Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
5 തീരുമാനങ്ങളെടുത്ത് ഇന്ത്യ മുന്നണി യോഗം; പ്രധാന സംഭവങ്ങള്‍

5 തീരുമാനങ്ങളെടുത്ത് ഇന്ത്യ മുന്നണി യോഗം; പ്രധാന സംഭവങ്ങള്‍

Samayam Malayalam 2 weeks ago

ന്യൂഡല്‍ഹി: അഞ്ച് തീരുമാനങ്ങളെടുത്താണ് ഇന്ത്യാ ബ്ലോക്ക് യോഗം ഇന്ന് പൂർത്തിയായത്. യോഗത്തില്‍ 25 പാർട്ടികള്‍ പങ്കെടുത്തിരുന്നു.

ഇവരെല്ലാം ചേർന്ന് അഞ്ച് പ്രധാന തീരുമാനങ്ങള്‍ എടുത്തതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

5 തീരുമാനങ്ങള്‍ ഇങ്ങനെ


  1. എസ്‌ഐആർ, വോട്ട് കൊള്ള, തിരഞ്ഞെടുപ്പ് ക്രമക്കേട് തുടങ്ങിയവയെക്കുറിച്ച്‌ ചീഫ് ജസ്റ്റിസിന് ഒരു കത്ത് അയയ്ക്കാൻ ധാരണയായി. കത്ത് ഉടൻ കൈമാറും
  2. വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര രാജി ആവശ്യപ്പെടാൻ ഏകകണ്ഠമായി ധാരണയായി.
  3. അസ്ഥിരമായ സാമ്പത്തിക സ്ഥിതി, കർഷകരുടെ പ്രശ്നങ്ങള്‍, വിലക്കയറ്റം, ജനങ്ങളുടെ മറ്റ് പ്രശ്നങ്ങള്‍ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ഉടൻ ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.
  4. ഇന്ത്യാ മുന്നണി ഓരോ രണ്ട് മാസത്തിലും യോഗം ചേരുമെന്ന് തീരുമാനം കൈക്കൊണ്ടു. അടുത്ത യോഗം ഓഗസ്റ്റില്‍ ഹൈദരാബാദില്‍.
  5. പാർലമെന്റ് ചേരുമ്പോള്‍ ഇന്ത്യ ബ്ലോക്കിന്റെ ഏകോപനം എല്ലാ ദിവസവും നടത്തും.

ബിജെപി നേതാക്കളുടെ കടുത്ത വിമർശനങ്ങള്‍ക്കും, ബിജെപിയുടെ പോസ്റ്റർ പ്രചാരണങ്ങള്‍ക്കുമിടയിലാണ് ഇന്ത്യ മുന്നണി യോഗം ചേർന്നത്. ന്യൂഡല്‍ഹിയില്‍ യോഗം നടക്കുന്ന മേഖലയിലാകെ വലിയ ബോർഡുകളില്‍ പിണറായി വിജയൻ അർവിന്ദ് കെജ്രിവാള്‍ തുടങ്ങിയ നേതാക്കള്‍ മുമ്പ് സഖ്യത്തിനെതിരെ പറഞ്ഞത്നിറെ ഉദ്ധരണികള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ ബോർഡുകളില്‍ 'ഇൻഡി മുന്നണി' എന്നാണ് എഴുതിയിരിക്കുന്നത്. ഇന്ത്യാ മുന്നണിയെ 'ഇൻഡി മുന്നണി' എന്ന് വിശേഷിപ്പിക്കാറുള്ളത് ബിജെപിയാണ്.

വിട്ടുനിന്നവർ


അതെസമയം ഡിഎംകെ, എഎപി എന്നീ പാർട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. മമതാ ബാനർജി സജീവമായി പങ്കെടുത്തു. കോണ്‍ഗ്രസ് തങ്ങളോടൊപ്പമില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. "അവർ ഇപ്പോള്‍ ടിവികെയ്‌ക്കൊപ്പമാണ്. ഭാവിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പാർലമെന്റ് തിരഞ്ഞെടുപ്പുകളിലേക്കും ടിവികെ സഖ്യത്തില്‍ മത്സരിക്കുമെന്ന് അവർ പറയുന്നു. അതായത് അവർ ഞങ്ങളുടെ സഖ്യത്തിലില്ല. പിന്നെ ഞങ്ങള്‍ എന്തിന് അവരോടൊപ്പം നില്‍ക്കണം?," അദ്ദേഹം ചോദിച്ചു

ബിജെപി വിമർശനം


ചിലപ്പോള്‍ ഓണ്‍ ആവുകയും ചിലപ്പോള്‍ ഓഫ് ആവുകയും ചെയ്യുന്ന സംവിധാനമാണ് ഇന്ത്യാ മുന്നണിയെന്ന് മുൻ കേന്ദ്രമന്ത്രിയും, നിലവില്‍ കേരളത്തില്‍ എംഎല്‍എയുമായ വി മുരളീധരൻ പ്രസ്താവിച്ചു. ഇന്ത്യാ ബ്ലോക്കിന് 'ലക്ഷ്യമില്ല' എന്ന് ബിജെപിയുടെ ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. 'കടലാസ്' സഖ്യം എന്ന് അദ്ദേഹം ഇന്ത്യാ മുന്നണിയെ പരിഹസിച്ചു. സഖ്യം കടലാസില്‍ മാത്രമാണുള്ളത്. ഈ ഇന്ത്യാ സഖ്യത്തിന് ഒരു ലക്ഷ്യവുമില്ല; അതിന് ഭിന്നത മാത്രമേയുള്ളൂ. രാജ്യസഭാ സീറ്റിനെച്ചൊല്ലി ജെഎംഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു പോരാട്ടം നടക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ ഒരുമ ആവശ്യമായ ഘട്ടമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസ്താവിച്ചു. ഏപ്രില്‍ 17ന് സർക്കാരിന്റെ ഭരണഘടനാ ഭേദഗതി ബില്ലിനെ ഒരുമിച്ച്‌ നിന്നെതിർത്തത് ഇന്ത്യാ മുന്നണിയുടെ ശക്തിയുടെ പ്രതീകമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂല്‍ കോണ്‍ഗ്രസിലെ മമത ബാനർജി, സമാജ്‌വാദി പാർട്ടിയിലെ അഖിലേഷ് യാദവ്, ആർജെഡിയിലെ തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറൻസിലെ ഒമർ അബ്ദുള്ള, പിഡിപിയിലെ മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍, ഇടതുപക്ഷ നേതാക്കള്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, സിപിഐയുടെ ഡി രാജ, തുടങ്ങിയവർക്കൊപ്പം ശിവസേന (യുബിടി) യുടെ ഉദ്ധവ് താക്കറെ യോഗത്തില്‍ വെർച്വലായി പങ്കെടുത്തു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam