കോഴിക്കോട്: കുന്ദമംഗലത്ത് രണ്ടുപേർ കൊല്ലപ്പെട്ട സ്ഫോടനത്തില്‍ വീടിൻ്റെ അടുക്കളഭാഗം പൂർണമായി തകർന്നു. ഓടിട്ട വാടകവീടിൻ്റെ പിൻവശത്ത് അടുക്കളയോടു ചേർന്ന ഭാഗത്താണ് സ്‌ഫോടനമുണ്ടായത്.
രാമനാട്ടുകര പാറമ്മല്‍ മഠത്തില്‍ പറമ്പില്‍ രാഹുല്‍ (26), മുണ്ടിക്കല്‍ത്താഴം പുതിയോട്ടു മേത്തല്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്..
പടക്ക നിർമാണത്തിനിടയിലാണ് സ്ഫോടനമെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. മുണ്ടിക്കല്‍ താഴം പുതിയോട്ട് മീത്തല്‍ വിഷ്ണു, ഭാര്യ കോട്ടയം സ്വദേശി സിനി, മെഡിക്കല്‍ കോളജ് എടക്കണ്ടപ്പറമ്പത്ത് ഹിജിത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കള്‍ നിർമിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന് ആണ് കേസ്. കുന്ദമംഗലം പോലീസ് ആണ് കേസ് എടുത്തത്. രാഹുലും സംഘവും നവംബർ മുതലാണ് ഈ വീട്ടിലേക്ക് താമസം മാറിയത്. ഈ വീടിൻ്റെ ചുമരും ഓടുമുള്‍പ്പെടെ അടുക്കളഭാഗം പൂർണമായി തകർന്നു. ഒരുകിലോമീറ്റർ അകലെവരെ സ്‌ഫോടനശബ്ദം കേട്ടിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അയല്‍ വീടുകളുടെ ചില്ലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന പനയോലകളും വെടിമരുന്നും വീടിനുസമീപം സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നിർമിച്ച പടക്കങ്ങളും പെട്ടികളിലുണ്ടായിരുന്നു. വിഷുവിപണി ലക്ഷ്യമിട്ടാണ് ഇവിടെ പടക്ക നിർമാണം നടന്നിരുന്നത്. അനധികൃതമായാണ് പടക്കം നിർമിച്ചിരുന്നതെന്നാണ് വിവരം. വീടിനുള്ളില്‍ പടക്കനിർമാണം നടക്കുന്നതായി നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പഞ്ഞു.
മാസങ്ങള്‍ക്കുമുൻപ് പലയിടത്തുനിന്നായി പനയോലകള്‍ ശേഖരിച്ച് ഇവിടെയെത്തിച്ചിട്ടുണ്ട്. കുരിക്കത്തൂർ അങ്ങാടിയില്‍നിന്ന് 200 മീറ്റർ അകലെ പെരുവഴികടവിലേക്കു പോകുന്ന റോഡിലാണ് വീടുള്ളത്. കുരിക്കത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം അത്തോളി- ഉള്ളിയേരി മേഖലകളിലേക്കും വ്യാപിക്കുകയാണ്. വാടകവീടെടുത്ത് നാടൻപടക്കങ്ങള്‍ നിർമിച്ച വിഷ്ണുവിനും രാഹുലിനും പടക്കനിർമാണവും വിതരണവുമായി ബന്ധമുള്ളതായുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അർധരാത്രിയോടെ സംഭവസ്ഥലത്ത് എത്തിയ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിലും മറ്റൊരിടത്തേക്ക് കുരിക്കത്തൂരില്‍നിന്ന് പടക്കനിർമാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ എത്തിക്കുന്നതായി വിവരമുണ്ട്. ആ കേന്ദ്രം കണ്ടെത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. വീടിൻ്റെ ഉടമ കഴിഞ്ഞവർഷം നവംബറിലാണ് ഇവർക്ക് വാടകയ്ക്ക് നല്‍കിയത്. അതിനുമുൻപ് മുണ്ടിക്കല്‍ത്താഴത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

