി ₹30 കോടിയും ഒരു കമ്പനിക്കും അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കും ചേർന്ന് ₹120 കോടിയുമാണ് പരിധി. സെമികണ്ടക്ടർ ഉപകരണങ്ങള്‍, അസംസ്കൃത വസ്തുക്കള്‍, ഫാബ്രിക്കേഷൻ, അഡ്വാൻസ്ഡ് പാക്കേജിങ് എന്നിവയ്ക്കും സാമ്പത്തിക സഹായമുണ്ട്. ഒരു ലക്ഷം സെമികണ്ടക്ടർ എൻജിനീയർമാരെ കൂടി പരിശീലിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

