ന്യൂഡല്‍ഹി, 2026 സെപ്റ്റംബർ 1 -
ഓഗസ്റ്റില്‍ രാജ്യത്തെ യുപിഐ ഇടപാടുകളുടെ മൂല്യം 29.82 ലക്ഷം കോടി രൂപയിലെത്തി.
ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിന് തൊട്ടടുത്താണിത്. മേയ്, ജൂലൈ മാസങ്ങളില്‍ രേഖപ്പെടുത്തിയ 29.9 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോർഡ്. നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് സെപ്റ്റംബർ ഒന്നിന് കണക്കുകള്‍ പുറത്തുവിട്ടത്.
ഇടപാടുകളുടെ എണ്ണത്തില്‍ പുതിയ റെക്കോർഡ്
ഓഗസ്റ്റില്‍ 2451 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണത്തില്‍ ഇത് പുതിയ റെക്കോർഡാണ്. ജൂലൈയിലെ 2366 കോടിയില്‍നിന്നാണ് ഈ വർധന. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1963 കോടിയുമായി താരതമ്യംചെയ്യുമ്പോള്‍ ഇടപാടുകളുടെ എണ്ണം 22 ശതമാനം ഉയർന്നു. രക്ഷാബന്ധൻ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും ആളുകള്‍ തമ്മിലുള്ള പണമിടപാടുകളും ചെറിയ സമ്മാനത്തുക കൈമാറ്റവും വളർച്ചയ്ക്ക് സഹായിച്ചു.
യുപിഐയുടെ രാജ്യാന്തര സാന്നിധ്യവും വർധിക്കുന്നു
കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ഇടപാടുകളുടെ മൂല്യം 24.85 ലക്ഷം കോടി രൂപയായിരുന്നു. ഇക്കുറി 20 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യുപിഐ ഇപ്പോള്‍ 11 രാജ്യങ്ങളില്‍ സ്വീകരിക്കുന്നുണ്ട്. ഉസ്‌ബെക്കിസ്ഥാനാണ് പുതുതായി പട്ടികയില്‍ ചേർന്നത്. ആഘോഷകാലവും യുപിഐ വഴിയുള്ള വായ്പാസൗകര്യം വ്യാപിക്കുന്നതും വരുംമാസങ്ങളിലെ വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

