Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍; അമ്മയ്ക്കെതിരെ കൊലക്കേസ്

ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍; അമ്മയ്ക്കെതിരെ കൊലക്കേസ്

Samadarsi 2 weeks ago

ബെംഗളൂരു, 2026 സെപ്റ്റംബർ 2 -

ബെംഗളൂരുവില്‍ മൂന്ന് മാസം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 40കാരിയായ അമ്മ ഉമാദേവിക്കെതിരെ കൊലക്കേസ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വജറഹള്ളിയിലെ വീട്ടിലാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവ് രാമലിംഗപ്പ വീട്ടിലെത്തിയപ്പോള്‍ ഒരു മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറന്നപ്പോള്‍ ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായും കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചതെന്ന് സംശയം

ഉമാദേവിയെ രക്ഷപ്പെടുത്തി ശങ്കർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങളെ പരിശോധിച്ച ഡോക്ടർമാർ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് സംശയം പ്രകടിപ്പിച്ചു. കുഞ്ഞുങ്ങളെ ഉമാദേവി വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഭർത്താവിന്റെ പരാതിയില്‍ തലഘട്ടപുര പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം കൊലക്കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുകയാണ്.

ഐവിഎഫിലൂടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍

വർഷങ്ങളായി കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് ശേഷമാണ് മാതാപിതാക്കളായത്. മേയ് അഞ്ചിനാണ് ഉമാദേവി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രസവത്തിന് ഒന്നര മാസത്തിനുശേഷം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതില്‍ ഉമാദേവിക്ക് താല്‍പര്യം കുറഞ്ഞതായും അവരെ ആശ്രമത്തിലാക്കണമെന്ന് ആവർത്തിച്ച്‌ പറഞ്ഞതായും ഭർത്താവിന്റെ പരാതിയിലുണ്ട്. പെരുമാറ്റത്തിലെ മാറ്റത്തെ തുടർന്ന് നിംഹാൻസിലും മറ്റൊരു ചികിത്സാകേന്ദ്രത്തിലും മാനസികാരോഗ്യ ചികിത്സ തേടിയിരുന്നു. പ്രസവാനന്തര വിഷാദവും ഹോർമോണ്‍ മാറ്റങ്ങളും പെരുമാറ്റത്തെ ബാധിച്ചിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi