Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സോണ്‍ നദീജലത്തില്‍ സമവായം; ഇരുസംസ്ഥാനങ്ങളും ധാരണാപത്രം ഒപ്പിട്ടു

സോണ്‍ നദീജലത്തില്‍ സമവായം; ഇരുസംസ്ഥാനങ്ങളും ധാരണാപത്രം ഒപ്പിട്ടു

Samadarsi 2 weeks ago

ന്യൂഡല്‍ഹി, 2026 സെപ്റ്റംബർ 1 -

സോണ്‍ നദിയിലെ ജലം പങ്കിടാൻ ബിഹാറും ഝാർഖണ്ഡും 2026 ഓഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ ധാരണാപത്രം ഒപ്പിട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ഇതോടെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള 25 വർഷത്തെ ജലവിഹിതത്തർക്കത്തിന് പരിഹാരമായി.

മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിയും പങ്കെടുത്തു

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീല്‍, ബിഹാർ ഉപമുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ചർച്ചയിലൂടെയും സഹകരണ ഫെഡറലിസത്തിലൂടെയുമാണ് തർക്കം പരിഹരിച്ചതെന്ന് അമിത് ഷാ പറഞ്ഞു.

ലക്ഷക്കണക്കിന് കർഷകർക്ക് ജലസേചനസൗകര്യം

കരാർ നടപ്പാകുന്നതോടെ ബിഹാറിലെയും ഝാർഖണ്ഡിലെയും വലിയ ഗ്രാമീണമേഖലകളില്‍ ലക്ഷക്കണക്കിന് കർഷകർക്ക് ജലസേചനത്തിനാവശ്യമായ വെള്ളം ലഭിക്കും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് മതിയായ കുടിവെള്ളം ഉറപ്പാക്കാനും ധാരണ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഗ്രാമീണ വികസനത്തിനും ഇത് പുതിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തല്‍.

ബിഹാറിലെ എട്ട് ജില്ലകള്‍ക്ക് പ്രയോജനം

ബിഹാറിലെ ഭോജ്പുർ, ബക്സർ, റോഹ്താസ്, കൈമൂർ, ഔറംഗാബാദ്, അർവാള്‍, ഗയ, പട്ന ജില്ലകളില്‍ കുടിവെള്ളവും ജലസേചനജലവും കൂടുതല്‍ ലഭ്യമാകും. ഝാർഖണ്ഡിലെ പലാമു, ഗഢ്‌വ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കും കരാർ പ്രയോജനപ്പെടും.

ഈ വർഷത്തെ നാലാമത്തെ അന്തർസംസ്ഥാന ജലക്കരാർ

ഈ വർഷം സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന നാലാമത്തെ ജലവിഹിത ധാരണയാണിതെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങള്‍ 'ടീം ഭാരത്' എന്ന നിലയില്‍ ഒരുമിച്ച്‌ പ്രവർത്തിച്ചാല്‍ സങ്കീർണമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi