Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു.

ഒന്നാം പ്രതി ഹുസൈൻ്റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹുസൈൻ്റെ അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് കോടതി നടപടി.

ഒന്നാംപ്രതി ഹുസൈൻ്റെ ശിക്ഷ മരവിപ്പിച്ച്‌ നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഐപിസി 304, പാർട്ട്‌ 2 മനപ്പൂർവം അല്ലാത്ത നരഹത്യ ഐപിസി 143 ആയിരുന്നു ഹുസൈനെതിരെ ചുമത്തിയത്. രണ്ടും നില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നു ഇത്.

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലൻ്റെയും മല്ലിയുടെയും മകനായ മധുവിനെ (27) അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയത്. പ്രതികള്‍ തന്നെ മർദ്ദനത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. 2018 ഫെബ്രുവരി 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൃത്യം നടന്ന് 90 ദിവസത്തിനകം അഗളി പോലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയില്‍ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാള്‍ ശിക്ഷ പൂർത്തിയാക്കിയതിനാല്‍ പുറത്തിറങ്ങി.

അതേസമയം, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിൻ്റെ കുടുംബവും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതും കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കുമേല്‍ കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്നും, വെറുതെ വിട്ട പ്രതികള്‍ക്കെതിരെ നടപടി വേണമെന്നുമാണ് മധുവിൻ്റെ അമ്മ നല്‍കിയ അപ്പീലില്‍ പറയുന്നത്.

മധു ആള്‍ക്കൂട്ട കൊലപാതകക്കേസ് പ്രതികള്‍

ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരില്‍ ഹുസൈൻ (ഇപ്പോള്‍ ഹൈക്കോടതി വെറുതെ വിട്ടു), മരക്കാർ (2-ാം പ്രതി), ഷംസുദ്ദീൻ (3-ാം പ്രതി), രാധാകൃഷ്ണൻ (5-ാം പ്രതി), അബൂബക്കർ (6-ാം പ്രതി), സിദ്ധിഖ് (7-ാം പ്രതി), ഉബൈദ് (8-ാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15ാം പ്രതി) എന്നിവരുടെ ശിക്ഷ കോടതി ശരിവെച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam