Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
14 കിലോ കൂട്ടി, അത് അതുപോലെ കുറക്കാന്‍ പെട്ട പാട്, പറ്റില്ല എന്ന് പറഞ്ഞ് കരഞ്ഞു; നിമിഷ സജയന്‍ പറയുന്നു

14 കിലോ കൂട്ടി, അത് അതുപോലെ കുറക്കാന്‍ പെട്ട പാട്, പറ്റില്ല എന്ന് പറഞ്ഞ് കരഞ്ഞു; നിമിഷ സജയന്‍ പറയുന്നു

നിമിഷ സജയന്റെ അഭിനയത്തെ കുറിച്ച്‌ പ്രശംസിക്കാന്‍ വാക്കുകള്‍ മതിയാവില്ല, അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണ് എന്ന് തോന്നിപ്പിക്കുന്നതാണ് ഓരോ സിനിമയിലെയും കഥാപാത്രങ്ങള്‍.

അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി നിമിഷ ഏത് തരം റിസ്‌ക്കുകള്‍ എടുക്കുന്നതിനും തയ്യാറാണ്.

ബബിത സിംഗ് റിപ്പോര്‍ട്ടിങ് എന്ന തന്റെ ഹിന്ദി ചിത്രത്തിന് വേണ്ടി 14 കിലോയോളമാണ് ശരീര ഭാരം കൂട്ടിയത്. ഒരൊറ്റ കഥാപാത്രത്തിന് വേണ്ടി കൂട്ടിയ ശരീര ഭാരം അതേ ഡെഡിക്കേഷനോടെ നിമിഷ സജയന്‍ കുറയ്ക്കുകയും ചെയ്തു. അതിനെ കുറിച്ച്‌ നടി സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരിക്കുന്നു

നിമിഷ സജയന്റെ പോസ്റ്റ്

ഈ കഥാപാത്രത്തിന് വേണ്ടി ഞാന്‍ ഏകദേശം 14 കിലോ കൂട്ടിയിരുന്നു. 58 കിലോയില്‍ നിന്ന് 72 കിലോയിലേക്ക് എത്തി. സത്യം പറഞ്ഞാല്‍, അതിന് ശേഷം നടത്തിയ ഭാരം കുറയ്ക്കാനുള്ള യാത്ര തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു.

ആദ്യത്തെ 10 ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. കൃത്യമായ ഉറക്കമില്ല, പെട്ടെന്നുള്ള മൂഡ് സ്വിങ്‌സ്, കടുത്ത തളര്‍ച്ച, നിരാശ... എനിക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സത്യസന്ധമായി തോന്നിയ ഒരുപാട് നിമിഷങ്ങളുണ്ടായി. എന്റെ ട്രെയ്‌നറുടെ മുന്നിലിരുന്ന് 'എനിക്കിത് ഇനി ചെയ്യാന്‍ പറ്റില്ല' എന്ന് പറഞ്ഞ് കരഞ്ഞ ദിവസങ്ങള്‍ വരെയുണ്ടായിരുന്നു.

അലി ഷിഫാസ് നിങ്ങളില്ലായിരുന്നെങ്കില്‍... ഞാന്‍ തീര്‍ച്ചയായും ഇത് പകുതിയില്‍ ഉപേക്ഷിക്കുമായിരുന്നു. ഈ യാത്രയിലുടനീളം നിങ്ങള്‍ എനിക്കൊരു വലിയ തുണയായിരുന്നു. എനിക്ക് തളര്‍ച്ച തോന്നുമ്പോള്‍ എന്നെ മുന്നോട്ട് നയിക്കാനും, ഉപേക്ഷിക്കാന്‍ തോന്നിയപ്പോള്‍ പ്രോത്സാഹിപ്പിക്കാനും, ഈ പ്രക്രിയയില്‍ വിശ്വസിക്കാന്‍ ക്ഷമയോടെ എന്നെ ഓര്‍മ്മിപ്പിക്കാനും നിങ്ങളുണ്ടായിരുന്നു. എന്റെ മോശം ദിവസങ്ങളില്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയോ സങ്കടപ്പെടുത്തുകയോ ചെയ്തില്ല. പകരം എല്ലാ ദിവസവും ഒപ്പം തന്നെ ഉണ്ടായിരുന്നു. നിരാശയും ക്ഷീണവും കാരണം നിര്‍ത്തിപ്പോകാന്‍ തോന്നിയ എത്രയോ ദിവസങ്ങള്‍... എങ്കിലും അടുത്ത ദിവസവും തിരികെ വന്ന് വീണ്ടും ശ്രമിക്കാനുള്ള ഊര്‍ജ്ജം എങ്ങനെയൊക്കെയോ നിങ്ങള്‍ എനിക്ക് തന്നു.


തിരിഞ്ഞുനോക്കുമ്പോള്‍, ഈ യാത്ര വെറുമൊരു ഭാരം കുറയ്ക്കല്‍ മാത്രമല്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു.... ഇത് ക്ഷമയുടെയും, പ്രോസസിങിലുള്ള വിശ്വാസത്തിന്റെയും, അതിലുമേറെ ശരിയായ ഒരു വ്യക്തി ഒപ്പമുണ്ടാകുന്നതിന്റെയും കഥയാണ്.

എന്റെ ഈ കഠിനമായ യാത്രയെ നിങ്ങളുടെ സാന്നിധ്യം കൊണ്ട് എത്രയോ എളുപ്പമുള്ളതാക്കി മാറ്റി. എന്റെ ഏറ്റവും മികച്ച ട്രെയ്‌നര്‍ക്ക്, എന്റെ ഏറ്റവും വലിയ പ്രോത്സാഹനത്തിന്, എന്റെ കൂടെപ്പിറപ്പിന്... എന്നില്‍ എനിക്ക് പോലും വിശ്വാസം നഷ്ടപ്പെട്ട ദിവസങ്ങളില്‍ പോലുമെന്നെ വിശ്വസിച്ചതിന് നന്ദി ഷിഫുക്കാ. നിങ്ങളില്ലായിരുന്നെങ്കില്‍ എനിക്കിത് ഒരിക്കലും സാധ്യമാകുമായിരുന്നില്ല!
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam