Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അടിച്ചമര്‍ത്താൻ ശ്രമിച്ചാല്‍ വളരും': കോക്റോച്ച്‌ പാര്‍ട്ടിയെക്കുറിച്ച്‌ കെസി വേണുഗോപാല്‍

'അടിച്ചമര്‍ത്താൻ ശ്രമിച്ചാല്‍ വളരും': കോക്റോച്ച്‌ പാര്‍ട്ടിയെക്കുറിച്ച്‌ കെസി വേണുഗോപാല്‍

ഗുരുവായൂർ: അടിച്ചമർത്താൻ ശ്രമിച്ചാല്‍ 'കോക്റോച്ച്‌ ജനതാ പാർട്ടി' പോലുള്ള യുവാക്കളുടെ മുന്നേറ്റങ്ങള്‍ വളരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.

യുവാക്കളുടെ വികാരമാണ് അവർ പ്രകടിപ്പിക്കുന്നതെന്നും അവയെ അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കോക്റോച്ച്‌ ജനതാ പാർട്ടി എന്ന കൂട്ടായ്മയെ മുൻനിർത്തി യുവാക്കള്‍ക്ക് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്നു എന്ന് പറയാനാകില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഗുരുവായൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. അതെസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിടാൻ സർക്കാരില്ലെന്നതാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ചെറുപ്പക്കാരുടെ വികാരം സർക്കാർ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും നിയന്ത്രിക്കാനും പരിഹരിക്കാനും കേന്ദ്രസർക്കാരിന് മാർഗങ്ങളില്ലെന്നും കെ സി വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി. രാജ്യത്തെ ചെറുപ്പക്കാരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി ആരാണെന്ന് ആരും ചർച്ച ചെയ്യുന്നില്ല. തൊഴിലിനായി കാത്തുനില്‍ക്കുന്ന ചെറുപ്പക്കാർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് നിലവില്‍ കോക്റോച്ച്‌ ജനതാ പാർട്ടി പോലുള്ള പ്രതിഷേധ കൂട്ടായ്മകള്‍ക്ക് കാരണം. അതിന്റെ പേരില്‍ അവരെ കുറ്റവാളി ആക്കുന്നതില്‍ അർത്ഥമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു. സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന പ്രതിഷേധങ്ങളെ പോസിറ്റീവായി എടുക്കണം. അതല്ലാതെ നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ അമർച്ച ചെയ്യുകയല്ല വേണ്ടത്. പ്രതിഷേധങ്ങള്‍ ഉയരുന്നത് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. ആ വികാരം മാനിക്കേണ്ടത് സർക്കാരിൻ്റെ കടമയാണ്. നിലവിലെ വിഷയത്തിലും സർക്കാർ ചെറുപ്പക്കാരുടെ വികാരം മാനിച്ച്‌ ഈ പ്രശ്നവും പരിഹരിക്കണം. അതിന് പകരം ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ നേരിട്ടാല്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ 12 വർഷം കൊണ്ട് എം എസ് എം ഇ-യെ തകർത്തും തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയും അഗ്നിവീർ പദ്ധതി നടപ്പാക്കിയും കേന്ദ്രസർക്കാർ ചെറുപ്പക്കാരുടെ അവസരങ്ങള്‍ പരിമിതപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാതെ ലോകം ചുറ്റിക്കറങ്ങി നാടകം കളിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളെയും കെസി വേണുഗോപാല്‍ വിമർശിച്ചു. ഇന്ധനവില തുടർച്ചയായി ഉയരുമ്പോഴും ചർച്ചയിലൂടെ പരിഹാരമാർഗ്ഗം കണ്ടെത്താൻ തയ്യാറാകാതെ ലോകം ചുറ്റുകയാണ് പ്രധാനമന്ത്രി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരുന്ന കാലഘട്ടത്തില്‍ പോലും എക്സൈസ് നികുതി ഉയർത്തി അമിതവില കേന്ദ്രസർക്കാർ ഈടാക്കി. അതീവ ഗുരുതര സാഹചര്യമാണ് ഇനി വരാനിരിക്കുന്നത്. അതു നേരിടാനുളള ഒരു തയ്യാറെടുപ്പും നടത്താതെ ആഘോഷ തിമിർപ്പിലും നാടകങ്ങളിലുമാണ് പ്രധാനമന്ത്രി. ചെറുപ്പക്കാരുടെ വികാരങ്ങള്‍ മാനിച്ച്‌ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam