Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മൈക്രോ ഭക്ഷ്യസംസ്കരണ ബസാറില്‍ ചെറുസംരംഭങ്ങളുടെ വിജയക്കുതിപ്പ്; പ്രാദേശിക രുചികള്‍ക്ക് പുതിയ വിപണി

Samadarsi 3 weeks ago

ന്യൂഡല്‍ഹി / 2026 / ഓഗസ്റ്റ് 27

ന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ തനത് ഭക്ഷ്യവിഭവങ്ങളും ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങളും ഒരുമിച്ചെത്തിയ പ്രധാനമന്ത്രി മൈക്രോ ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ ഔപചാരികവല്‍ക്കരണ ബസാർ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്നു.

കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം ഓഗസ്റ്റ് 24, 25 തീയതികളിലാണ് ബസാർ സംഘടിപ്പിച്ചത്. 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രദർശകർ പങ്കെടുത്തു. ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, കർഷക ഉല്‍പാദക സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, സംരംഭകർ എന്നിവർക്ക് ഉല്‍പന്നങ്ങള്‍ പ്രദർശിപ്പിക്കാനും വാങ്ങുന്നവരുമായി ബന്ധപ്പെടാനും പുതിയ വിപണികള്‍ കണ്ടെത്താനും ബസാർ അവസരമൊരുക്കി.

ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ വലിയ നിരയാണ് ബസാറിലുണ്ടായിരുന്നത്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകളും പരമ്പരാഗത അറിവും ഉപയോഗിച്ച്‌ കൂടുതല്‍ വിപണിയിലെത്താവുന്ന ഉല്‍പന്നങ്ങളും ബ്രാൻഡുകളും എങ്ങനെ സൃഷ്ടിക്കാമെന്നതിന്റെ നേർക്കാഴ്ച കൂടിയായി ബസാർ. 2020 ജൂണ്‍ 29ന് ആരംഭിച്ച പ്രധാനമന്ത്രി മൈക്രോ ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ ഔപചാരികവല്‍ക്കരണ പദ്ധതി സാമ്പത്തിക, സാങ്കേതിക, വ്യാപാര സഹായങ്ങളിലൂടെ പുതിയ യൂണിറ്റുകള്‍ തുടങ്ങാനും നിലവിലുള്ളവ ശക്തിപ്പെടുത്താനും ചെറുകിട സംരംഭകരെ സഹായിക്കുന്നു.

ബിഹാറിലെ മഖാനയ്ക്ക് പുതിയ മുഖം

ബിഹാറില്‍ നിന്നുള്ള ഫറാസിന്റെ എസ്.എച്ച്‌.എച്ച്‌.ഇ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വളർച്ചയും ബസാറില്‍ ശ്രദ്ധ നേടി. 2021ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. ബിഹാറിന്റെ പ്രിയപ്പെട്ട മഖാനയ്ക്ക് ആധുനിക രൂപം നല്‍കുകയായിരുന്നു ലക്ഷ്യം. മഖാന ചേർത്ത കുക്കികളും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചെറിയ മഖാന പാക്കറ്റുകളും ഉള്‍പ്പെടെയുള്ള മൂല്യവർധിത ഉല്‍പന്നങ്ങള്‍ കമ്പനി വികസിപ്പിച്ചു.

2021ല്‍ പദ്ധതിയുമായി ചേർന്നത് എസ്.എച്ച്‌.എച്ച്‌.ഇ ഫുഡ്സിന് കൂടുതല്‍ ദൃശ്യപരതയും ബ്രാൻഡ് വളർത്താനുള്ള സഹായവും പുതിയ വ്യാപാര അവസരങ്ങളും നല്‍കി. ഉപഭോക്താക്കളുമായും വ്യാപാര മേഖലയുമായും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള പ്രധാന വേദിയായും ബസാർ മാറി.

പദ്ധതിയുടെ വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി വഴി ആകെ പദ്ധതി ചെലവിന്റെ 35 ശതമാനം, ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സഹായം ലഭിക്കും. എസ്.എച്ച്‌.എച്ച്‌.ഇ ഫുഡ്സിന്റെ 10 ലക്ഷം രൂപയുടെ വായ്പയ്ക്ക് മൂന്ന് ലക്ഷം രൂപയിലധികം സബ്സിഡി ലഭിച്ചു. ഇതോടെ മികച്ച യന്ത്രങ്ങള്‍ വാങ്ങാനും പ്രവർത്തനം കൂടുതല്‍ ഔപചാരികമാക്കാനും ഉല്‍പാദനം ഉയർത്താനും കഴിഞ്ഞു.

ദിവസം 100 കിലോഗ്രാം മാത്രം സംസ്കരിച്ചിരുന്ന ശേഷി കുറഞ്ഞത് 1,000 കിലോഗ്രാമായി ഉയർന്നു. 2021ല്‍ രണ്ടര മുതല്‍ മൂന്ന് ലക്ഷം രൂപ വരെയായിരുന്ന വില്‍പ്പന ഇപ്പോള്‍ 14 കോടി രൂപ കടന്നു. ഫറാസിനെ സംബന്ധിച്ചിടത്തോളം ഈ വളർച്ച വലിയ സ്വപ്നത്തിന് ലഭിച്ച പിന്തുണയുടെ ഫലമാണ്.

ഉദയ്പൂരില്‍ ആദിവാസി അറിവും ആയുർവേദവും കൈകോർക്കുന്നു

ഉദയ്പൂരിലെ ട്രൈബല്‍വേദയുടെ കഥയ്ക്ക് മറ്റൊരു രുചിയാണ്. 2017 മുതല്‍ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവിനെയും ആയുർവേദത്തെയും കൂട്ടിച്ചേർത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ രണ്ട് ആശയങ്ങളുടെ സംഗമമാണ് ട്രൈബല്‍വേദ എന്ന പേരിലും പ്രതിഫലിക്കുന്നത്.

ഓരോ ഞാവല്‍പ്പഴക്കാലത്തും 3,000 മുതല്‍ 5,000 വരെ ആദിവാസി സ്ത്രീകള്‍ വനങ്ങളില്‍നിന്ന് പഴങ്ങള്‍ ശേഖരിക്കുന്നു. അവ ഉപയോഗിച്ച്‌ കൃത്രിമ സംരക്ഷക വസ്തുക്കള്‍ ചേർക്കാത്ത ഞാവല്‍ വിനാഗിരി, ക്യൂബുകള്‍, സ്ട്രിപ്പുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിർമിക്കുന്നു. ഈ പ്രവർത്തനം സ്ത്രീകള്‍ക്ക് വരുമാനം മാത്രമല്ല, തൊഴിലും മെച്ചപ്പെട്ട ഉപജീവനവും പുതിയ അവസരങ്ങളും നല്‍കുന്നു.

പദ്ധതിയുടെ സഹായത്തോടെ മെച്ചപ്പെട്ട യന്ത്രങ്ങള്‍ ലഭിക്കുകയും പ്രവർത്തനം ശക്തിപ്പെടുകയും ചെയ്തു. വിപണി കൂടുതല്‍ വിപുലമായി. ഇപ്പോള്‍ ആമസോണ്‍, ഫ്ലിപ്കാർട്ട്, സ്ഥാപനത്തിന്റെ സ്വന്തം വെബ്സൈറ്റ് എന്നിവയിലൂടെ ഓർഡറുകള്‍ ലഭിക്കുന്നു. ദുബായിലേക്കും അമേരിക്കയിലേക്കും ഉല്‍പന്നങ്ങള്‍ എത്തുന്നുണ്ട്. രാജസ്ഥാനിലെ വനപ്രദേശങ്ങളില്‍ തുടങ്ങിയ സംരംഭം ഇതോടെ ഇന്ത്യയ്ക്ക് പുറത്തേക്കും വളർന്നു.

മഹാരാഷ്ട്രയിലെ ചെറിയ തുടക്കം എട്ട് നഗരങ്ങളിലേക്ക്

മഹാരാഷ്ട്രയിലെ മയൂർ ഹാണ്ഡെയുടെ സോയ റിച്ച്‌ 13 വർഷം മുമ്പാണ് ചെറിയ സംവിധാനത്തില്‍ പ്രവർത്തനം തുടങ്ങിയത്. സോയയും ടോഫുവുമാണ് പ്രധാന ഉല്‍പന്നങ്ങള്‍. സോയ അരച്ച്‌ പാലാക്കി, അത് പുളിപ്പിച്ചാണ് ടോഫു നിർമിക്കുന്നത്. പുതിന, സ്മോക്ക്ഡ് തുടങ്ങിയ വ്യത്യസ്ത രുചികളിലുള്ള ഉല്‍പന്നങ്ങളും തയ്യാറാക്കുന്നു.

എന്നാല്‍ പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാൻ മികച്ച യന്ത്രങ്ങള്‍ ആവശ്യമായിരുന്നു. അതിന് നിക്ഷേപം കണ്ടെത്തുന്നത് വലിയ തടസ്സമായി. വായ്പ ലഭിക്കുന്നതിലെ കാലതാമസവും വികസനം മന്ദഗതിയിലാക്കി.

2021ല്‍ സോയ റിച്ച്‌ പദ്ധതിയില്‍ ചേർന്നു. 20 ലക്ഷം രൂപ ചെലവുള്ള പദ്ധതിക്ക് ബാങ്ക് വായ്പ ലഭിച്ചു. പദ്ധതി ചെലവിന്റെ 35 ശതമാനം മൂലധന സബ്സിഡിയും ലഭിച്ചു. യന്ത്രങ്ങള്‍ക്കുള്ള സഹായത്തിനൊപ്പം ബ്രാൻഡിങ് ശക്തിപ്പെടുത്താനും വിപണി വിപുലീകരിക്കാനും സർക്കാർ പോർട്ടലുകളുമായി ബന്ധപ്പെടാനും സഹായം ലഭിച്ചു.

ഒരു ചെറിയ യൂണിറ്റില്‍ തുടങ്ങിയ സോയ റിച്ച്‌ ഇപ്പോള്‍ എട്ട് നഗരങ്ങളില്‍ പ്രവർത്തിക്കുന്നു. മാസം ഏകദേശം രണ്ട് ലക്ഷം രൂപയായിരുന്ന വില്‍പ്പന ഇപ്പോള്‍ ഏകദേശം 35 ലക്ഷം രൂപയായി ഉയർന്നു.

ഒഡിഷയിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സംരംഭത്തിന് പുതിയ ലക്ഷ്യം

പിയൂഷ് മൊഹന്തിയുടെ ഭക്ഷ്യസംസ്കരണ സംരംഭത്തിന്റെ ചരിത്രം 1995ല്‍ ഒഡിഷയില്‍ തുടങ്ങിയതാണ്. മലതി ഫുഡ് പ്രോഡക്‌ട്സില്‍ വിവിധ ഇനം ചെറുധാന്യങ്ങള്‍ വൃത്തിയാക്കുകയും പൊടിക്കുകയും സംസ്കരിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്യുന്നു. ആവശ്യമായ ഗുണനിലവാരം കൈവരിക്കുന്നതിന് വിശ്വസനീയമായ യന്ത്രങ്ങളുടെ അഭാവം ഏറെക്കാലം തടസ്സമായിരുന്നു.

2024ല്‍ പദ്ധതിയുമായി ചേർന്നതോടെ സ്ഥിതി മാറി. ഒൻപത് ലക്ഷം രൂപയിലധികം മൂലധന സബ്സിഡി ലഭിച്ചതോടെ മികച്ച സംസ്കരണ യന്ത്രങ്ങളില്‍ നിക്ഷേപിക്കാൻ കഴിഞ്ഞു. ഇതോടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയർന്നു. വില്‍പ്പന ഏകദേശം 40 ശതമാനം വർധിച്ചു.

ആമസോണിലേക്കും ഫ്ലിപ്കാർട്ടിലേക്കും വിപണനം വ്യാപിപ്പിച്ചു. വ്യാപാരമേളകളിലെ പങ്കാളിത്തം കൂടുതല്‍ പരിചയവും അറിവും വിപണി ബന്ധങ്ങളും നല്‍കി. ശക്തമായ ഉല്‍പാദന ശേഷിയും വിപണിയിലെ സാന്നിധ്യവും കൈവന്നതോടെ അടുത്ത വർഷം മുതല്‍ കയറ്റുമതി സാധ്യതകള്‍ പരിശോധിക്കാനാണ് മലതി ഫുഡ് പ്രോഡക്‌ട്സിന്റെ പദ്ധതി. ഏകദേശം മൂന്ന് പതിറ്റാണ്ടായി തുടരുന്ന സംരംഭം ഇതോടെ രാജ്യത്തിന് പുറത്തേക്കുള്ള വിപണിയിലേക്കും കണ്ണുവയ്ക്കുകയാണ്.

ബസാറില്‍ അവതരിപ്പിക്കപ്പെട്ട ഈ അനുഭവങ്ങള്‍ വെറും വ്യാപാര വളർച്ചയുടെ കഥകളല്ല. അവസരവും സാമ്പത്തിക-സാങ്കേതിക പിന്തുണയും ലഭിക്കുമ്പോള്‍ ചെറിയ സംരംഭങ്ങള്‍ക്കും വലിയ വിപണികളിലേക്ക് വളരാനാകുമെന്നാണ് അവ കാണിക്കുന്നത്. ഇന്ത്യയുടെ പ്രാദേശിക രുചികളും പാരമ്പര്യ അറിവും പുതിയ സംരംഭക സാധ്യതകളായി മാറുന്നതിന്റെ നേർക്കാഴ്ച കൂടിയായി മൈക്രോ ഭക്ഷ്യസംസ്കരണ ബസാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi