ന്യൂഡല്‍ഹി 2026 / സെപ്റ്റംബർ 19
രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളില്‍ പുതുതായി നിയമനം ലഭിച്ച 51,000ത്തിലധികം യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനക്കത്തുകള്‍ വിതരണം ചെയ്തു.
ഇരുപതാമത് റോസ്ഗാർ മേളയുടെ ഭാഗമായി സെപ്റ്റംബർ 19ന് വീഡിയോ കോണ്‍ഫറൻസിലൂടെയായിരുന്നു പരിപാടി. വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ കേന്ദ്രത്തില്‍ യുവശക്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍
യുവാക്കള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് റോസ്ഗാർ മേള വ്യക്തമാക്കുന്നതെന്ന് മോദി പറഞ്ഞു. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ പുതുതായി സർക്കാർ സേവനത്തിലെത്തുന്ന യുവാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ഭരണതീരുമാനവും യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് വഴിതുറക്കുന്നതാകണമെന്നും മോദി ആവശ്യപ്പെട്ടു.
നാല്‍പ്പതോളം രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍
നാല്‍പ്പതോളം രാജ്യങ്ങളുമായി ഇന്ത്യ നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കരാറുകള്‍ ഇന്ത്യൻ സംരംഭകർക്ക് പുതിയ വിപണികളും പങ്കാളിത്തങ്ങളും നല്‍കും. സംരംഭകർ, കർഷകർ, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരെ ആഗോള സഹകരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ബ്രിക്സ് കണക്‌ട്, ബ്രിക്സ് ചെറുകിട-ഇടത്തരം സംരംഭ സഹകരണ പോർട്ടല്‍ തുടങ്ങിയ പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരം ഐ.ടി.ഐകള്‍ നവീകരിക്കും
മാറുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ വിദ്യാഭ്യാസവും തൊഴില്‍നൈപുണ്യവും യുവാക്കള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമമെന്ന് മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം, സ്‌കില്‍ ഇന്ത്യ മിഷൻ, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം.-സേതു പദ്ധതിയിലൂടെ 60,000 കോടി രൂപ നിക്ഷേപിച്ച് ആയിരം സർക്കാർ ഐ.ടി.ഐകള്‍ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ നവീകരിക്കുമെന്നും അറിയിച്ചു.
സ്റ്റാർട്ടപ്പുകളുടെ പകുതിയോളം ചെറുനഗരങ്ങളില്‍
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് സംവിധാനമായി ഇന്ത്യ മാറിയെന്നും അംഗീകൃത സ്റ്റാർട്ടപ്പുകളുടെ പകുതിയോളം രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറിയ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും യുവാക്കള്‍ പുതിയ കമ്പനികള്‍ ആരംഭിക്കുകയും തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിലൂടെ രണ്ട് കോടി യുവാക്കളെ ആദ്യമായി ഔപചാരിക തൊഴില്‍ മേഖലയിലെത്തിക്കാനാണ് ലക്ഷ്യമെന്നും പറഞ്ഞു.
സർക്കാർ സേവനത്തില്‍ പൗരനാണ് പ്രധാനം
പുതിയ സർക്കാർ ജീവനക്കാർ തുടർച്ചയായി നൈപുണ്യം മെച്ചപ്പെടുത്തണമെന്നും പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കണമെന്നും മോദി ആവശ്യപ്പെട്ടു. മിഷൻ കർമയോഗി പദ്ധതിയും കർമയോഗി പ്രാരംഭ പരിശീലനവും ഇതിനായി ഉപയോഗിക്കാം. പൗരന്മാരോടുള്ള പെരുമാറ്റം, കാര്യക്ഷമത, സത്യസന്ധത, കരുതല്‍ എന്നിവയാണ് സർക്കാരിനെക്കുറിച്ചുള്ള പൊതുജന അനുഭവം നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'നാഗരിക് ദേവോ ഭവ' എന്ന സമീപനം സർക്കാർ സേവനത്തിന്റെ അടിസ്ഥാനമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
