ന്യൂഡല്‍ഹി, 2026 നവംബർ 24 -
ചോദ്യോത്തരവേള ഒഴിവാക്കാനാണോ കാലതാമസമെന്ന് ബേബി
പാർലമെന്റിന്റെ മഴക്കാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് നൂറിലേറെ ദിവസം കഴിഞ്ഞാണ് ഔദ്യോഗികമായി അവസാനിപ്പിച്ചതെന്നും ഇതിലൂടെ നരേന്ദ്ര മോദി സർക്കാർ ജനാധിപത്യ കീഴ്‌വഴക്കം ലംഘിച്ചെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ചൊവ്വാഴ്ച ആരോപിച്ചു.
പാർലമെന്റിന്റെ പരിശോധനയും ചോദ്യോത്തരവേളയും മനഃപൂർവം ഒഴിവാക്കാനാണോ കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം ചോദിച്ചു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞാല്‍ ഒരാഴ്ചയ്ക്കകം സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണ് പതിവെന്നും ഇത്രയും നീണ്ട കാലതാമസം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബേബി പ്രസ്താവനയില്‍ പറഞ്ഞു. സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ ശുപാർശ ചെയ്യാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. ആ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ചോദ്യങ്ങള്‍ നല്‍കാൻ എംപിമാർക്ക് സമയം കിട്ടുമോ
മഴക്കാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് നൂറിലേറെ ദിവസം പിന്നിട്ടിട്ടും പതിവുപോലെ ശീതകാല സമ്മേളനം ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ലെന്ന് ബേബി എക്‌സില്‍ കുറിച്ചു. മഴക്കാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ പാർലമെന്റ് വിളിച്ചുചേർത്താല്‍ അത് സാങ്കേതികമായി അതേ സമ്മേളനത്തിന്റെ തുടർച്ചയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ സ്പീക്കർക്ക് കുറഞ്ഞ സമയത്തെ അറിയിപ്പില്‍ സഭ വിളിച്ചുചേർക്കാനാകുമെന്നും എംപിമാർക്ക് ചോദ്യങ്ങള്‍ സമർപ്പിക്കാൻ വേണ്ടത്ര സമയം കിട്ടാതെ വരാമെന്നും ബേബി ചൂണ്ടിക്കാട്ടി. പാർലമെന്റ് വിളിച്ചുചേർക്കുന്നതിനുള്ള അറിയിപ്പിനും സമ്മേളനം തുടങ്ങുന്നതിനുമിടയില്‍ പതിവായി ലഭിക്കുന്ന 15 ദിവസമാണ് അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കി സമർപ്പിക്കാൻ അവസരം നല്‍കുന്നത്. ബിജെപി സർക്കാർ ചോദ്യോത്തരവേള പൂർണമായി ഒഴിവാക്കാനോ കഴിയുന്നത്ര കുറയ്ക്കാനോ ആഗ്രഹിക്കുന്നുണ്ടാകാമെന്നും ബേബി ആരോപിച്ചു.
സർവകക്ഷി യോഗം വിളിക്കാത്തതിലും വിമർശനം
അസാധാരണമായ കാലതാമസം ചർച്ച ചെയ്യാനും പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാനും സർക്കാർ സർവകക്ഷി യോഗം വിളിക്കേണ്ടിയിരുന്നുവെന്ന് ബേബി പറഞ്ഞു. ജനാധിപത്യത്തില്‍ ഭരണകക്ഷിയെപ്പോലെ പ്രതിപക്ഷ പാർട്ടികളും പാർലമെന്റിന്റെ ഭാഗമാണ്. സർക്കാർ ജനാധിപത്യ കീഴ്‌വഴക്കങ്ങള്‍ പാലിച്ച് ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിനും ജനാധിപത്യ രീതികളില്‍ വിശ്വാസമില്ലെന്നും ആരോഗ്യകരമായ പാർലമെന്ററി കീഴ്‌വഴക്കങ്ങള്‍ ഭരണനേതൃത്വത്തിന് അന്യമാണെന്നും ബേബി ആരോപിച്ചു. സർക്കാർ ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ടതാണെന്നും സ്വന്തം നടപടികള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശീതകാല സമ്മേളനത്തെ ചൊല്ലി അഭ്യൂഹങ്ങള്‍
മഴക്കാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ വൈകിയതിനെച്ചൊല്ലിയുള്ള വിവാദം ശീതകാല സമ്മേളനത്തിനായുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്കിടയാക്കി. മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും പുതിയ നിയമനിർമാണ നീക്കമുണ്ടാകുമോ എന്ന ചർച്ചയും ഉയർന്നു.
പഴയ റെക്കോർഡ് മറികടന്ന് 101 ദിവസത്തെ ഇടവേള
ഓഗസ്റ്റ് 13നാണ് മഴക്കാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. 101 ദിവസത്തിനുശേഷം നവംബർ 22ന് സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചു. പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഇടവേളയാണിത്. 2008ലെ 87 ദിവസത്തെ റെക്കോർഡാണ് മറികടന്നത്. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞശേഷം സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ ഭരണഘടന പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഭരണഘടനയുടെ 85ാം അനുച്ഛേദപ്രകാരം കേന്ദ്രസർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പാർലമെന്റിന്റെ ഏതു സഭയുടെയും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്.

