തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കമായി. ഡല്‍ഹിയില്‍ നിന്നും എയർ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍ ആദ്യ സർവീസായി കെഎസ്‌ആർടിസി വാടകക്ക് എടുത്ത ട്രക്കില്‍ ആലുവയിലേക്ക് കയറ്റി അയച്ചു.
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ കാർഗോ സർവീസ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.
സർക്കാരിന്റെ നൂറുദിന കർമപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതി കെഎസ്‌ആർടിസിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ച് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടം ഘട്ടമായി വിപുലീകരിക്കും. കെഎസ്‌ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയില്‍ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ലീറ്റായി കെഎസ്‌ആർടിസി മാറുമെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകള്‍ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്‌ആർടിസിയും ഈ മേഖലയിലേക്ക് കടന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കെഎസ്‌ആർടിസി യാത്രക്കാർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തില്‍ വിനിയോഗിക്കും. വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകളാണ് നിലവില്‍ കാർഗോ സംവിധാനത്തിനായി ഉപയോഗിക്കുന്നത്.
സ്കോർപ്പിയോണ്‍ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് ഈ സേവനത്തിനായി കെഎസ്‌ആർടിസിക്ക് പിന്തുണ നല്‍കുന്നതെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി. ചടങ്ങില്‍ വാർഡ് കൗണ്‍സിലർ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. കെഎസ്‌ആർടിസി സിഎംഡി ഡോ. പിഎസ് പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫിസർ പികെ അജു, സ്കോർപ്പിയോണ്‍ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർമാരായ ഡി വിജയൻ, അഭിലാഷ് വിജയൻ, അസറ്റ് ഇൻഫ്രാസ്ട്രെക്ചർ ഹെഡ് കെഎസ് ഷിബുകുമാർ, ലീഡ് കാർഗോ ഹെഡ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു. മിതമായ നിരക്കില്‍ പ്രവർത്തിക്കുന്ന കെഎസ്‌ആർടിസിയുടെ കാർഗോ സേവനങ്ങള്‍ക്കായി 99957 07131 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കെഎസ്‌ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങള്‍ കൂടി ആരംഭിച്ചത്.

