കണ്ണൂർ, 2026 ഓഗസ്റ്റ് 30 -
കോളേജ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പിരിച്ച പണത്തിന് കണക്കില്ലെന്ന ആരോപണവുമായി നിക്ഷേപകർ രംഗത്തെത്തി.
സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭാരവാഹികളായ നോർത്ത് മലബാർ എഡ്യൂക്കേഷനല്‍ സൊസൈറ്റിക്കെതിരെയാണ് പരാതി. 2015ല്‍ ഇരിട്ടി കേന്ദ്രമായി രജിസ്റ്റർ ചെയ്ത സൊസൈറ്റി പതിനായിരത്തിലേറെ പേരില്‍ നിന്ന് ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിരിച്ചെന്നാണ് ആരോപണം.
വർഷങ്ങള്‍ കഴിഞ്ഞിട്ടും കോളേജില്ല
കോളേജ് തുടങ്ങുമെന്ന് പറഞ്ഞ് പണം പിരിച്ചെങ്കിലും വർഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനനിർമാണം ആരംഭിച്ചിട്ടില്ലെന്നും അനുയോജ്യമായ സ്ഥലം വാങ്ങിയിട്ടില്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു. പിരിച്ചെടുത്ത പണം എവിടെ ഉപയോഗിച്ചെന്നതിനെക്കുറിച്ചും വ്യക്തതയില്ലെന്നാണ് പരാതി. കോളേജ് തുടങ്ങുകയോ പണം തിരികെ നല്‍കുകയോ വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
ആരോപണം തള്ളി സൊസൈറ്റി
കഴിഞ്ഞ ഏരിയ സമ്മേളനത്തിലും വിഷയം ചർച്ചയായെന്നാണ് വിവരം. എന്നാല്‍ ആരോപണങ്ങള്‍ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കി. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

