Friday, 24 Sep, 8.55 am സമകാലിക മലയാളം

കേരളം
രണ്ട് ബാച്ചാക്കും, സ്കൂളില്‍ പഠിപ്പിക്കുന്നത് വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈനായി കാണാം; ക്ലാസില്‍ വരാന്‍ നിര്‍ബന്ധിക്കില്ല

തിരുവനന്തപുരം; നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളും സംഘടനകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി മാര്‍​ഗരേഖ തയാറാക്കാന്‍ തീരുമാനം. തുടക്കത്തില്‍ ഉച്ചവരെ ക്ലാസ് മതിയെന്നാണ് നിര്‍ദേശം. പകുതി വിദ്യാര്‍ഥികള്‍ വീതമുള്ള ഓരോ ബാച്ചിനും ആഴ്ചയില്‍ 3 ദിവസം വീതം ക്ലാസ് നടത്താമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതു നടപ്പാക്കിയാല്‍ അധ്യാപകര്‍ 6 ദിവസം ക്ലാസ് എടുക്കണം.

ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ മതിയെന്നാണു മറ്റൊരു നിര്‍ദേശം.ഉച്ചഭക്ഷണമടക്കം സ്കൂളുകളില്‍ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബാച്ചിനു ക്ലാസ് എടുക്കുമ്ബോള്‍ വീട്ടിലിരിക്കുന്ന രണ്ടാമത്തെ ബാച്ചിന് ഓണ്‍ലൈനായി അതു കാണാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. അവര്‍ക്കു പിന്നീട് നേരിട്ടെത്തി സംശയനിവാരണം നടത്താം. ഇതു നടപ്പാക്കിയാല്‍ ക്ലാസ് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാം. കുട്ടികളെ നിര്‍ബന്ധിച്ച്‌ സ്കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്കൂളില്‍ പ്രവേശിപ്പിക്കുകയൊള്ളൂ. കൂടാതെ കുട്ടികളുടെ വീട്ടിലെ എല്ലാവര്‍ക്കും അതിവേ​ഗം രണ്ടു ഡോസ് വാക്സിനും നല്‍കും.

പൊതുവിദ്യാഭ്യാസ, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും അടങ്ങുന്ന സമിതിയാകും വിശദ പഠനത്തിനു ശേഷം റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖയും തയാറാക്കുക. റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചാകും അന്തിമ തീരുമാനമെന്നു മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. ഗതാഗതം, തദ്ദേശഭരണം, മരാമത്ത് തുടങ്ങിയ വകുപ്പുകളുമായി ചര്‍ച്ച നടത്തിയാകും മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുക. സ്കൂള്‍ മാനേജ്മെന്റുകള്‍, രാഷ്ട്രീയ, അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുമായും ചര്‍ച്ചയുണ്ടാകും. രക്ഷിതാക്കള്‍ക്ക് ആശങ്കയില്ലാത്ത വിധത്തിലാകും ക്രമീകരണമെന്നു മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വീണാ ജോര്‍ജും അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top