Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുക്രെയ്നില്‍ റഷ്യൻ ആക്രമണം; ഇന്ത്യക്കാരൻ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

യുക്രെയ്നില്‍ റഷ്യൻ ആക്രമണം; ഇന്ത്യക്കാരൻ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

Samadarsi 1 week ago

കീവ്, 2026 സെപ്റ്റംബർ 1 -

യുക്രെയ്ന്റെ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ നടത്തിയ പുതിയ ആക്രമണങ്ങളില്‍ ഒരു ഇന്ത്യൻ പൗരൻ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടു.

നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറിന് തുടങ്ങിയ ആക്രമണം ചൊവ്വാഴ്ച രാവിലെയും തുടർന്നു. ബാലിസ്റ്റിക്, ക്രൂസ്, ആന്റി റഡാർ മിസൈലുകള്‍ക്കൊപ്പം 218 ഡ്രോണുകളും ഡിക്കോയികളും റഷ്യ ഉപയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

കീവില്‍ ഏഴുപേർ കൊല്ലപ്പെട്ടു

കീവിലെ റെയില്‍വേ ഡിപ്പോയിലുണ്ടായ ആക്രമണത്തില്‍ ഏഴുപേർ കൊല്ലപ്പെട്ടു. ബോറിസ്പിലില്‍ അഞ്ച് നില പാർപ്പിട കെട്ടിടത്തിന് കേടുപാടുണ്ടായി. ഇവിടെ നിന്ന് 50 പേരെ ഒഴിപ്പിച്ചു. നഗരത്തില്‍ നാലുപേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീവ്, ഒഡേസ, ഖെർസണ്‍, ഡൊണെറ്റ്സ്ക്, സപൊറീഷ്യ, ഖാർകീവ് ഉള്‍പ്പെടെ നിരവധി മേഖലകളിലാണ് ആക്രമണമുണ്ടായത്.

199 വ്യോമലക്ഷ്യങ്ങള്‍ തകർത്തതായി യുക്രെയ്ൻ

റഷ്യയുടെ 199 വ്യോമലക്ഷ്യങ്ങള്‍ തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്തതായി യുക്രെയ്ൻ അറിയിച്ചു. ഇതില്‍ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 187 ഡ്രോണുകളും ഉള്‍പ്പെടുന്നു. 28 സ്ഥലങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തി. തടഞ്ഞിട്ട വ്യോമലക്ഷ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പത്ത് സ്ഥലങ്ങളില്‍ വീണു. കീവിലും സമീപ മേഖലയിലുമായി രക്ഷാപ്രവർത്തനത്തിന് ഏകദേശം 350 പേരെ നിയോഗിച്ചതായും സെലൻസ്കി പറഞ്ഞു.

തുടർച്ചയായ ആറാം ദിവസവും ആക്രമണം

കീവിനെതിരായ റഷ്യൻ ആക്രമണം തുടർച്ചയായ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആരംഭിച്ച വ്യോമാക്രമണ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ആക്രമണങ്ങള്‍ തുടരുന്നത്. ഇതിനിടെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കണ്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നീങ്ങണമെന്നും പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പുതിയ ആക്രമണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi