Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതിവേഗ റെയില്‍പ്പാതയും ഇല്ല, കോച്ച്‌ ഫാക്ടറിയുമില്ല; കേരളത്തിൻ്റെ റെയില്‍വേ വികസനം സ്വപ്നങ്ങളില്‍ മാത്രം

അതിവേഗ റെയില്‍പ്പാതയും ഇല്ല, കോച്ച്‌ ഫാക്ടറിയുമില്ല; കേരളത്തിൻ്റെ റെയില്‍വേ വികസനം സ്വപ്നങ്ങളില്‍ മാത്രം

കൊച്ചി: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍പ്പാതയും കഞ്ചിക്കോട് കോച്ച്‌ ഫാക്ടറിയും യാഥാർഥ്യമാകാനുള്ള സാധ്യതകള്‍ വിരരളമാകുന്നു.

പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച്‌ ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടൊപ്പം അതിവേഗ റെയില്‍പ്പാത പദ്ധതിയും ഉപേക്ഷിച്ചതായി ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി യാഥാർഥ്യമാകില്ല


2008-09 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി. പ്രതിവർഷം 600 കോച്ചുകള്‍ നിർമിക്കാൻ ശേഷിയുള്ള, 1,215 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിച്ച ഈ വൻകിട വ്യവസായ സംരംഭത്തിനായി സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു നല്‍കുകയിരുന്നു. 2012 ഫെബ്രുവരിയില്‍ തറക്കല്ലിട്ട പദ്ധതിയാണ് 18 വർഷങ്ങള്‍ പിന്നിടുമ്പോള്‍ 'ആവശ്യത്തിന് കോച്ച്‌ ഫാക്ടറികള്‍ നിലവിലുണ്ട്' എന്ന ന്യായം പറഞ്ഞ് കേന്ദ്രം തള്ളിയിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

നിലവിലുള്ള നിർമാണ യൂണിറ്റുകള്‍ മതിയെന്ന വാദം കേവലം ഒരു പുകമറ മാത്രമാണ്. വർഷങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത കഞ്ചിക്കോടിനെ ആസൂത്രിതമായി ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ നയപരമായ ഒരു വഞ്ചനയാണ് കാട്ടിയത്. സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വലിയ വ്യവസായ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് നഷ്ടമായതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതിവേഗ റെയില്‍പ്പാത യാഥാർഥ്യമാകില്ല


അതിവേഗ റെയില്‍ യാഥാർഥ്യമായേക്കില്ലെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർധ അതിവേഗ പാത യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചതിനാല്‍ ഇനി അതില്‍ ചർച്ചകളൊന്നും സാധ്യമല്ല. ഇ ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നു വെച്ചതിനാല്‍ അതിലും ചർച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമാണ് കേന്ദ്രത്തിൻ്റെ നിലപാടെന്ന് എംപി പറഞ്ഞു.

റെയില്‍വേയുടെ മൂന്നും നാലും പാതകളുടെ സർവേകളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും മാത്രമാണ് മറുപടിയില്‍ പറയുന്നത്. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന എന്നാല്‍ എങ്ങുമെത്തിയിട്ടുമില്ലാത്ത പദ്ധതിയെ കുറിച്ചാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. റെയില്‍വേ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള മൂന്നും നാലും പാതകളുടെ പഠനവും സർവേയും എത്രയോ കാലങ്ങളായി തുടരുകയാണെന്നും അതൊരു 25 വർഷം കഴിഞ്ഞാലും യാഥാർഥ്യമാകില്ലെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

ഇ ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതി നിലവിലുള്ള മാതൃകയില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. മൊത്തത്തില്‍ കേരളത്തിൻ്റെ റെയില്‍വേ വികസന കാര്യത്തില്‍ വലിയൊരു തിരിച്ചടിയാണിത്. കേരളത്തിൻ്റെ റെയില്‍വേ സ്വപ്നങ്ങള്‍ പൂർണമായും ഇല്ലാതായിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam