Saturday, 15 Feb, 10.05 pm സമകാലിക മലയാളം

കായികം
ഒടുവില്‍ ആ കലിപ്പെങ്കിലും അടക്കി; അവസാന ഹോം പോരില്‍ ബം​ഗളൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; സികെ വിനീതല്ല ഇനി ഒ​ഗ്ബചെ

കൊച്ചി: ഒടുവില്‍ ചിരവൈരികളായ ബം​ഗളൂരു എഫ്സിയെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. അതും സ്വന്തം തട്ടകത്തിലെ സീസണിലെ അവസാന ഐഎസ്‌എല്‍ പോരാട്ടത്തില്‍. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബ്ലാസ്റ്റേഴ്സ് ബം​ഗളൂരുവിനെ തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ​ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

കൊച്ചിയില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് മഞ്ഞപ്പട ബംഗളൂരു എഫ് സിയോടുള്ള കലിപ്പടക്കിയത്. ക്യാപ്റ്റന്‍ ഒഗ്ബചെയാണ് കേരളത്തിനായി രണ്ട് ​ഗോളുകളും വലയിലാക്കിയത്.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബംഗളൂരു ആണ് ആദ്യം ഗോളടിച്ചത്. 16ാം മിനുട്ടില്‍ ദെഷോണ്‍ ബ്രൗണ്‍ ആണ് ബംഗളൂരുവിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് കേരള ബ്ലാസ്റ്റേഴ്സ് സമനില നേടി. ഒഗ്ബചെ എടുത്ത ഫ്രീ കിക്ക് തടയാന്‍ ബം​ഗളൂരു ​ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിനായില്ല.

രണ്ടാം പകുതി തുടങ്ങി 72ാം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. മെസിയെ ബോക്സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഒഗ്ബചെ ഒരു പിഴവും ഇല്ലാതെ ലക്ഷ്യത്തില്‍ എത്തിച്ചു. ഒഗ്ബെചെയുടെ സീസണിലെ 13ാം ഗോളായിരുന്നു ഇത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആയി ഒ​ഗ്ബചെ മാറി. സികെ വിനീതിന്റെ 11 ​ഗോളുകളുടെ റെക്കോര്‍ഡാണ് ഒക്ബചെ പിന്തള്ളിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top