കണ്ണൂർ, 2026 ഓഗസ്റ്റ് 29 -
പയ്യന്നൂർ എംഎല്‍എ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞെന്നും ആ വോട്ടുകള്‍ വി കുഞ്ഞികൃഷ്ണന് ലഭിച്ചെന്നും രാഗേഷ് ആരോപിച്ചു. ബിജെപിയുമായി വി കുഞ്ഞികൃഷ്ണൻ ഡീല്‍ ഉണ്ടാക്കിയോയെന്നും അദ്ദേഹം ചോദിച്ചു.
ഫണ്ട് ആരോപണത്തിലും മറുപടി
ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന പേരില്‍ വി കുഞ്ഞികൃഷ്ണൻ നുണപ്രചാരണം നടത്തിയെന്നും രാഗേഷ് ആരോപിച്ചു. ഫണ്ട് വിവരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാലതാമസമുണ്ടായെന്ന് സമ്മതിച്ച സിപിഐഎം, എന്നാല്‍ ഒരു രൂപ പോലും ആരും വെട്ടിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ടി ഐ മധുസൂദനനെ രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്ന ആളായി ചിത്രീകരിച്ചെന്നും രാഗേഷ് കുറ്റപ്പെടുത്തി.
'ധനരാജിന്റെ പേര് ഇനി പറയരുത്'
ധനരാജിനെ കൊലപ്പെടുത്തിയവരുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു കുഞ്ഞികൃഷ്ണനെതിരായ രാഗേഷിന്റെ ആരോപണം. ധനരാജിന്റെ പേര് ഇനി കുഞ്ഞികൃഷ്ണൻ ഉച്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മധുസൂദനനെതിരെ നുണപ്രചാരണം നടത്തിയതിന് കുഞ്ഞികൃഷ്ണനെക്കൊണ്ട് കോടതിയില്‍ മറുപടി പറയിപ്പിക്കുമെന്നും രാഗേഷ് വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തില്‍ പിഴവുണ്ടായി
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തില്‍ പിഴവ് സംഭവിച്ചെന്ന് സിപിഐഎം അംഗീകരിച്ചിട്ടുണ്ടെന്നും രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസമുണ്ടായതാണ് തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

