Dailyhunt
അഞ്ചു പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയാകുന്നു; സംസ്ഥാനത്ത് വീണ്ടും അവയവദാനം

അഞ്ചു പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയാകുന്നു; സംസ്ഥാനത്ത് വീണ്ടും അവയവദാനം

Samayam Malayalam 3 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാല്‍ ഇനി അഞ്ചു പേരിലൂടെ ജീവിക്കും.

കൃഷ്ണലാലിൻ്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഹൃദയവും രണ്ടു വ‍ൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്.

33കാരനായ കൃഷ്ണലാല്‍ വാഹനപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. അപകടത്തിന് പിന്നാലെ അവയവദാനത്തിന് കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണലാലിനെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.

വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു ഇയാള്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കൃഷ്ണലാലിൻ്റെ ഹൃദയം എയർ ആംബുലൻസ് വഴി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. രണ്ടു വ‍ൃക്കകളും കരളും കണ്ണും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൈമാറും.

കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തില്‍ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡി ക്ലർക്ക് ജിജിൻ്റെറെയും അവയവങ്ങളാണ് ഫെബ്രുവരിയില്‍ കെ-സോട്ടോ വഴി ദാനം ചെയ്തത്.

10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഫെബ്രുവരി 13നാണ് മരിച്ചത്. മസ്തിഷ്ക മരണത്തെത്തുടർന്ന് കുട്ടിയുടെ അച്ഛൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അരുണ്‍ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.

ഫെബ്രുവരി 24ന് മസ്‌തിഷ്‌കമരണം സംഭവിച്ച ജിജിൻ്റെ നേത്രപടലങ്ങള്‍, വൃക്ക, ഹൃദയം, കരള്‍, പാൻക്രിയാറ്റിക് ഗ്രന്ഥി എന്നിവയാണ്‌ ദാനം ചെയ്തത്. മാർച്ച്‌ മൂന്നിന് മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശിയായ ജാസ്‍ലിയ ജോണ്‍സണിൻ്റെ കരള്‍, രണ്ട് വൃക്കകള്‍, നേത്രപടലം എന്നിവയും ദാനം ചെയ്തിരുന്നു. മാർച്ച്‌ 14ന് മരിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിൻ്റെ ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലം എന്നീ അവയവങ്ങളും ദാനം ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam