ടെഹ്റാൻ: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഹോർമുസ് കടലിടുക്കിലൂടെ 26 കപ്പലുകള്‍ കടന്നുപോയതായി ഇറാൻ. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായി ഏകോപിപ്പിച്ച് പോകാൻ തയ്യാറായവരുടെ കപ്പലുകളാണ് കടന്നു പോയത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് അനുമതി വാങ്ങണമെന്നും, ഐആർജിസിയുടെ ഏകോപനം ആവശ്യമാണെന്നും ഇറാൻ അറിയിച്ചു. ഇങ്ങനെയല്ലാതെ കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാൻ കഴിയില്ല. മറ്റ് വഴികളിലൂടെ കടന്നുപോകുന്നത് ഒരു ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായി കണക്കാക്കുകയും അതനുസരിച്ച് ആ പ്രശ്നത്തെ കൈകാര്യം ചെയ്യുമെന്നും ഇറാൻ പ്രസ്താവിച്ചു.
ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഐആർജിസി നാവികസേനയാണെന്ന് ഇറാൻ പ്രസ്താവിച്ചു. കടലിടുക്കിലൂടെ തങ്ങളുടെ അനുമതി വാങ്ങാതെയുള്ള ഏതൊരു യാത്രയ്ക്കു നേരെയും ആക്രമണം നടക്കും.
അതെസമയം ഗള്‍ഫ് മേഖല വീണ്ടും സംഘർഷത്തിലേക്ക് വഴുതി വീഴുന്നതായാണ് റിപ്പോര്‍ട്ട്. കുവൈത്തില്‍ ഇറാൻ നടത്തിയ ആക്രമണം വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം വീണ്ടും തുടങ്ങരുതെന്ന് റഷ്യ പ്രസ്താവിച്ചു. ഇറാനെതിരായ പുതിയ യുഎസ് സൈനിക ആക്രമണവും, കുവൈത്തിനെതിരായ ഇറാന്റെ ആക്രമണവും ലോകമെങ്ങും ഓഹരി വിലകളെ ഇടിച്ചതായി റിപ്പോർട്ടുണ്ട്. എണ്ണവില 4 ശതമാനം വരെ ഉയർന്നു. നിലവിലെ സമാധാന ചർച്ചകളെ ഇത് ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര അതീവ സങ്കീർണവും അപകടകരവുമായി മാറിയിരിക്കുകയാണ്. യുഎസിന്റെ ഉപരോധവും, ഇറാനില്‍ നിന്നുള്ള ആക്രമണ ഭീഷണിയും കപ്പലുകള്‍ക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതി സൃഷ്ടിച്ചു. ഈ യാത്രകള്‍ക്ക് ഇൻഷുറൻസ് പ്രീമിയം വളരെ ഉയർന്നിട്ടുമുണ്ട്. ഇതോടെ ചരക്കുനീക്കം വളരെ ചെലവേറിയതായി മാറി. ഇതിനു പുറമെയാണ് ഇറാൻ ഈടാക്കുന്ന ടോള്‍. ഇത്തരത്തില്‍ ടോള്‍ ഇടാക്കി ഇന്ന് 26 കപ്പലുകള്‍ കടന്നു പോയെന്നാണ് ഇറാൻ പറയുന്നത്. ഹോർമൂസിലെ ഗതാഗതം ഇനിയൊരിക്കലും പഴയതു പോലെയാകില്ലെന്ന് ഇറാൻ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഹോർമുസ് വഴിയുള്ള ഗതാഗതം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.7 ശതമാനം ഉയർന്ന് ബാരലിന് 96.8 ഡോളറിലെത്തി.
തെക്കൻ ലെബനനില്‍ ഇസ്രായേല്‍ കനത്ത ബോംബിങ് തുടരുകയാണ്. ഇതിനെതിരെ ഹിസ്ബുള്ളയുടെ ഡ്രോണുകള്‍ ഇസ്രായേല്‍ സൈനികരെ ലക്ഷ്യം വച്ച് ആക്രമണം തുടരുന്നുണ്ട്. ഹിസ്ബുള്ളയെ തെക്കൻ ലെബനനില്‍ നിന്ന് പായിച്ച് കൂടുതല്‍ പിന്നോട്ട് തള്ളുക എന്നതാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യം.

