Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവ നഴ്‌സിന്റെ ബലാത്സംഗക്കൊല; ഹൈദരാബാദില്‍ മെഴുകുതിരി തെളിച്ച്‌ പ്രതിഷേധം

യുവ നഴ്‌സിന്റെ ബലാത്സംഗക്കൊല; ഹൈദരാബാദില്‍ മെഴുകുതിരി തെളിച്ച്‌ പ്രതിഷേധം

Samadarsi 1 week ago

ഹൈദരാബാദ്, 2026 സെപ്റ്റംബർ 1 -

ഹൈദരാബാദിലെ തുക്കുഗുഡയില്‍ 21 വയസ്സുള്ള നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

തെലങ്കാന നഴ്‌സസ് അസോസിയേഷൻ അംഗങ്ങള്‍ തിങ്കളാഴ്ച ടാങ്ക് ബണ്ടിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപം മെഴുകുതിരി തെളിച്ച്‌ പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആശുപത്രി അധികൃതർ പരാജയപ്പെട്ടെന്നാണ് നഴ്‌സുമാരുടെ ആരോപണം. ആശുപത്രിക്കെതിരെയും കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

ആശുപത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യം

സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ 34 വയസ്സുള്ള ബൈക്ക് മെക്കാനിക് മുഹമ്മദ് സനാഉല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ താമസസ്ഥലത്തിന് സമീപത്തെ മെക്കാനിക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 28-നും 29-നും ഇടയിലുള്ള രാത്രിയില്‍ ജനല്‍ വഴി മുറിയില്‍ കയറിയ ഇയാള്‍ യുവതിയെ ആക്രമിച്ച്‌ കഴുത്തുഞെരിച്ച്‌ ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം

സ്വകാര്യ, കോർപ്പറേറ്റ് ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ സംരക്ഷണവും ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് ധനസഹായം നല്‍കണമെന്നും ആവശ്യമുണ്ട്. ആശുപത്രി മാനേജ്മെന്റിനെതിരെയും നടപടി വേണമെന്ന് നഴ്‌സുമാർ ആവശ്യപ്പെട്ടു.

മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഓഗസ്റ്റ് 29ന് യുവതി മുറിയില്‍ നിന്ന് പുറത്തുവരാതിരിക്കുകയും വിളിച്ചിട്ടും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെയാണ് സുഹൃത്തുക്കള്‍ അന്വേഷിച്ചത്. തുടർന്ന് ജനല്‍ വഴി മുറിയില്‍ പ്രവേശിച്ചപ്പോള്‍ മുഖത്ത് പരിക്കുകളോടെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടി. കേസില്‍ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക്

സംഭവത്തില്‍ ഭദ്രാചലത്തും വിദ്യാർഥി, ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കേസ് വേഗത്തില്‍ വിചാരണ ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ പിന്തുണ തുടരുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi