Thursday, 22 Apr, 4.35 pm സമകാലിക മലയാളം

മലയാളം വാരിക
'തിരിച്ച്‌ പോവണം എന്നുള്ളതുകൊണ്ട് മാത്രം മടങ്ങി'- വാരാണസി ദിനങ്ങള്‍

ഹസ്രാബ്ദങ്ങളായി എതിര്‍ശബ്ദമില്ലാതെ തുടരുന്ന ഭാരതത്തിന്റെ ആത്മീയ തലസ്ഥാനം എന്ന നിലയിലല്ല കാശി കാണണമെന്നു തോന്നിയത്. ലോകത്തിലെ തന്നെ അതിപുരാതന നഗരിയെന്നു വിശേഷണമുള്ള കാശി ഇപ്പോഴും ഏതാണ്ട് അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്ന കേട്ടറിവിനാലാണ്. ഇന്നില്‍ ചവിട്ടിനിന്ന് കണ്‍കാഴ്ചകളിലൂടെ സഹസ്രാബ്ദങ്ങള്‍ പിന്നിലേയ്ക്കു നടക്കുന്ന ഹരമാണ് ആത്മീയതയ്ക്ക് അപ്പുറം എന്നെ കാശിയിലെത്തിച്ചത്.

സമയക്കുറവ് കാരണം ഇത്തവണ യാത്ര കാലിക്കറ്റ്-മുംബൈ-വാരാണസി റൂട്ടിലൂടെ ആകാശമാര്‍ഗ്ഗമായിരുന്നു. രാവിലെ ഒന്‍പത് മണിക്ക് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ എത്തി. ചെക്കിന്‍ ചെയ്ത് മുംബൈ ഫ്‌ലൈറ്റ് കാത്തിരിക്കുമ്ബോള്‍ യാത്രക്കാരില്‍ ചീനമുഖമുള്ള വിദേശികള്‍ മാസ്‌ക്കും തൂവാലയും കൊണ്ട് മുഖം മറച്ചിരിക്കുന്നത് കൗതുകത്തോടെയാണ് കണ്ടത്. ചൈനയിലെ വുഹാനില്‍നിന്ന് കൊറോണ വൈറസ് ലോകസഞ്ചാരത്തിന് ഇറങ്ങിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അന്ന്. ചൈനയെ മാത്രം ബാധിക്കുന്ന എന്തോ ഒരു രോഗം എന്നായിരുന്നു ധാരണയും. ഈ യാത്രയ്ക്കുശേഷം യാത്രകള്‍ക്ക് ദീര്‍ഘമായ ഇടവേള വരാന്‍ പോവുകയാണെന്നും കൊറോണ ലോകം കീഴ്മേല്‍ മറിച്ചിടാന്‍ പോവുകയാണെന്നും യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.

മുംബൈ വിമാനത്താവളത്തില്‍ നാലു മണിക്കൂര്‍ കാത്തിരിപ്പ് ഉണ്ടെന്നു കേട്ടപ്പോള്‍ ഈ നാലു മണിക്കൂര്‍ നേരം എങ്ങനെ കളയുമെന്നു കരുതിയതിന് മുംബൈ വിമാനത്താവളം തന്നെ ഉത്തരം തന്നു. കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ക്കിടയിലെ പരക്കംപാച്ചില്‍ ഒഴിവാക്കാന്‍ ഇത്രയും സമയം ആവശ്യമല്ല, അത്യാവശ്യമാണ്.

വാരാണസി ഫ്‌ലൈറ്റിനു ചെക്കിന്‍ ചെയ്ത് ഒന്നു ഫ്രഷായി വന്നു ഭക്ഷണമൊക്കെ കഴിച്ചപ്പോഴേക്കും വാരാണസി ഫ്‌ലൈറ്റ് ആളെ എടുത്ത് തുടങ്ങിയിരുന്നു.

വിമാനം ടേക്ക്‌ഓഫ് ചെയ്യുമ്ബോള്‍ ഒപ്പം പറന്നുപൊന്തുന്ന മുംബൈയിലെ പക്ഷിപ്പട. വിമാനക്കാഴ്ചയിലേയ്ക്കു കണ്ണുനടാന്‍ സൗകര്യമില്ലാത്ത മുംബൈ നഗരത്തെ താഴെയാക്കി വിമാനം പറന്നുപൊന്തി. ഉയര്‍ന്നുപൊന്തിയതും ഇതുവരെയുള്ള യാത്രകളിലൊന്നും കേള്‍ക്കാത്തവിധം ഭീതിദമായൊരു യന്ത്രമുരള്‍ച്ചയും ലോഹത്തകിട് ഉരസുന്നപോലുള്ള ശബ്ദവും കേട്ട് ഉള്ളാന്തി. കാശിയൊരു മോക്ഷനഗരിയാണ്. കാശി എന്നു വിചാരിച്ചപ്പോഴേയ്ക്കും മോക്ഷം കിട്ടുമോ എന്ന ഉള്ളാന്തല്‍. അരമണിക്കൂര്‍ കഴിയേണ്ടിവന്നു ശബ്ദകോലാഹലമടങ്ങി വിമാനം ശാന്തമാവാന്‍. നെഞ്ചിലെ ഭയമടങ്ങാന്‍ പിന്നെയും ഏറെ നേരമെടുത്തു.

തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് യു.പിയിലെ പൊലീസുകാരനാണെന്നു മനസ്സിലായി. കാശിയാത്ര തീരുമാനിച്ചതില്‍പ്പിന്നെ അലട്ടിയ പ്രധാന പ്രശ്‌നം കാശിയില്‍ എത്തുന്ന നേരമായിരുന്നു. രാത്രി 8.45. ഋയഴഃ എയര്‍പോര്‍ട്ടിലെ കലാപരിപാടികള്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഒന്‍പതര മണിയാവും. താമസസ്ഥലത്തേക്ക് 25 കിലോമീറ്റര്‍ ദൂരമുണ്ടുതാനും. രാത്രിയിലെ യാത്ര യു.പിയില്‍ സുരക്ഷിതമല്ല എന്ന തോന്നല്‍ യു.പി പൊലീസുകാരനോട് തന്നെ ചോദിച്ചു. അയാള്‍ക്കത് അത്ര ഇഷ്ടമായില്ല. കാശി കാണാന്‍ ഇറങ്ങിയ നിലയ്ക്ക് കണ്ടല്ലേ പറ്റൂ എന്ന മറുചോദ്യമാണ് കിട്ടിയത്. ഞാന്‍ പിന്നെയും ചികഞ്ഞ് ചോദിക്കാനാണ് ഭാവം എന്നുകണ്ട് അയാള്‍ ''യു.പി ഈസ് സേഫ്'' എന്ന ഒറ്റവാചകം പറഞ്ഞു കനപ്പിച്ചിരുന്നു. ഇനിയൊരക്ഷരം അങ്ങോട്ട് വേണ്ട. ഇങ്ങോട്ട് ഇല്ലതാനും എന്ന മട്ടില്‍. അയാളില്‍നിന്നുയര്‍ന്ന കടുകെണ്ണയും ഉള്ളിയും പരിചിതമല്ലാത്ത മസാലക്കൂട്ടുകളും ചേര്‍ന്ന വിയര്‍പ്പുഗന്ധം ഉത്തരേന്ത്യയെ അനുഭവിപ്പിച്ചുകൊണ്ടിരുന്നു.

വാരാണസി അടുക്കാറായെന്ന അറിയിപ്പു കേട്ടപ്പോള്‍ താഴേയ്ക്കു നോക്കി. രാത്രിയിരുള്‍ക്കാളിമയില്‍ വൈദ്യുതവിളക്കുകള്‍ നക്ഷത്രമാലകള്‍ തീര്‍ക്കുന്ന അതിരുകളിലൂടെ ഗംഗ പ്രൗഢയായൊഴുകുന്നു. ഒരിക്കല്‍ ആകാശഗംഗയായിരുന്ന ഗംഗയെ, ആകാശത്തിരുന്നു ഭൂഗംഗയായി കണ്‍നിറയെ കണ്ടു.

ശിവന്റെ ത്രിശൂലത്തില്‍ സ്ഥിതിചെയ്യുന്ന നഗരം എന്ന നിലയിലാണ് വാരാണസിയെ കണക്കാക്കുന്നത്.
പുതുതായി പണി കഴിപ്പിച്ച ബസ്സ് സ്റ്റാന്റ് പോലുണ്ട് വാരാണസി എയര്‍പോര്‍ട്ട്. ബസൊന്നുമില്ല. നമ്മുടെ ഹാന്‍ഡ് ലഗേജും താങ്ങി നമ്മള്‍തന്നെ നടക്കണം. ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ പേരിലുള്ള ഈ വിമാനത്താവളം ചെറുതാണെങ്കിലും വലുതും ചെറുതുമായി നാലഞ്ചു വിമാനങ്ങള്‍ കിടക്കുന്നുണ്ട് അവിടെയും ഇവിടെയും ആയി.

വാരാണസിയുടെ നാഥന്‍ ശിവന്റേയും പിന്നെ ഗംഗയുടേയും അവളുടെ ഭംഗിയാര്‍ന്ന ഘാട്ടുകളുടേയും ചിത്രങ്ങള്‍ വരച്ച എയര്‍പോര്‍ട്ടിന്റെ ഉള്‍വശം അത്ര മോശമൊന്നുമല്ല. വേഗം തന്നെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങാനായി. ഇനി അടുത്ത കടമ്ബ മുന്‍പേ പറഞ്ഞേല്പിച്ച വാഹനവും ഡ്രൈവറേയും കണ്ടെത്തുകയെന്നതാണ്. ''എന്താണ് അവന്റെ പേര് പറഞ്ഞത്? ബിബിന്‍ എന്നല്ലേ?'' എന്നു ഞാന്‍ ഫോണില്‍ വിളിച്ച്‌ ചോദിച്ചതും തൊട്ടടുത്ത് നിന്നിരുന്ന 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് കുസൃതിയോടെ പറഞ്ഞു: ''മേം സാബ് മേം ഹും ബിബിന്‍.'' എന്നിട്ടും ഇവനെ പറഞ്ഞേല്പിച്ചവനെ വിളിച്ച്‌ അവന്‍ തന്നെയിവന്‍ എന്ന് ഉറപ്പുവരുത്തിയശേഷമാണ് കാറില്‍ കയറിയത്. മറ്റൊന്നും കൊണ്ടല്ല ഉത്തരേന്ത്യയോടുള്ള പേടികൊണ്ട്. രാത്രി ഇത്ര വൈകി യാത്ര ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന ഒറ്റ ചോദ്യമേ എനിക്കവനോട് ചോദിക്കേണ്ടിവന്നുള്ളൂ. വാരാണസിയുടെ ഗുണഗണം വാഴ്ത്തി അവന്റെ വായ താമസസ്ഥലം എത്തുംവരെ കൂടിയില്ല. സ്‌കൂള്‍ പ്രായക്കാരിയായ അവന്റെ ഭാര്യ അതിസുന്ദരിയാണെന്ന് അവന്‍ ആരാധനയോടെ പറഞ്ഞപ്പോഴും ജോലിചെയ്തു കിട്ടുന്ന കാശുകൊണ്ട് അവളെ പഠിപ്പിക്കാന്‍ അയക്കുന്നുണ്ട് എന്നു പറഞ്ഞപ്പോഴും അവനോട് ചെറുതല്ലാത്ത ബഹുമാനം തോന്നി.

ഗംഗ എന്ന ആഹ്ലാദം

ഫെബ്രുവരി തണുപ്പ് കാലമാണ് വാരാണസിയില്‍. യാത്ര ഒരു ഗലിയിലെ ഹോട്ടലിനു മുന്നില്‍ അവസാനിച്ചു. താമസം പറഞ്ഞേല്പിച്ച ഹോട്ടലില്‍ ഭക്ഷണശാല തുറന്നിട്ടില്ലാത്തതിനാല്‍ കേരള കഫേ എന്ന പ്രശസ്തമായ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കാമെന്ന് ബിബിന്‍ പറഞ്ഞു. ഭക്ഷണം കഴിച്ചുതീരുമ്ബോഴേയ്ക്ക് താമസം ഏര്‍പ്പാടാക്കിയ ഹോട്ടലിലെ മാനേജര്‍ വരുമെന്നും ബില്ല് അയാള്‍ പേ ചെയ്‌തോളുമെന്നും പറഞ്ഞു. കേരള കഫേയിലെ വിഭവങ്ങള്‍ക്ക് അത്യാവശ്യം നല്ല ബില്ലുണ്ട്. പേര് കേരള കഫേ എന്നാക്കി സൗത്ത് ഇന്ത്യന്‍ വിഭവങ്ങളും ഉണ്ടെന്നേ ഉള്ളൂ. ഉത്തരേന്ത്യന്‍ രീതിയിലാണ് പാചകവും രുചികളും. കഴിച്ചുതീര്‍ന്നപ്പോഴേയ്ക്ക് ബിബിന്‍ പറഞ്ഞപോലെ മാനേജര്‍ വന്നു. അയാളുടെ ഹോട്ടലില്‍നിന്നു ഭക്ഷണം തരാന്‍ പറ്റാതിരുന്നതിനു നിര്‍വ്യാജം ഖേദിച്ചു. മൃദുഭാഷിയായ ഒരാള്‍. കേരള കഫേയില്‍നിന്നു പത്ത് മിനിട്ട് തികച്ചുവേണ്ട ഞങ്ങള്‍ താമസം ബുക്ക് ചെയ്ത ഹോട്ടലില്‍ എത്താന്‍. അഴുക്കും ചാണകവും തെരുവ് ഭക്ഷണശാലകളും നിറഞ്ഞ ഒരു ഗലിയില്‍ യാത്ര അവസാനിച്ചു. അവിടുന്നങ്ങോട്ട് നടക്കണം. ടു വീലര്‍ മാത്രം പോവുന്ന വഴിയാണ്. ചുറ്റുപാടൊക്കെ കണ്ടപ്പോള്‍ ആകെ പെട്ടപോലെ ഒരു തോന്നല്‍. അതുകൊണ്ട് ലഗേജ് എടുക്കാതെ വണ്ടിയില്‍നിന്നിറങ്ങി. ബുക്ക് ചെയ്തതാണെങ്കിലും നേരിട്ടു കണ്ടശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന തോന്നലില്‍. ഊടുവഴിയിലൂടെ രണ്ട് മിനിട്ട് നടന്നതും ഹോട്ടല്‍ എത്തി. പ്രവേശനകവാടത്തിനു മുന്നില്‍ത്തന്നെ ഒരു കൊട്ട ചാണകം! നമ്മളല്ലാതെ ആരും അത് മൈന്‍ഡാക്കുന്നില്ല. ഗലിനിറയെ പശുക്കളാണ്. ചാണകം വാരാന്‍ നിന്നാല്‍ അവര്‍ക്ക് അതിനേ നേരം കാണൂ. റിസപ്ഷന്‍ കണ്ടാല്‍ ചെറിയൊരു ലോഡ്ജ് മുറി. റിസപ്ഷന്റെ സൈഡിലുള്ള ലിഫ്റ്റില്‍ കയറി രണ്ടാംനിലയിലെ റൂം തുറന്നുനോക്കിയപ്പോള്‍ സ്റ്റാര്‍ ഹോട്ടലിനോട് കിടപിടിക്കുന്ന ഭംഗിയും വൃത്തിയും ഉള്ള വിശാലമായ മുറി. ഒറ്റനോട്ടത്തില്‍ത്തന്നെ പോസിറ്റീവ്നെസ് തോന്നുന്ന ഒരിടം. മുകളിലെ ഓപ്പണ്‍ ടെറസില്‍ കയറി നോക്കിയാല്‍ ഗംഗ കാണാം എന്നവര്‍ പറയേണ്ട താമസം; പാഞ്ഞുകയറി നോക്കി. ഫെബ്രുവരി മഞ്ഞുമാസമാണ് വാരാണസിയില്‍. മഞ്ഞാടക്ക് ഉള്ളില്‍ ദൂരെദൂരെ ഒരു വീതിയേറിയ നദി. തീരംനിറയെ പ്രകാശപൊട്ടുകള്‍. 'ഗംഗയാണത് ഗംഗ' എന്നോര്‍ത്ത് ഉള്ളൊന്നു തുടിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ലഗേജ് എടുത്തുകൊണ്ടുവന്നു. റിസപ്ഷനിസ്റ്റ് നാളത്തെ പരിപാടികള്‍ എന്തൊക്കെ എന്നു ചോദിച്ചറിഞ്ഞു. അതും അതീവ വിനയംനിറഞ്ഞ ആതിഥ്യമര്യാദയോടെ. വിശ്വനാഥ ക്ഷേത്ര സന്ദര്‍ശനം എളുപ്പമാക്കാന്‍ ഒരു പണ്ഡിറ്റിനെ ഏര്‍പ്പാടാക്കിത്തരാമെന്നും അതിനുശേഷം വാരാണസിയിലെ കാഴ്ചകള്‍ കാണിച്ചുതരാന്‍ ഹോട്ടല്‍ മാനേജര്‍ തന്നെ ഗൈഡായി കൂടെവരാം എന്നും പറഞ്ഞു. സീസണ്‍ സമയമല്ലാത്തതിനാല്‍ കിട്ടുന്ന കാശ് പോരട്ടെ എന്നു കരുതിയാവും അയാള്‍ ഗൈഡായി വരാം എന്നേറ്റത്. നിങ്ങള്‍ ബഹുമാനിതരായി എന്ന ചുവയോടെ റൂംബോയ് പറഞ്ഞു: ''മാനേജര്‍ അങ്ങനെ ആരുടെ കൂടെയും പോവാറില്ല.'' ഏതായാലും ശരി ഇതുവരെയുള്ള യാത്രകളിലൊന്നും അനുഭവിക്കാത്തവിധം റൂംബോയ് മുതല്‍ മാനേജര്‍ വരെ സകലരും ആതിഥ്യമര്യാദയും വിനയവുംകൊണ്ട് നമ്മളെ പൂര്‍ണ്ണ തൃപ്തരാക്കുന്നുണ്ട്. രാവിലെ എട്ടുമണിക്ക് റിസപ്ഷനില്‍ എത്തിയാല്‍ മതിയെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ റൂമിലേയ്ക്കു മടങ്ങി.

വാരാണസിയുടെ കാലാവസ്ഥയില്‍ എ.സി ഫുള്ളില്‍ ഇട്ടപോലെ തണുപ്പ് ഉറഞ്ഞുകിടക്കുന്നു മുറിയില്‍. ഒരുപാട് കാലത്തെ ആഗ്രഹസാഫല്യത്തിന്റെ ഉന്മാദംനിറഞ്ഞ രാത്രി. തൊട്ടപ്പുറത്ത് തന്നെ ഗംഗയുണ്ടെന്ന ആഹ്ലാദം. അതിലൊക്കെ ഉപരി ഒരു പുതിയ സ്ഥലമെന്ന അപരിചിതത്വം ഇല്ലാതെ ഏതൊക്കെയോ ജന്മങ്ങളില്‍ നമ്മള്‍ ഉണ്ടായിരുന്ന ഒരിടത്തെത്തിയ സ്വാസ്ഥ്യം. അതുമല്ലെങ്കില്‍ എത്തേണ്ട ഒരിടത്തെത്തിയ നിറവ്. ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ ഒരിടത്ത് തല ചേര്‍ത്തുവെച്ച്‌ തണുപ്പിനെ പ്രതിരോധിച്ച്‌ ചുരുണ്ടുകൂടി.

എട്ടുമണി ആയിക്കിട്ടാന്‍ കാത്തുനില്‍ക്കുകയായിരുന്നു റൂമില്‍നിന്നിറങ്ങാന്‍. റൂംബോയ് രാവിലെത്തന്നെ വാരാണസിയുടെ സ്പെഷ്യല്‍ ചായ തന്നതിന്റെ ഉന്മേഷം ചില്ലറയല്ല. റിസപ്ഷനില്‍ എത്തിയപ്പോള്‍ എല്ലാവരും ചുരുണ്ടുകൂടി ഉറങ്ങുകയാണ്. റൂംബോയ് പുതപ്പില്‍നിന്ന് എഴുന്നേറ്റ് വന്ന് മാനേജരെ വിളിക്കട്ടെ എന്നുപറഞ്ഞു പോയി. മൂപ്പര് നല്ല ഉറക്കമാണെന്നു പറഞ്ഞു തിരിച്ചും വന്നു. പിന്നെയും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് അയാള്‍ വന്നത്. വരാമെന്നു പറഞ്ഞ പണ്ഡിതനും എടുത്തു ഒരു മണിക്കൂര്‍ താമസം. പൂജാ പരിപാടികള്‍ ഇല്ലെന്നും കാശി കാണാന്‍ ഇറങ്ങിയ വെറും സഞ്ചാരികള്‍ മാത്രമാണ് ഞങ്ങളെന്നും ആദ്യമേ പറഞ്ഞു. പൂജയ്ക്കു നിന്നാല്‍ പൂജാരി പറയുന്ന പൈസയാണ് എന്നാണ് വായിച്ചും കേട്ടുമുള്ള അറിവ്. എന്തായാലും മിനിമം ലവല്‍ പൂജ ചെയ്യാതെ പറ്റില്ലെന്ന് അയാള്‍. പൂജാദ്രവ്യങ്ങളും അയാളുടെ ചാര്‍ജും അടക്കം രണ്ടായിരം രൂപ.

അയാള്‍ ടൂവീലറിലും ഞങ്ങള്‍ അയാള്‍ ഏല്പിച്ച ബാറ്ററി ഓട്ടോയിലും വിശ്വനാഥക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. യോഗിയും മോദിയും കൂടെ വാരാണസിക്കാര്‍ക്ക് ഇഷ്ടംപോലെ ബാറ്ററി ഓട്ടോ നല്‍കിയിട്ടുണ്ട്. അവര്‍ അതില്‍ തൃപ്തരുമാണ്. ചാര്‍ജും നന്നേ കുറവാണ്. എത്ര ഓടിച്ചാലും പത്ത് രൂപ. അഞ്ച് കിലോമീറ്ററിലധികമൊക്കെ പോയാല്‍ 20-ഉം 30-മൊക്കെ വാങ്ങുന്നു. കാശിവിശ്വനാഥ ക്ഷേത്രത്തിനു കുറച്ചപ്പുറത്തായി ഓട്ടോ നിന്നു. ഇനി നടക്കണം. പണ്ഡിറ്റ് തൊട്ടടുത്തുള്ള രജിസ്ട്രേഷന്‍ കൗണ്ടറില്‍ 500 രൂപ അടച്ച്‌ ടിക്കറ്റെടുത്തു. പിന്നെ പണ്ഡിറ്റ് അതിധൃതിയില്‍ നടത്തത്തിനും ഓട്ടത്തിനുമിടയിലുള്ള ഒരുതരം നടപ്പായി. ഓട്ടമാണെങ്കിലും അയാള്‍ മുന്നില്‍ കാണുന്ന സകലരോടും പ്രസന്നതയില്‍ കുശലം പറയുന്നുണ്ട്. എല്ലാവരും വളരെ ബഹുമാനത്തിലാണ് അയാളോട് പ്രതികരിക്കുന്നത്.

ക്ഷേത്രത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തില്‍ പൊലീസും പട്ടാളവുമൊക്കെയായി വന്‍ സന്നാഹമാണ്. വെടിയുണ്ട മാലകളിലും മെഷീന്‍ ഗണ്ണിലും വിരലുകൊണ്ട് പരതി പട്ടാളക്കാര്‍ നമ്മളെ കണ്ണുകൊണ്ട് പരതുന്നു. എല്ലാവര്‍ക്കും പണ്ഡിറ്റിനെ പരിചയമുണ്ട്. പരിചയത്തിനപ്പുറം ഇഷ്ടവും ഉണ്ടെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ നെടുനീളന്‍ അന്തമില്ലാ ക്യൂവില്‍പ്പെടാതെ അയാള്‍ ഞങ്ങളെ ക്യൂവിനു സമാന്തരമായി നടത്തി. ക്യൂവിലെ തിരക്ക് നിയന്ത്രിക്കാന്‍ മേല്‍നോട്ടം വഹിക്കുന്നവര്‍ 'പണ്ഡിറ്റിന്റെ ആളുകള്‍' എന്ന നിലയില്‍ ഞങ്ങളെ ക്യൂ മറികടന്നു പോവാന്‍ അനുവദിക്കുന്നുണ്ട്. കാശി വിശ്വനാഥക്ഷേത്രം ട്രസ്റ്റ് വക അംഗീകൃത പണ്ഡിറ്റുമാരില്‍ ഒരാളാണ് ഇദ്ദേഹം. അതാണീ ബഹുമാനം. ഞങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലും അയാളുടെ ചടുലതയ്ക്ക് ഒപ്പം എത്താന്‍ നന്നേ പ്രയാസപ്പെട്ടു. അങ്ങനെ ഓടിയും നടന്നും കാശി വിശ്വനാഥ ശ്രീകോവിലില്‍ എത്തി. പഞ്ചാബ് രാജാവ് മഹാരാജാ രഞ്ജിത്ത് സിംഗ് ആയിരം കിലോ സ്വര്‍ണ്ണംകൊണ്ട് പൂശിയ താഴികക്കുടമുള്ള വിശ്വനാഥക്ഷേത്രത്തിലെ അതിപൗരാണികമായ ശ്രീകോവിലിനുള്ളില്‍ വെള്ളിയാല്‍ നിര്‍മ്മിതമായ ഒരു കുഴിക്കുള്ളിലാണ് ശിവലിംഗമിരിക്കുന്നത്. മുഹമ്മദ് ഗോറി മുതലിങ്ങോട്ടുള്ള മുഗള്‍രാജാധികാര പരമ്ബരയിലുടനീളം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് വിശ്വനാഥക്ഷേത്രത്തിന്റേത്; കോവിലിനു ചുറ്റും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞ പൗരാണിക നിര്‍മ്മിതികള്‍. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇനി നിങ്ങള്‍ വരുമ്ബോള്‍ ഇവിടെയൊന്നും ഇങ്ങനെയായിരിക്കില്ല; പണ്ഡിറ്റ് പറഞ്ഞു. അതാര്‍ക്ക് കാണണം? ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ചരിത്രത്തിനു നടുവിലാണ്. ഇതാണ് കാണേണ്ടത്, ഇതുമാത്രം. വിശ്വനാഥ ക്ഷേത്രമതിലിനോട് ചേര്‍ന്ന് ഔറംഗസേബ് പണികഴിപ്പിച്ച റസിയ മോസ്‌ക്.

ക്ഷേത്രം മുഴുവന്‍ നശിപ്പിച്ച ഔറംഗസേബ് എന്തുകൊണ്ടോ വിശ്വനാഥ ശ്രീകോവിലിനെ വെറുതെ വിട്ടു. പക്ഷേ, ഔറംഗസേബിന്റെ ആക്രമണരീതികള്‍ നന്നായി അറിയുന്ന പൂജാരി മുഗള്‍ സൈന്യം വാരാണസിക്ക് അടുത്തെത്തി എന്ന വിവരം കിട്ടിയതും ക്ഷേത്രം ഉണ്ടായപ്പോള്‍ ശിവന്‍ പ്രതിഷ്ഠ നടത്തിയതെന്നു പറയപ്പെടുന്ന ശിവലിംഗവുമായി ക്ഷേത്രക്കിണറില്‍ ചാടി ജീവനൊടുക്കി. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആ ശിവലിംഗം ഇപ്പോഴും ക്ഷേത്രക്കിണറില്‍ ഉണ്ടെന്നു പറയപ്പെടുന്നു. പൂജാകര്‍മ്മങ്ങള്‍ക്ക് ആ ക്ഷേത്രക്കിണറില്‍നിന്നാണ് വെള്ളമെടുക്കുന്നതും. യഥാര്‍ത്ഥ ശിവലിംഗവും ആരാധനാമൂര്‍ത്തിയെ അത്രമേല്‍ സ്‌നേഹിച്ച പൂജാരിയും കിടക്കുന്ന കിണര്‍ നമുക്കും കാണാം.

അവസാനത്തെ മുഗള്‍ ആക്രമണത്തിനുശേഷം ഇന്‍ഡോര്‍ റാണി അഹല്യാഗെയ്ക്ക്വാദ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ച്‌ സ്ഥാപിച്ച ശിവലിംഗമാണ് ഇപ്പോള്‍ കാശിയിലുള്ളത്.

പൂജാരി പൂജയ്ക്കായി നിര്‍മ്മിച്ച വീതിയേറിയ ഒരു ഇടനാഴിയില്‍ ചമ്രംപടിഞ്ഞിരുന്നു. ചുവരിലെ സി.സി.ടിവിയില്‍ ശ്രീകോവിലിലെ പരിപാടികള്‍ കാണാം. കയ്യിലെ വെള്ളിത്താലത്തില്‍ പൂജാരി പൂജാദ്രവ്യങ്ങള്‍ കുടഞ്ഞിട്ടു. എല്ലാം പേരിനുമാത്രമല്ല, ലാവിഷായിത്തന്നെയുണ്ട്. വായില്‍ തോന്നിയതല്ല, കൃത്യമായും വ്യക്തതയോടെയും എണ്ണംപറഞ്ഞ മന്ത്രാക്ഷരങ്ങളാണ് ചൊല്ലുന്നത്. പൂജയ്ക്കുശേഷം പൂജാവസ്തുക്കള്‍ താലത്തിലെടുത്ത് അയാള്‍ ശ്രീകോവിലിനുള്ളിലേയ്ക്കു കയറി. ഒപ്പം ഞങ്ങളും. ശ്രീകോവിലെന്നു പറഞ്ഞാല്‍ നാലു തൂണിലുള്ള സ്വര്‍ണ്ണംപൂശിയ മേല്‍ക്കൂരയുള്ള പുരാതന നിര്‍മ്മിതി. വെള്ളികൊണ്ട് പൊതിഞ്ഞ കുഴിയില്‍ ശിവലിംഗം. കുഴിനിറയെ പൂജാദ്രവ്യങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ശിവലിംഗത്തിന്റെ തല മാത്രമേ പുറത്തു കാണാനാകൂ. പൂജാദ്രവ്യങ്ങള്‍ നമുക്കുതന്നെ അര്‍പ്പിക്കാം. തൊട്ടുവണങ്ങാം. ശ്രീകോവിലിനുള്ളില്‍ പരികര്‍മ്മികളും പട്ടാളക്കാരുമൊക്കെയുണ്ട്. പണ്ഡിറ്റിന്റെ ആളുകളായതിനാല്‍ ഞങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ സമയവും അനുവദിച്ചുതന്നു. പുറത്തിറങ്ങി ഒരു പത്തുമിനിട്ട് ഇരുന്നപ്പോള്‍ സി.സി.ടി.വിയില്‍ ശ്രീകോവിലിനകം വൃത്തിയാക്കുന്നതു കണ്ടു. പണ്ഡിറ്റ് ഉടനെ ഞങ്ങളേയും കൊണ്ട് ശ്രീകോവിലില്‍ കയറി. പൂജാദ്രവ്യങ്ങള്‍ നീക്കിയതിനാല്‍ ശിവലിംഗം പൂര്‍ണ്ണമായും കാണാം. രണ്ടു കാഴ്ചകളും ഒരുമിച്ച്‌ കിട്ടുന്നതു വിരളമാണ്. എത്രയോ അതിഭക്തര്‍ മോഹിക്കുന്ന മോഹക്കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. തൊട്ടടുത്ത് തന്നെയുള്ള അനുബന്ധക്ഷേത്രങ്ങള്‍ കണ്ട് അവിടെയൊക്കെ അല്പനേരം ഇരുന്ന് വിശ്വനാഥക്ഷേത്രത്തെ കണ്ടുകൊണ്ടിരുന്നു.

ആത്മീയതയെക്കാള്‍ ഉപരിഭീതിയും ഭക്തിയും കൂടിക്കുഴഞ്ഞ അന്തരീക്ഷമാണ് വിശ്വനാഥ ക്ഷേത്രത്തിനെന്നു തോന്നി.

ഇടിഞ്ഞുപൊളിഞ്ഞ മതിലിനപ്പുറവും ഇപ്പുറവുമായി സ്ഥിതിചെയ്യുന്ന രണ്ട് മതബോംബുകള്‍ എപ്പോള്‍ പൊട്ടുമെന്നറിയാതെ സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരിടം. അതാത് ഭരണകൂടങ്ങള്‍ പട്ടാളത്തേയും പൊലീസിനേയുമൊക്കെ വിന്യസിച്ച്‌ അതു നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുന്നത് കാശിക്ക് സ്വാസ്ഥ്യം നല്‍കട്ടെ. ഇവിടെയുള്ളവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പുറത്തുനിന്നും വരുന്നവരാണ്. പണ്ഡിറ്റ് പറഞ്ഞു. അത് എല്ലായിടത്തും അങ്ങനെത്തന്നെയാണല്ലോ? ശിവപഞ്ചാക്ഷരി മന്ത്രധ്വനികളാലും ഹരഹരമഹാദേവ വിളികളാലും മുഖരിതമാണ് അന്തരീക്ഷം. അഘോരവേഷധാരികളും അല്ലാത്തതുമായ സന്ന്യാസികള്‍ കൂട്ടംകൂടി ഭജനയാലപിക്കുന്നു. ശാന്തതയല്ല, മറിച്ച്‌ തീക്ഷ്ണതയാണ് എല്ലാ മുഖങ്ങളിലും. ശൈവഭാവം അതുമാത്രമാണെന്നതാണല്ലോ ധാരണയും.

കാശി വിശ്വനാഥനെ കാണാന്‍ മണിക്കൂറുകളായി ഇടുങ്ങിയ ഗലികളിലെ വഴികളില്‍ ഇടുങ്ങിപ്പിടിച്ച്‌ വരിനില്‍ക്കുന്നവര്‍ക്കിടയിലൂടെ പണ്ഡിറ്റ് വന്നപോലെതന്നെ ഞങ്ങളെ തന്റെ സ്വാധീനം ഉപയോഗിച്ച്‌ പുറത്തെത്തിച്ചു.

ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ഒരു സഞ്ചാരിക്ക് വരിനില്‍ക്കുന്നവരുടെ മുഖങ്ങളിലേയ്ക്കു നോക്കിയാല്‍ ഇന്ത്യയെ മുഴുവനായി കാണാനാവും. അത്രമാത്രമുണ്ട് പല ദേശങ്ങളില്‍നിന്ന് ഏകമായ ശിവഭക്തിയോടെ എത്തിയവര്‍.

പണ്ഡിറ്റിനു നല്‍കിയ രണ്ടായിരം രൂപ ഒരു നഷ്ടമായേ തോന്നാത്തവിധം ക്ഷേത്രത്തിലെ അതിഭീകരമായ ക്യൂവിനു വിധേയമാവാതെ ഞങ്ങളെ സമയമെടുത്തുതന്നെ ദര്‍ശനവും നടത്തി പുറത്തെത്തിച്ച സന്തോഷത്തില്‍ നിറഞ്ഞ മനസ്സോടെ ദക്ഷിണ നല്‍കി. കാശിയിലെ പൂജാരികളുടെ ആര്‍ത്തിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്; വായിച്ചിട്ടുണ്ട്. ഇയാള്‍ ഒട്ടും ആര്‍ത്തി കാട്ടുകയോ കാശിനു പിശകുകയോ ചെയ്തില്ല. വളരെ സരസനായി എല്ലാവരോടും തുല്യതയോടെ ഇടപെട്ട ഒരു പ്രസന്ന വ്യക്തിത്വം. തനിക്കു കിട്ടുന്ന ബഹുമാനം സ്‌നേഹമായി തിരിച്ചുനല്‍കുന്ന അപൂര്‍വ്വം മനുഷ്യരില്‍ ഒരാള്‍ എന്നാണ് തോന്നിയത്.

പ്രഭാതഭക്ഷണശേഷം വാരാണസി കാണാന്‍ ഇറങ്ങാം എന്ന മുന്‍ധാരണ പ്രകാരം മാനേജര്‍ കം ഗൈഡിനെ കാത്തിരുന്നു. മൂപ്പര് വരാന്‍ എടുത്ത സമയംകൊണ്ട് റൂംബോയിയേയും കൂട്ടി തൊട്ടടുത്ത ഗംഗ കാണാനിറങ്ങി. ഇത്ര തൊട്ടടുത്ത് ഗംഗ ഉണ്ടായിട്ട് ഒന്നു കണ്‍നിറയെ കാണാതെങ്ങനെ?

ഹോട്ടല്‍ ബുക്ക് ചെയ്തപ്പോള്‍ ഈ സൗകര്യം കണക്കാക്കിയാണ് ഘാട്ടുകള്‍ക്ക് തൊട്ടടുത്തുള്ള ഹോട്ടല്‍ ബുക്ക് ചെയ്തത്. കാലൊന്ന് നീട്ടിവെച്ചാല്‍ കേദാര്‍ ഘട്ടിലേക്കിറങ്ങാം എന്ന പോലെയുള്ള ഹോട്ടല്‍.

ഗലിക്കു മുന്നിലെ ഒറ്റയടിപാതയിലൂടെ നടന്നാല്‍ ഗംഗയിലെ മറ്റേതോ ഘാട്ടിലേക്കിറങ്ങാനുള്ള പടിപ്പുര വാതില്‍ക്കല്‍ എത്താം. വാതിലിലെ അരയടി നീളമുള്ള കല്‍പ്പടവ് ചാടിക്കടന്നാല്‍ നീണ്ട ഒരു ഇടനാഴി. ആ ഇടനാഴിയില്‍ തണുപ്പ് പിടിച്ചുറങ്ങുന്നവര്‍. കഞ്ചാവിന്റെ മണമാണ് ഇടനാഴിയില്‍ പുകഞ്ഞുയരുന്നത്. ഇടനാഴിക്കപ്പുറം ഗംഗയിലേക്കിറങ്ങാനുള്ള കല്‍പ്പടവുകള്‍. ഗംഗയും തീരത്തെ നിരവധി ഘാട്ടുകളും ചേര്‍ന്നു തരുന്ന ദൃശ്യാനുഭവം മനസ്സിനെയല്ല, മറിച്ച്‌ ആത്മാവിനെയാണ് ആനന്ദഭരിതമാക്കുന്നത്. താഴേയ്ക്കിറങ്ങാതെ പടികള്‍ക്കു മുകളിലിരുന്ന് ഏറെനേരം ഗംഗയെ കണ്ടിരുന്നു. പിന്നെ വാരാണസി കാണാന്‍ ഇറങ്ങി.

വരുണ, അസി എന്നീ നദികള്‍ക്കിടയില്‍ ഗംഗാതടത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് വാരാണസി. കാശി എന്ന വാക്കിനു പ്രകാശം എന്നും അര്‍ത്ഥമുണ്ട്. കാശിയുടെ പ്രാധാന്യം മനസ്സിലാക്കിയെത്തിയ ജ്ഞാനികളുടേയും തപസ്വികളുടേയും വിജ്ഞാനത്താല്‍ പ്രകാശിത നഗരമാണ് കാശി എന്നാരോ കണ്ട കാല്പനിക ഭാവനയാലാണ് കാശിക്ക് ആ പേര് ലഭിച്ചത്.

അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. പാര്‍വ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഡ്രൈവര്‍ ബിബിന്റെ വായ കൂടില്ല എന്നാണെങ്കില്‍ ഗൈഡ് കം മാനേജര്‍ നമ്മള്‍ അങ്ങോട്ട് ചോദിച്ചാല്‍ മാത്രം വല്ലതും പറയും. അതും കഴിയുന്നത്ര ഒറ്റവാക്കില്‍. ഒരു ഗൈഡെന്ന നിലയില്‍ വന്‍ പരാജയം. കാശ് എന്നു കരുതിമാത്രം ഇറങ്ങിത്തിരിച്ചതാണ് ഇയാള്‍. അയാളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന ബിബിനും മാനേജര്‍ തൊട്ടടുത്തുതന്നെ ഇരിക്കുന്നതിനാല്‍ നിശ്ശബ്ദനാണ്. ചുവന്ന ചായം പൂശിയ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം സാധാരണ കാണുന്ന പൗരാണിക ക്ഷേത്രങ്ങളെ പോലൊക്കെത്തന്നെ. യാചകരുടെ ശല്യം സഹിക്കാന്‍ വയ്യ. അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ ജീവിതത്തില്‍പ്പിന്നെ അന്നം മുട്ടില്ലെന്നാണ് പറച്ചില്‍. അന്നം കണ്ടിട്ട് ദിവസങ്ങളായി എന്ന മുഖഭാവത്തോടുകൂടിയ യാചകരാണ് ക്ഷേത്രപരിസരം മുഴുവന്‍. കുഞ്ഞുങ്ങള്‍ കൈനീട്ടി പിന്നാലെ കൂടുന്നതിന്റെ നീറ്റല്‍ സഹിക്കാന്‍ വയ്യാതെ വേഗം വണ്ടിയില്‍ തിരിച്ചു കയറി.

അടുത്തത് സങ്കടമോചന്‍ ഹനുമാന്‍ ക്ഷേത്രം. 16-ാം നൂറ്റാണ്ടില്‍ അസി നദീതീരത്ത് തുളസിദാസാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഹനുമാനാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ള യാത്ര വാരാണസിയെ അറിയല്‍ കൂടിയാണ്.

പൊടിനിറഞ്ഞ നിരത്തുകള്‍, വഴിയോര ഭക്ഷണശാലകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍. ശരിക്കും ഒരു പ്രാക്തന നഗരി. ഇന്ത്യയിലെ ഏതാണ്ടെല്ലാ രാജവംശങ്ങള്‍ക്കും വാരാണസിയില്‍ ഹവേലികളും കെട്ടിടങ്ങളുമുണ്ട്. അതേക്കുറിച്ച്‌ പുതുതലമുറയ്ക്കുള്ള അറിവില്ലായ്മയോ അവഗണനയോ കാരണം അതെല്ലാം അതുപോലെ തന്നെ നിലനില്‍ക്കുന്നു. നശിച്ചും നാശത്തിലേക്ക് വീണുമൊക്കെ. നൂറ്റാണ്ട് പഴക്കുമണമുള്ള കെട്ടിടങ്ങളും കാഴ്ചകളും കൂടിയാണ് കാശിക്ക് അതിപൗരാണികതയുടെ മുഖപടം ഇപ്പോഴും നല്‍കുന്നത്.

സങ്കടമോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസമായ ചൊവ്വാഴ്ചയാണ് ഞങ്ങളെത്തിയത്. ഭയങ്കര തിരക്ക്. ജയ് ബജരംഗബലി വിളികളാലും ശ്രീരാമനാമ കീര്‍ത്തനാലാപത്താലും ഭക്തിയില്‍ ആറാടിനില്‍ക്കുന്ന ജനക്കൂട്ടം.

ദൂരെനിന്ന് ഹനുമദ് പ്രതിഷ്ഠ ഒരുനോക്ക് കണ്ടു. നിറയെ വാനരന്മാരുണ്ട് ക്ഷേത്രത്തില്‍. ഓരോ വാനരനിലും ഹനുമാന്‍ജിയെ കണ്ട് ഭക്ഷണമൂട്ടുന്നു ഭക്തര്‍. വാനരന്മാരെല്ലാം ഉരുണ്ട് തടിച്ച്‌ കൊഴുത്തിരിക്കുന്നു. ഇനി അടുത്തത് ബിര്‍ളാമന്ദിര്‍. എല്ലാ ബിര്‍ളാമന്ദിരങ്ങളേയും പോലെ ഇതും വെണ്ണക്കല്ലാല്‍ നിര്‍മ്മിച്ചത്. ഒന്നു കയറിയിറങ്ങിപ്പോന്നു. അതിവിശാലമായ അകത്തളത്തിലിരുന്ന് ആരോ മധുരമനോഹര ശബ്ദത്തില്‍ ഭജനയാലപിക്കുന്നു.

അടുത്തത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി. ഏഷ്യയിലെ ഏറ്റവും വിശാലമായ കാംപസാണിത്. ആനിബസന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി മദന്‍മോഹന്‍ മാളവ്യ സ്ഥാപിച്ച ഈ യൂണിവേഴ്സിറ്റിക്ക് കാശിരാജാവ് 1300 ഏക്കര്‍ ഭൂമിയും ഹൈദരാബാദിലെ നിസാം ഒരു ലക്ഷം രൂപയും സംഭാവന നല്‍കിയത്രെ. നിസാമുമാര്‍ പൊതുവെ പിശുക്കന്മാരാണ് എന്നാണ് കേട്ടിട്ടുള്ളത്. സര്‍വ്വകലാശാലയുടെ ഉള്ളിലും വിശ്വനാഥക്ഷേത്രമുണ്ട്. കാശിക്ഷേത്രം നിരന്തരമായി വൈദേശിക ആക്രമണത്തിനു വിധേയമാവുന്ന സങ്കടം കൊണ്ടത്രെ മദന്‍മോഹന്‍ മാളവ്യ ക്യാപസിനുള്ളില്‍ വിശ്വനാഥക്ഷേത്രം നിര്‍മ്മിച്ചത്. 35 വര്‍ഷമെടുത്ത് നിര്‍മ്മിച്ച ഈ ക്ഷേത്രഗോപുരം ഉയരംകൊണ്ട് ഏറെ പ്രശസ്തമാണ്. എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ട് ഈ ക്ഷേത്രത്തില്‍ എന്നതില്‍ സന്തോഷം തോന്നി.

ഇത്രയും കഴിഞ്ഞപ്പോഴേക്ക് മണി മൂന്ന് ആവാറായിരുന്നു. 4.30-ന് ഗംഗയിലെ ആരതി കാണാന്‍ ബോട്ട് പറഞ്ഞേല്പിച്ചിട്ടുണ്ട്. ഹോട്ടല്‍ നില്‍ക്കുന്ന ഗലിയില്‍ തിരിച്ചെത്തി. ഗലിയിലെ അത്യാവശ്യം ഭേദപ്പെട്ട ഒരു ഹോട്ടലില്‍നിന്ന് ഫ്രൈഡ്റൈസും ആലുപറാത്തയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചു. ഒരു തട്ടിക്കൂട്ട് ഭക്ഷണം ആണെങ്കിലും ആതിഥ്യമര്യാദയും വിനയവുംകൊണ്ട് ഇവര്‍ നമ്മളെ നിശ്ശബ്ദരാക്കിക്കളയും. റൂമിലെത്തി ഒന്നു വിശ്രമിച്ചപ്പോഴേയ്ക്കും ഗംഗായാത്രയ്ക്കുള്ള തോണിക്കാരനെത്തി. 1500 രൂപയാണ് ചാര്‍ജ്. അത്യാവശ്യം വലുപ്പമുള്ള മോട്ടോര്‍ ഘടിപ്പിച്ച തോണിയാണ്. ഗംഗാതീരത്തെ സകല ഘാട്ടുകളും കാണിച്ചുതന്നും അവയെക്കുറിച്ച്‌ പറഞ്ഞുതന്നും ഏറെ സമയമെടുത്തുള്ള യാത്ര. വെള്ളത്തിനോട് പേടിയുള്ള ഞാന്‍ ആദ്യമായാണ് അതൊക്കെ മറന്ന് ഒരു നദീജല യാത്ര ഇത്രമേല്‍ ആസ്വദിക്കുന്നത്. മരണഭയം നാമറിയാതെ തന്നെ കൊഴിഞ്ഞുപോവുന്നുണ്ട് കാശിയില്‍. കേദാര്‍ഘാട്ട്, ഹരിശ്ചന്ദ്രഘാട്ട്, അസീഘാട്ട്, മണികര്‍ണ്ണികാഘട്ട്, അഹല്യാഘാട്ട്. ഘാട്ടുകള്‍ അങ്ങനെ കിലോ മീറ്ററുകള്‍ നീണ്ടുകിടക്കുകയാണ്. ഹരിശ്ചന്ദ്രഘാട്ടിലും മണികര്‍ണികാഘാട്ടിലും ഇടതടവില്ലാതെ ചിതകള്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. വിറക് ഉപയോഗിച്ച്‌ പരമ്ബരാഗത രീതിയിലാണ് ദഹനം. ചില ഘാട്ടുകളില്‍ രാജാക്കന്മാര്‍ ഗംഗാസ്‌നാനത്തിനു നിര്‍മ്മിച്ച ഹവേലികള്‍. അവയുടെ ഭംഗിയാര്‍ന്ന മട്ടുപ്പാവില്‍ നിറയെ പറവകള്‍. ഘാട്ടിലേയ്ക്കു കാഴ്ച കിട്ടുംവിധം നിര്‍മ്മിച്ച ഹോട്ടലുകള്‍. സ്വദേശികളേക്കാള്‍ വിദേശികളാണ് ഇത്തരം ഹോട്ടലുകളുടെ ഉപഭോക്താക്കള്‍.

ഒരു നദി മതത്തേയും ജനത്തേയും സാമൂഹികവ്യവസ്ഥയേയും സാംസ്‌കാരിക പൈതൃകത്തേയും തനിക്കിണങ്ങുംവിധം തന്റേതാക്കി വളര്‍ത്തിയെടുത്തത് കാണണമെങ്കില്‍ ഈ ഗംഗാതീരത്ത് തന്നെ എത്തണം. ഏറെ നേരത്തെ യാത്രയ്ക്കുശേഷം ബോട്ടുകാരന്‍ ഗംഗാനദിയില്‍ വെള്ളം കുറഞ്ഞ സമയമായതിനാല്‍ രൂപപ്പെട്ട മണല്‍ത്തിട്ടയില്‍ ബോട്ട് നിര്‍ത്തി. ആ മണല്‍ത്തിട്ടയില്‍ ചെറിയ ചായകുടി സെറ്റപ്പൊക്കെയുണ്ട്. ഇവിടെനിന്നു നോക്കിയാല്‍ എതിരെ ദശാശ്വമേധാഘട്ട് കാണാം. എല്ലാ ഘാട്ടിലും എന്നും വൈകിട്ട് ഗംഗാ ആരതി ഉണ്ടെങ്കിലും ദശാശ്വമേധഘാട്ടിലെ ആരതിയാണ് ഗംഭീരം എന്നു കേട്ടിട്ടുണ്ട്. കരയില്‍ ആളുകള്‍ തിങ്ങിക്കൂടി ഇരിക്കുന്നു. നദിയിലൂടെ കറങ്ങുന്ന ബോട്ടുകള്‍ ഓരോന്നായി ദശാശ്വമേധഘാട്ടിനോടടുപ്പിച്ചു. ഞങ്ങളുടെ ബോട്ടും. ബോട്ടിലിരുന്നാല്‍ ആരതി നേരെ മുന്‍പില്‍നിന്നു വ്യക്തമായി കാണാം. സന്ധ്യാനേരത്തിന്റെ തനതായ നിഗൂഢഭംഗിക്കു മുകളില്‍ ഗംഗാതടത്തിന്റെ ആത്മീയകിന്നരികള്‍ അഭൗമശക്തികള്‍ നേര്‍ത്തു മീട്ടുന്നു. ജയ് ഗംഗാ ജയ് മാതാ വിളികള്‍ മുഴങ്ങുന്നു. ഭജനകള്‍, നേര്‍ത്ത മണിമുഴക്കങ്ങള്‍, മന്ത്രധ്വനികള്‍; ഗംഗയുടെ ഓളപ്പരപ്പില്‍ ചാഞ്ചാടുന്ന ബോട്ട് എല്ലാം കൂടെ മാസ്മറിക്ക് എന്നുപറയും പോലൊരു അനുഭവം. 'സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ' എന്ന പാട്ടിലെ വരികള്‍ പെട്ടെന്നോര്‍മ്മ വന്നു.

ഗംഗാ ആരതി

ആറുമണിയുടെ ഇരുള്‍ച്ഛായയില്‍ വൈദ്യുതവിളക്കുകള്‍ തീര്‍ക്കുന്ന പ്രകാശഭംഗികള്‍ നക്ഷത്രക്കുഞ്ഞുങ്ങളെപ്പോലെ ഗംഗയിലും കരയിലും ഓടിക്കളിക്കുന്നതു കണ്ടിരിക്കുമ്ബോള്‍ ദീപാരാധനാമണികള്‍ മുഴങ്ങി. ഗംഗാആരതിക്ക് തുടക്കമായി. ഗംഗയിലേയ്ക്കു നീട്ടിക്കെട്ടിയ പ്ലാറ്റ്ഫോമിലേക്ക് നര്‍ത്തകവേഷം ധരിച്ച ആരതിക്കാര്‍ കയറിനിന്നു. അവരുടെ കയ്യില്‍ പല തട്ടുകളുള്ള നിലവിളക്ക്. സ്പീക്കറിലൂടെ ആരതി ഭജന്‍ ഒഴുകിയിറങ്ങി. സംഗീതത്തിനനുസരിച്ചു നര്‍ത്തന ചലനത്തോടെയാണ് ഗംഗയെ പ്രകാശംകൊണ്ട് നര്‍ത്തകര്‍ ആരതി ഉഴിയുന്നത്. ലോകത്ത് എവിടെയെങ്കിലും ഒരു നദി ഇത്രമേല്‍ ആദരിക്കപ്പെടുന്നുണ്ടാവുമോ? അതും ദിവസവും ഇത്രയധികം ജനങ്ങള്‍ നോക്കിനില്‍ക്കെ അവരുടെ ഏകതാനമായ മനസ്സോടെ, അതീവ ഭംഗിയാര്‍ന്ന നര്‍ത്തനച്ചുവടുകളോടെ.

അലൗകികമായ ആത്മീയാനുഭവമാണ് ഗംഗാ ആരതിയുടെ ദൃശ്യാനുഭവം. നര്‍ത്തകര്‍ ഓം ജയ ജഗദീശ ഹരേ പാടുമ്ബോള്‍ അറിയാതെ ഏറ്റുപാടി സ്വദേശികളും വിദേശികളും ഗംഗാവന്ദനത്തില്‍ മുഴുകിയലിഞ്ഞില്ലാതെയാവുന്നു.

ഗംഗാതീരത്ത് ഇപ്പോള്‍ മനുഷ്യരില്ല. ആനന്ദം മാത്രമായ കുറെ ആത്മാക്കള്‍ മാത്രം. ഉന്മാദം നിറഞ്ഞ ആത്മശരീരങ്ങള്‍ മാത്രം. ഭജന ഉച്ചസ്ഥായിയില്‍ ആവുമ്ബോള്‍ നമുക്കു കാണാം. ജീവിച്ചിരിക്കുന്നവരുടേയും മരിച്ചുപോയവരുടേയും ആത്മാക്കള്‍ ഒന്നുചേര്‍ന്നു ഗംഗാതീരമാകെ പൂമ്ബാറ്റകളെപ്പോല്‍ നൃത്തംവെയ്ക്കുന്നത്. മനുഷ്യര്‍ എന്ന വാക്കേ ഇല്ലാതാവുന്നു. പരിപാവനമായ മിത്തുകളാല്‍ സമ്ബന്നമായ ഒരു നദിയും അതിനെ സ്‌നേഹിക്കുന്ന കുറെ ആത്മാക്കളും അവരുടെ ആനന്ദലോകവും ആണിപ്പോള്‍ ഗംഗാതടം. ഗംഗാതീരത്തെ പലപല ഘാട്ടുകളിലും ഈ നേരത്ത് ആരതി നടക്കുന്നുണ്ട്. കരയിലും നദിയിലും ജനം അതേറ്റുപാടുന്നുണ്ട്. ഒടുവില്‍ പതിയെ പതിയെ ആരതി അതിന്റെ അവസാന ഘട്ടത്തിലെത്തി അവസാനിച്ചു. എന്നിട്ടും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനോ പിരിഞ്ഞുപോവാനോ മടിക്കുന്നു ജനക്കൂട്ടം. ബോട്ട്കാരന്‍ പതിയെ ഹരിശ്ചന്ദ്രഘാട്ടിനോട് ചേര്‍ന്ന് ബോട്ടടുപ്പിച്ച്‌ ഞങ്ങളെ ഇറക്കി കാശും വാങ്ങി പോയി.

ഹരിശ്ചന്ദ്രഘാട്ടിലെ ഗംഗാ ആരതി അവസാനിപ്പിച്ച്‌ നര്‍ത്തകര്‍ വിളക്കുകള്‍ എടുത്തു മാറ്റുകയാണ്. തൊട്ടടുത്തുതന്നെ ശവദാഹവുമുണ്ട്. ഒരു നോക്ക് നോക്കിപ്പോയി. ചിതയില്‍നിന്ന് എഴുന്നേല്‍ക്കാനായുംപോലെ മൃതദേഹമൊന്നു നടുവ്കുത്തി വളഞ്ഞുപുളഞ്ഞ് ഉയര്‍ന്നു. മാംസം ഉരുകിയ തലയോട്ടി ചുറ്റുപാടും അവസാനമായി നോക്കുംപോലെ ഒന്നു വട്ടംതിരിഞ്ഞു. പിന്നെ വിറകിന്റെ കനലുകളിലേക്ക് അമര്‍ന്നു താഴ്ന്നു. ഒന്നും തോന്നിയില്ല ആ കാഴ്ചകണ്ട്. മരണവും മരണാനന്തര ചടങ്ങുകളും അതിസാധാരണമായ ഒന്നാണ് ഇവിടം. നമ്മളും അങ്ങനെ ആയിപ്പോവുന്നു. ഘാട്ടില്‍നിന്നു കേറിപ്പോവുന്ന വഴിയില്‍ ശവശരീരങ്ങള്‍ പൂമാലകളും പട്ടുവസ്ത്രങ്ങളും ചാര്‍ത്തി ഊഴം കാത്തുകിടക്കുന്നു. ശവശരീരങ്ങളില്‍ കുട്ടികളുണ്ട്. യുവാക്കളുണ്ട്. വൃദ്ധരുണ്ട്. മരണത്തിനെന്തു പ്രായം. നിയതി നിശ്ചയിച്ച സമയം കഴിയുമ്ബോള്‍ ജീവന്‍ നിശ്ചലമാകുന്നു എന്നല്ലാണ്ട്.

രാത്രി ഉറങ്ങുമ്ബോഴറിയുന്നു ശരീരമേ ഇവിടുള്ളൂ, ആത്മാവ് ഗംഗാതീരത്ത് അലഞ്ഞു തിരിയുകയാണിപ്പോഴും.

സാരനാഥ്

വാരാണസിയിലെ രണ്ടാംദിനത്തിലെ ആദ്യസന്ദര്‍ശനം സാരനാഥായിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് സാരനാഥ്. വാരാണസിയില്‍നിന്ന് 10 കിലോമീറ്ററിന്റെ ദൂരം. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള സാരനാഥില്‍ എസ്‌കവേഷന്‍സ് ഇപ്പോഴും നടക്കുന്നുണ്ട്. സാരനാഥ് മ്യൂസിയത്തില്‍ നിറയെ നിരീക്ഷണ ക്യാമറകളാണ്. ഒരു നുള്ള് ശബ്ദം ഉണ്ടാക്കാതെ ഹാന്‍ഡ് ക്യാമറ ഉപയോഗിക്കാതെ നടന്നു കാണണം മ്യൂസിയം.

ക്രിസ്തുവിനു മുന്‍പ് അശോക ചക്രവര്‍ത്തി ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ ബുദ്ധമത പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച സ്തൂപങ്ങളില്‍പ്പെട്ടതാണ് സാരനാഥിലെ സ്തൂപവും. ഇവിടെയാണ് നമ്മുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം കിടക്കുന്നത്. നാലുദിക്കും വീക്ഷിച്ചിരിക്കുന്ന സിംഹങ്ങളും അശോകചക്രവും ഒക്കെ ഒറ്റക്കല്ലിലാണ് പണിതീര്‍ത്തിരിക്കുന്നത്. 15 മീറ്റര്‍ ഉയരം ഉണ്ടായിരുന്ന ഈ സ്തൂപം നശിപ്പിക്കപ്പെട്ട നിലയിലാണ് കണ്ടെടുത്തത്.

മ്യൂസിയത്തിന് അടുത്തുതന്നെയാണ് ധമേക്ക് സ്തൂപം. ബോധോദയം ലഭിച്ചശേഷം ബുദ്ധന്‍ ധര്‍മ്മാഭ്യാസം നടത്തിയ ഇടം. ഇഷ്ടികയും സ്റ്റാന്റ്സ്റ്റോണും കൊണ്ടാണ് ബുദ്ധന്‍ തന്റെയീ ആത്മീയ പാഠശാല പണിതിരിക്കുന്നത്. അതിനുമപ്പുറം ജപ്പാനീസ് ടെംപിള്‍. ജപ്പാനീസ് മാതൃകയിലെ ഈ ക്ഷേത്രത്തിന്റെ പരിപാലനം മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യയാണ്. ശ്രീലങ്കന്‍ ബുദ്ധിസ്റ്റ് എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയായ അനഗരിക ധര്‍മ്മപാലയാണ് ഈ സൊസൈറ്റി തുടങ്ങിയത് എന്നതിനാല്‍ അദ്ദേഹത്തിന്റെ ഗംഭീര പ്രതിമ ക്ഷേത്രമുറ്റത്തുണ്ട്. ഇതി നടുത്ത് തന്നെയായി ബുദ്ധന്‍ തന്റെ ശിഷ്യന്മാരോട് സംവദിച്ചിരുന്ന ചൗഖണ്ഡിപില്ലറുമുണ്ട്. സാരനാഥിലെ നെയ്ത്തുകാരെപ്പറ്റി ഏറെ കേട്ടിട്ടുണ്ട്. അതു പറഞ്ഞപ്പോള്‍ ബിബിന്‍ നെയ്ത്ത് ഗ്രാമത്തിലേയ്ക്കു കൊണ്ടുപോയി. ഗൈഡ് ചമഞ്ഞ മാനേജരെ അദ്ദേഹത്തിന്റെ മോശം പ്രകടനം കാരണം ഞങ്ങള്‍ സൂത്രത്തില്‍ ഒഴിവാക്കിയിരുന്നു. നെയ്ത്ത് ഗ്രാമത്തില്‍ പട്ട് നെയ്യുന്ന വിധം കാണിച്ചുതരുന്നുണ്ട്. വിവിധ ഇനം പട്ടുനൂലുകളുടെ പ്രദര്‍ശനവുമുണ്ട്. ഒരു ബനാറീസ് പട്ടുസാരി വാങ്ങി. 4000 രൂപ. ഒഥന്റിക് ആയ സ്ഥലത്തുനിന്നും വാങ്ങുമ്ബോള്‍ വിശ്വസിക്കാം എന്ന തോന്നല്‍ തെറ്റാണെന്നു നാട്ടില്‍ വന്നു സാരി നിവര്‍ത്തി നോക്കിയപ്പോള്‍ തെളിഞ്ഞു. തുണി ബനാറീസാണെങ്കിലും നീളവും വീതിയും നന്നേ കുറവ്. കൃശഗാത്രിയായ ഒരുവള്‍ക്ക് കഷ്ടിച്ച്‌ ഉടുക്കാം.

സാരനാഥ് കാഴ്ചയ്ക്കുശേഷം വ്യാസകാശിയിലേക്കുള്ള യാത്രയ്ക്കിടെ അഘോര ആശ്രമം എന്ന ബോര്‍ഡ് കണ്ട ഒരിടത്ത് കയറി. പേര് മാത്രമേ അഘോര എന്നുള്ളൂ. ഉള്ളില്‍ സാദാ സന്ന്യാസികള്‍. ഏതോ അഘോര ബാബ സ്ഥാപിച്ച അമ്ബലമാണ്. മീനും കള്ളും ചോറുമാണ് വഴിപാട്. നിറയെ മീനുകള്‍ പുളക്കുന്ന ഒരു ക്ഷേത്രക്കുളവും കണ്ടു.

കാശിയുടെ അപ്പുറമാണ് വ്യാസകാശിയും രാംനഗര്‍ഫോര്‍ട്ടും. ഗംഗയ്ക്ക് കുറുകെയുള്ള പാലം കടക്കണം. ഫോര്‍ട്ടിനു മുന്നിലെത്തിയപ്പോള്‍ നല്ല വിശപ്പ്. തൊട്ടടുത്ത തട്ടുകടയില്‍ കയറി പൂരിമസാല പറഞ്ഞു. ബിബിന്‍ ലസ്സി കുടിക്കുന്നതു കണ്ടപ്പോള്‍ പ്രലോഭനം വന്നെങ്കിലും അടക്കി. യാത്രകളില്‍ മിതഭക്ഷണമാണ് നല്ലത്. എന്തെങ്കിലും പറ്റായ്മ വന്നാല്‍ യാത്ര കുളമാകും. അതു കൊണ്ടുതന്നെ കാശിയിലെ സുപ്രസിദ്ധമായ തെരുവ് ഭക്ഷണത്തിനു നേരെ മുഖംതിരിച്ചു.

ഫോര്‍ട്ടിനടുത്ത് എത്തിയപ്പോള്‍ ഞാനും കൂടെ അകത്തേയ്ക്കു വരാം എന്നായി ബിബിന്‍. അവന്‍ കൂടെയുണ്ടെങ്കില്‍ പലതും കാണിച്ചുതരാം അല്ലെങ്കില്‍ നിങ്ങള്‍ വിട്ടുപോവും എന്നാണ് അവന്റെ പക്ഷം. അങ്ങനെ അവനും ടിക്കറ്റെടുത്തു.

ചുനാര്‍ റെഡ്സ്റ്റോണില്‍ മുഗള്‍രീതിയിലാണ് രാംനഗര്‍ ഫോര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. കോട്ട നാശത്തിന്റെ വക്കിലല്ല നാശത്തിലാണ്. കോട്ടയ്ക്കുള്ളില്‍ ഒരു മ്യൂസിയം ഉണ്ട്. പഴയകാല വിന്റേജ് വാഹനങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയൊക്കെയാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. മുഗളന്മാര്‍ നിര്‍മ്മിച്ച കോട്ടയുടെ മ്യൂസിയത്തിലേക്ക് കാശിരാജാവും തന്റേതായ സംഭാവനകള്‍ നല്‍കി. കോട്ടയുടെ താഴ്ഭാഗം പട്ടാളബാരക്കാണ്. കോട്ടയുടെ മുകളില്‍നിന്നു നോക്കുമ്ബോള്‍ കാണുന്ന ഗംഗയും മറുകരയിലെ കാശിയും മറ്റൊരു മനോഹര ദൃശ്യാനുഭവം. ബിബിന്‍ ഞങ്ങളേയും കൊണ്ട് കോട്ടയുടെ പിന്നിലുള്ള ഇരുണ്ട ഒരു ഇടനാഴിയിലേക്കിറങ്ങി. ഗൂഢമായ ഈ വഴിത്താര പെട്ടെന്നു കണ്ണില്‍പ്പെടില്ല. മിക്കവരും മ്യൂസിയം കണ്ട് തിരിച്ചുപോവുകയാണ്. ഇതറിയുന്നതിനാലാണ് അവന്‍ കൂടെ വന്നത്. ഇടനാഴിക്കപ്പുറത്താണ് വ്യാസക്ഷേത്രം. ഇവിടെയിരുന്നാണ് മഹര്‍ഷി മഹാഭാരതം രചിച്ചതത്രെ.

കാശിയിലെത്തിയ വ്യാസമഹര്‍ഷിയെ പരീക്ഷിക്കാന്‍ ശിവന്‍ മഹര്‍ഷിക്ക് കാശിയിലെ വീടുകളില്‍നിന്നു ഭിക്ഷ നിരോധിച്ചു. വിശന്നുവലഞ്ഞ് കാശി അന്നപൂര്‍ണ്ണേശ്വരിക്ക് മുന്നിലെത്തിയ മഹര്‍ഷിയെ ശിവകോപം ഭയന്ന് അന്നപൂര്‍ണ്ണേശ്വരിയും കയ്യൊഴിഞ്ഞു. വിശപ്പുകൊണ്ട് വലഞ്ഞ മഹര്‍ഷി കാശിനഗരത്തെ ശപിക്കാനൊരുങ്ങി. ഭയന്ന അന്നപൂര്‍ണ്ണേശ്വരി മഹര്‍ഷിയെ വയര്‍നിറച്ച്‌ ഊട്ടി. എങ്കിലും തന്റെ വാസനഗരിയെ ശപിക്കാനൊരുങ്ങിയ മഹര്‍ഷിയുടെ ധിക്കാരം ശിവനെ കോപാകുലനാക്കി. മഹര്‍ഷിക്ക് കാശിയിലേക്കു പ്രവേശനം നിരോധിച്ചു. അങ്ങനെ ശിവനേയും ഗംഗയേയും നോക്കി മഹര്‍ഷി ഗംഗയ്ക്ക് മറുപുറം താമസിച്ച ഇടമാണ് വ്യാസകാശി. ശിവദര്‍ശനം കിട്ടാതെ ദുഃഖാകുലനായ മഹര്‍ഷിയുടെ സങ്കടം കണ്ട അന്നപൂര്‍ണ്ണേശ്വരി ശിവനോട് മാപ്പപേക്ഷിച്ചതിനാല്‍ ആഘോഷദിവസങ്ങളില്‍ മാത്രം കാശി സന്ദര്‍ശിക്കാന്‍ മഹര്‍ഷിക്ക് ശിവന്‍ അനുമതി നല്‍കി.

ഗംഗാനദിക്കരയിലെ ഈ കല്‍ക്കുടീരത്തിലിരുന്നാല്‍ ആരായാലും എഴുതിപ്പോവും. എഴുത്തിനാവശ്യമുള്ള ശാന്തിയും അതീന്ദ്രിയതയും അഭൗമതയുമുള്ള ഇടം.

വീണ്ടും തിരിച്ച്‌ ഹരിശ്ചന്ദ്രഘാട്ടിലെ ഗലിയിലെത്തി. ബിബിനേയും കാറും പറഞ്ഞയച്ചു. ഇനി രാത്രി കാലഭൈരവക്ഷേത്രംകൂടി സന്ദര്‍ശിക്കാനുണ്ട്. രാത്രി 10 മണി ആവണമത്രെ തിരക്കൊഴിയാന്‍. സമയം രണ്ടു മണിയായിട്ടേ ഉള്ളൂ. ഇഷ്ടംപോലെ സമയമുണ്ട്. ഞങ്ങള്‍ ബാറ്ററി ഓട്ടോയില്‍ ഗലികളിലൂടെ കറങ്ങാന്‍ ഇറങ്ങി. എല്ലാ യാത്രകളിലുമെന്നപോലെ ആ കറക്കം ഒരു സിനിമാ തിയേറ്ററിനു മുന്നിലവസാനിച്ചു. 'മലാംഗ്' എന്ന ഹിന്ദി സിനിമ. കാശിക്കു പറ്റിയ പോലെ കഞ്ചാവും ചരസും മയക്കുമരുന്നും അതിന്റെ ദൂഷ്യങ്ങളുമൊക്കെയായി ഒരു പടം. പടം തീര്‍ന്നപ്പോള്‍ പതുക്കെ ഗലികളിലൂടെ നടന്നു. ഇടുങ്ങിയ തെരുവുകളിലൂടെ, വഴിവാണിഭങ്ങള്‍ക്കിടയിലൂടെ, കന്നുകാലികള്‍ക്കിടയിലൂടെ വാരാണസിയെ കണ്ടുകണ്ട് നടന്നു. ഒടുവില്‍ ഒരു ഹോട്ടലിനു മുന്നിലെത്തി. അത്യാവശ്യം വന്‍കിട സെറ്റപ്പുള്ള ഹോട്ടല്‍. ഹോട്ടലിനുള്‍ വശം ഒരു പുരാവസ്തുകേന്ദ്രം പോലെയുണ്ട്. കിട്ടിയ പഴയതെല്ലാം വൃത്തിയായും ഭംഗിയായും ഹോട്ടലിനുള്ളില്‍ അലങ്കരിച്ചുവെച്ചിരിക്കുന്നു. ഭക്ഷണം വരുന്നതുവരെ മ്യൂസിയംപോലെ കണ്ടിരിക്കാം ഹോട്ടല്‍. ചിക്കന്‍ കബാബും മട്ടന്‍ കബാബുമൊക്കെ ഓര്‍ഡര്‍ ചെയ്തു. അസാധ്യം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ആവറേജിനും മുകളില്‍ത്തന്നെയാണ് സംഗതി. ഉത്തരേന്ത്യ എത്തണം കബാബുകളെ അതിന്റെ ഒറിജിനല്‍ രൂപത്തില്‍ കാണാന്‍.

ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ വമ്ബന്‍ ഘോഷയാത്ര. രാംദാസ് ജയന്തി ആഘോഷം. അംബേദ്കറുടെ ഛായാചിത്രമാണ് അധികവും. ഏറെനേരം കണ്ടിട്ടും ഘോഷയാത്രയ്ക്ക് ഒരു അവസാനമില്ല. തെരുവിന്റെ മുക്കിലും മൂലയിലുംനിന്ന് അതങ്ങനെ സംഘങ്ങളായി വന്നുകൊണ്ടിരിക്കുകയാണ്. ഘോഷയാത്രയില്‍ സ്ത്രീകള്‍ ഇല്ലെന്നുതന്നെ പറയാം. പുരുഷന്മാരാണ് പാന്‍ ചവച്ചും മദ്യലഹരിയിലാറാടി നൃത്തം വെച്ചും നടന്നുനീങ്ങുന്നത്. ഓരോ സംഘവും സ്വന്തം വണ്ടിയില്‍ ഫിറ്റ് ചെയ്ത കൂറ്റന്‍ സ്റ്റീരിയോ ബോക്‌സില്‍നിന്നൊഴുകിവരുന്ന കാതടപ്പിക്കുന്ന ഡി.ജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയാണ്.

കാഴ്ചകള്‍ കണ്ട് ഗലിയിലെത്തിയപ്പോള്‍ ബിബിനും മാനേജറും റെഡിയായി നില്‍ക്കുന്നു; കാലഭൈരവ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്ക്. 'കമ്മീഷണര്‍ ഓഫ് കാശി' എന്നാണ് രൗദ്രനായ ഈ ശിവഭൂതഗണം അറിയപ്പെടുന്നത്. യമനും ചിത്രഗുപ്തനും ഈ ശിവവസതിയില്‍ പ്രവേശനമില്ല. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കാലഭൈരവനാണ്. ഇടുങ്ങിയ വഴികളുള്ള ഗലിയിലൂടെ കഞ്ചാവും ഭാംഗും മണക്കുന്ന വഴിക്കച്ചവടങ്ങള്‍ക്കിടയിലൂടെ നടന്നുവേണം ശിവഭൂതഗണമായ ഈ കറുത്തദൈവത്തെ കാണാന്‍. അഘോര വേഷധാരികളായ ചിലരെ കാശിയിലെത്തിയശേഷം ആദ്യമായി കാണുന്നത് കാലഭൈരവ ക്ഷേത്രനടയിലാണ്. ഒരുവന്‍ കാശി എത്തണമെങ്കിലും കാശി വിട്ടുപോവണമെങ്കിലും കാലഭൈരവന്‍ വിചാരിക്കണം. അതുകൊണ്ടുതന്നെ കാലഭൈരവനെ വണങ്ങാതെ കാശിയാത്ര അപൂര്‍ണ്ണമാണ്. നായയാണ് ഈ ദൈവത്തിന്റെ വാഹനം. ക്ഷേത്രം നിറയെ ചുവന്ന സിന്ദൂരപ്പൊട്ട് തൊട്ട നായ്ക്കള്‍. പൈശാചികതയുടെ ഇളംഗന്ധമാണ് ക്ഷേത്രത്തിന്. രൗദ്രമായ എന്തോ ഒന്ന് ശാന്തമായിരിക്കുന്ന ഒരിടംപോലെ ഏതു നിമിഷവും ഭാവം മാറിയേക്കാം എന്ന പ്രതീതി. രാത്രി പതിനൊന്ന് മണിയായിട്ടും സന്ദര്‍ശകരുണ്ട് ക്ഷേത്രത്തില്‍. ക്ഷേത്രം അടച്ചിട്ടില്ല. ശിവന്‍ കാശിയുടെ സംരക്ഷണച്ചുമതല ഏല്പിച്ച ഒരുവന് അങ്ങനെയങ്ങ് ഉറങ്ങാനാവില്ലല്ലോ?

രാവിലെ ഏഴ് മണിക്കുതന്നെ ഉണര്‍ന്നു. ഗംഗാതീരത്തെത്തി. ഘാട്ടുകളില്‍നിന്ന് ഘാട്ടുകളിലേക്ക് പടവുകള്‍ ചാടിക്കടന്നു പോവാം. കിലോമീറ്ററുകളാണ് ഘാട്ടുകളുടെ നീളം. ഒന്ന് മറ്റൊന്നിലേയ്ക്ക് കൈകോര്‍ത്ത് നീണ്ടുനീണ്ടു കിടക്കുകയാണ് ഘാട്ടുകള്‍. ഗംഗാതീരത്തെ ഈ പ്രഭാതനടത്തം സ്വപ്നംപോലെ തോന്നുന്നു. രാവിലെ ഞങ്ങള്‍ എത്തുന്നതിനും എത്രയോ മുന്‍പ് തന്നെ സജീവമാണ് ഗംഗാതീരം. പ്രഭാതവന്ദനം നടത്തുന്നവര്‍, ധ്യാനത്തിലിരിക്കുന്നവര്‍, മാലകളും രുദ്രാക്ഷവും വില്‍ക്കുന്നവര്‍, കഞ്ചാവു പുകച്ചും അല്ലാതേയും ഇന്ത്യയെ കണ്ടെത്താന്‍ വേണ്ടി അലയുന്ന വിദേശികളും സ്വദേശികളും. ഒന്നിനുമല്ലാതെ നിര്‍മമരും നിസ്സംഗരുമായി അനന്തതയിലേയ്ക്ക് മിഴിനട്ടിരിക്കുന്ന ചിലര്‍. ഗംഗയെന്ന സ്വപ്നവും കൗതുകവും കണ്ണുകളില്‍ ആവാഹിച്ച്‌ മതിവരാതെ ചിലര്‍. എല്ലാവര്‍ക്കും അപ്പുറം കല്‍പ്പടവുകള്‍ക്കു താഴെയായി പതിഞ്ഞൊഴുകുന്ന മോക്ഷദായിനി. ഗംഗോത്രിയും ഹരിദ്വാറും ഋഷികേശുമൊക്കെ ഗംഗയുടെ ബാല്യകൗമാര യൗവ്വനങ്ങളാണ്. വാരാണസിയിലെ ഗംഗ മദ്ധ്യവയസ്സിന്റെ പക്വതയാര്‍ജ്ജിച്ചവളാണ്. ഇവിടെ എത്തുംമുന്‍പ് ഏറെക്കേട്ട അഴുക്കും വൃത്തികേടും ഇപ്പോള്‍ ഗംഗയിലും കല്‍പ്പടവുകളിലും ഇല്ല. ക്ലീന്‍ ഗംഗാ പ്രൊജക്ടിന്റെ ഫലം.

വാരാണസിയുടെ കരയില്‍നിന്നുയര്‍ന്ന് ഗംഗയില്‍ കുളിച്ചീറനായ തണുത്ത കാറ്റിന്റെ തൊട്ടുതലോടല്‍ ഏറ്റ് ഏറെനേരം ഗംഗാതീരത്തിരുന്നു. ഏകദേശം മൂന്നു മണിക്കൂറോളം. തിരിച്ച്‌ പോവണം എന്നുള്ളതുകൊണ്ട് മാത്രം മടങ്ങി. എന്തിനാണ് മടങ്ങുന്നത് എന്ന ചോദ്യം ഉള്ളിന്റെ ഉള്ളില്‍നിന്നു തനിയെ ഉയരുന്നതോ അതോ വാരാണസി ചോദിപ്പിക്കുന്നതോ? എന്തായാലും വീണ്ടും വരണം എന്നല്ല, എന്തിന് ഇവിടെനിന്നു പോവണം എന്നാണ് തോന്നുന്നത്. സര്‍വ്വമാന ജീവിതകാമനകളും അവസാനിപ്പിച്ച്‌ തന്നില്‍ ചേര്‍ത്തുനിര്‍ത്താനുള്ള കാശിയുടെ സ്വയംഭൂവായ ദൈവികത തന്നെയായിരിക്കാം കാശിയെ വിശ്വാസികളുടെ മോക്ഷസ്ഥാനമാക്കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top