ന്യൂഡല്‍ഹി, 2026 സെപ്റ്റംബർ 2 -
ഇന്ത്യയുടെ ജിഡിപി വളർച്ചയെ കേന്ദ്ര സർക്കാർ ആഘോഷിക്കുന്നതിനിടെ കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.
2026-27 സാമ്പത്തിക വർഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം യഥാർത്ഥ ജിഡിപി വളർച്ച നേടിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നേട്ടമായി വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഈ വളർച്ച സാധാരണക്കാരുടെ ജീവിതത്തിലെ സാമ്പത്തിക സമ്മർദം പ്രതിഫലിപ്പിക്കുന്നില്ലെന്നും കണക്കുകള്‍ വെറും 'സ്റ്റാറ്റിസ്റ്റിക്കല്‍ ജിംനാസ്റ്റിക്സ്' ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പണപ്പെരുപ്പ കണക്കില്‍ പൊരുത്തക്കേടെന്ന് ആരോപണം
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ജിഡിപി കണക്കുകൂട്ടല്‍ രീതിയെ പ്രധാനമായും ചോദ്യം ചെയ്തത്. നോമിനല്‍ ജിഡിപിയും യഥാർത്ഥ ജിഡിപിയും തമ്മിലുള്ള വ്യത്യാസം 2.3 ശതമാനം പണപ്പെരുപ്പമാണ് സൂചിപ്പിക്കുന്നതെന്നും എന്നാല്‍ ഇതേ പാദത്തില്‍ മൊത്തവില പണപ്പെരുപ്പം 9 ശതമാനത്തിന് മുകളിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണക്കുകൂട്ടല്‍ രീതി ആവർത്തിച്ച് മാറ്റി യഥാർത്ഥ സാമ്പത്തിക സ്ഥിതി മറയ്ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തി ഖാർഗെ
ജിഡിപി വളർച്ച ആഘോഷിക്കുമ്പോഴും സാധാരണക്കാർ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം എന്നിവ നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിലെ ദൗർബല്യം, യുവാക്കളുടെ തൊഴിലില്ലായ്മ, കുറഞ്ഞ ഗ്രാമീണ വേതനം എന്നിവയും കോണ്‍ഗ്രസ് ഉയർത്തിക്കാട്ടി. അതേസമയം ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും 7.8 ശതമാനം വളർച്ച കൈവരിച്ചത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് വ്യക്തമാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

