Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തമിഴ്നാട്ടിലെ 52 ക്ഷേത്രങ്ങളില്‍ സ്മാര്‍ട്ട്ഫോണിന് വിലക്ക്; സൂക്ഷിക്കാൻ അഞ്ച് രൂപ നല്‍കണം

തമിഴ്നാട്ടിലെ 52 ക്ഷേത്രങ്ങളില്‍ സ്മാര്‍ട്ട്ഫോണിന് വിലക്ക്; സൂക്ഷിക്കാൻ അഞ്ച് രൂപ നല്‍കണം

Samadarsi 2 weeks ago

ചെന്നൈ, 2026 സെപ്റ്റംബർ 02 -

മിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ സ്മാർട്ട്ഫോണ്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തി.

ചൊവ്വാഴ്ച മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വന്നു. സ്മാർട്ട്ഫോണുമായി എത്തുന്ന ഭക്തർ ക്ഷേത്ര പ്രവേശന കവാടത്തിലെ പ്രത്യേക കൗണ്ടറില്‍ ഫോണ്‍ ഏല്‍പ്പിക്കണം. ഒരു ഫോണിന് അഞ്ച് രൂപയാണ് ഈടാക്കുക. എന്നാല്‍ ക്യാമറയില്ലാത്ത മൊബൈല്‍ ഫോണുകള്‍ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുപോകാം.

ഹിന്ദു മത-ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് മന്ത്രി രമേഷാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ക്ഷേത്രത്തിനുള്ളില്‍ പ്രത്യേകിച്ച്‌ യുവാക്കള്‍ ചിത്രങ്ങള്‍ എടുക്കുന്നതും വീഡിയോകളും റീലുകളും ചിത്രീകരിക്കുന്നതും സംബന്ധിച്ച പരാതികളാണ് നടപടിക്ക് പിന്നില്‍. മദ്രാസ് ഹൈക്കോടതിയുടെ നേരത്തെയുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഭക്തർക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ ആരാധന നടത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് അറിയിച്ചു.

സ്മാർട്ട്ഫോണ്‍ സ്വീകരിക്കാൻ ക്ഷേത്രങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍ ഏല്‍പ്പിക്കുമ്പോള്‍ രസീതോ പ്ലാസ്റ്റിക് ടോക്കണോ നല്‍കും. തിരികെ വാങ്ങുമ്പോള്‍ ഇത് ഹാജരാക്കണം. തിരക്കേറിയ ക്ഷേത്രങ്ങളില്‍ നീണ്ട ക്യൂ ഒഴിവാക്കാൻ ആവശ്യമെങ്കില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും നിർദേശിച്ചിട്ടുണ്ട്.

കാഞ്ചീപുരത്ത് രാവിലെ ആറുമുതല്‍ സംവിധാനം

കാഞ്ചീപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി-അത്തി വരദർ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ പുതിയ സംവിധാനം ആരംഭിച്ചു. ഫോണുകള്‍ സ്വീകരിക്കാൻ രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെയും രണ്ട് സഹായികളെയും നിയോഗിച്ചു. ഭക്തന്റെ ചിത്രം, മൊബൈല്‍ ഫോണ്‍ മോഡല്‍, ഫോണ്‍ നമ്പർ എന്നിവ രേഖപ്പെടുത്തും. ടോക്കണ്‍ ഹാജരാക്കി വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫോണ്‍ തിരികെ നല്‍കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി

2022 ഡിസംബർ രണ്ടിലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർദേശമെന്ന് വകുപ്പ് അറിയിച്ചു. തിരുച്ചെന്തൂരിലെ അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്മാർട്ട്ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട പൊതുതാല്‍പര്യ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാനും സുരക്ഷിതമായി സൂക്ഷിക്കാൻ സംവിധാനം ഒരുക്കാനും നേരത്തെയും സർക്കുലറുകള്‍ നല്‍കിയിരുന്നു.

ദേവതകളുടെ ചിത്രങ്ങളും ചടങ്ങുകളുടെ വീഡിയോകളും പാടില്ല

ക്ഷേത്രത്തിനുള്ളില്‍ ദേവതകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനും ആചാരങ്ങളും ചടങ്ങുകളും റെക്കോർഡ് ചെയ്യുന്നതിനും വിലക്കുണ്ട്. പ്രമുഖ വ്യക്തികള്‍, പൊതുപ്രവർത്തകർ, സിനിമാതാരങ്ങള്‍ തുടങ്ങിയവർ ഉള്‍പ്പെടുന്ന ചിത്രീകരണത്തിനും അനുമതി നല്‍കരുതെന്നാണ് നിർദേശം. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്കുണ്ടെന്ന് പ്രവേശന കവാടങ്ങളിലും ക്ഷേത്രപരിസരത്തും ബോർഡുകള്‍ സ്ഥാപിക്കണം. ഉച്ചഭാഷിണിയിലൂടെയും നിയന്ത്രണം അറിയിക്കണം.

അഞ്ച് രൂപ വരുമാനമുണ്ടാക്കാനല്ലെന്ന് സർക്കാർ

ഫോണ്‍ സൂക്ഷിക്കാൻ ഈടാക്കുന്ന അഞ്ച് രൂപ വരുമാനം നേടാനുള്ളതല്ലെന്ന് മന്ത്രി രമേഷ് വ്യക്തമാക്കി. 52 ക്ഷേത്രങ്ങളിലും പ്രത്യേക ജീവനക്കാരെ നിയമിക്കല്‍, സുരക്ഷാ ലോക്കറുകള്‍ ഒരുക്കല്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ ചെലവിനാണ് തുക ഉപയോഗിക്കുക. അതേസമയം വിലകൂടിയ സ്മാർട്ട്ഫോണുകളുടെ സുരക്ഷയും കൗണ്ടറുകളില്‍ നീണ്ട ക്യൂ ഉണ്ടാകാനുള്ള സാധ്യതയും സംബന്ധിച്ച്‌ ചില ഭക്തരും ക്ഷേത്ര ജീവനക്കാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi