Dailyhunt
ബെംഗളൂരു ബിസിനസ് കോറിഡോര്‍: ടെൻഡര്‍ ക്ഷണിച്ചെങ്കിലും പുതിയ വെല്ലുവിളി, പദ്ധതിച്ചെലവ് കുതിക്കുന്നു

ബെംഗളൂരു ബിസിനസ് കോറിഡോര്‍: ടെൻഡര്‍ ക്ഷണിച്ചെങ്കിലും പുതിയ വെല്ലുവിളി, പദ്ധതിച്ചെലവ് കുതിക്കുന്നു

ബെംഗളൂരു: ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) പദ്ധതിക്കായി ടെൻഡറുകള്‍ ക്ഷണിച്ചെങ്കിലും പദ്ധതി പൂർണമായും ആരംഭിക്കുന്നതിന് മുൻപ് നിരവധി വെല്ലുവിളികള്‍.

മുമ്പ് പെരിഫറല്‍ റിങ് റോഡ് (പിആർആർ) എന്നറിയപ്പെട്ടിരുന്നു പദ്ധതി 2007ലാണ് ആദ്യമായി നിർദേശിക്കപ്പെട്ടത്. ഭൂമി ഏറ്റെടുക്കല്‍, നിയമപരമായ തടസ്സങ്ങള്‍, പദ്ധതിച്ചെലവ് എന്നിവ കാരണം ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പദ്ധതി വൈകി.

മാർച്ച്‌ 30ന് ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) തുംകുരു റോഡ് മുതല്‍ ബല്ലാരി റോഡ് വരെ നീളുന്ന ആദ്യ പാക്കേജിന്റെ സിവില്‍ ജോലികള്‍ക്കായി ടെൻഡറുകള്‍ ക്ഷണിച്ചു. 3,348 കോടി രൂപ കണക്കാക്കിയ ചെലവില്‍ ഏകദേശം 20 കിലോമീറ്ററാണ് ദൈഘ്യം. ടെൻഡർ നടപടികള്‍ ആരംഭിച്ചെങ്കിലും പദ്ധതി പൂർണമായും ആരംഭിക്കുന്നതിന് മുൻപ് വെല്ലുവിളികള്‍ തുടരുകയാണ്.



ഭൂമി ഏറ്റെടുക്കലിലെ പുരോഗതി വൈകുന്നതാണ് ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്ക് തിരിച്ചടിയാകുന്നത്. കർണാടക സർക്കാർ അഞ്ച് നഷ്ടപരിഹാര ഓപ്ഷനുകള്‍ ഭൂമി ഏറ്റെടുക്കലിനായി വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെ ആവശ്യമായ 2,360 ഏക്കറില്‍ 623 ഏക്കർ ഭൂമി മാത്രമാണ് കണ്ടെത്താനായത്. എന്നിരുന്നാലും പാക്കേജ് ഒന്നിന് ആവശ്യമായ ഭൂമിയുടെ ഏകദേശം 83 ശതമാനം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ ചെയർമാൻ എല്‍കെ അതീഖ് ഇക്കാര്യം സ്ഥിരീകരിച്ചു. 2007ല്‍ പുറപ്പെടുവിച്ച യഥാർഥ അന്തിമ വിജ്ഞാപനം 3,586 കർഷകരെ ഉള്‍പ്പെടുത്തി 1,810 ഏക്കർ ഉള്‍പ്പെടുത്തിയിരുന്നു.

നിലവില്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമായതോടെ ഗുജറാത്തിലേതിന് സമാനമായി ലാൻഡ് പൂളിങ് മാതൃക സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർന്നു. ഭൂവുടമകള്‍ സർക്കാർ നേരിട്ട് ഭൂമി ഏറ്റെടുക്കുന്നതിനുപകരം വികസനത്തിനായി സ്വമേധയാ ഭൂമി സംഭാവന ചെയ്യുന്ന ഒരു മാതൃകയാണ് ലാൻഡ് പൂളിങ്. അടിസ്ഥാന സൗകര്യങ്ങള്‍ നിർമിച്ച ശേഷം വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം ഉടമകള്‍ക്ക് തിരികെ നല്‍കും. ബാക്കിയുള്ള ഭാഗം റോഡുകള്‍ക്കും പൊതു സൗകര്യങ്ങള്‍ക്കും ഉപയോഗിക്കും.

ബെംഗളൂരു ബിസിനസ് കോറിഡോറിൻ്റെ പാക്കേജ് ഒന്നിൻ്റെ ടെൻഡർ ഉടൻ അന്തിമമാകും. മെയ് അവസാനത്തോടെ, പാക്കേജ് ഒന്നിൻ്റെ ടെൻഡർ അന്തിമമാക്കും. 2026 ജൂണില്‍ പണി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കേജ് 2 ഉം 3 ഉം ഭൂമി ഏറ്റെടുക്കലിന്റെ വേഗതയെ ആശ്രയിച്ചിരിക്കും. ഭൂമി ഏറ്റെടുക്കല്‍ പുരോഗതിയെ അടിസ്ഥാനമാക്കി ബാക്കിയുള്ള പാക്കേജുകള്‍ക്കുള്ള ടെൻഡർ സമയപരിധി തീരുമാനിക്കും.

ബെംഗളൂരുവിന് ചുറ്റുമുള്ള നിയന്ത്രിത ഇടനാഴിയിലൂടെ നഗരത്തിലെ തിരക്ക് കുറയ്ക്കുക എന്നതാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ലക്ഷ്യമിടുന്നത്. എട്ടുവരി മെയിൻ കാരിയേജ്‌വേകളും നാലുവരി സർവീസ് റോഡുകളും ഉള്‍പ്പെടുന്നതാണ് നിർദിഷ്ട റോഡ്. തുമകുരു റോഡ്, ഹൊസൂർ റോഡ് തുടങ്ങിയ പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന ഈ പാത. 2007ല്‍ തുടക്കത്തില്‍ 3,000 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതി ചെലവ് 21,091 കോടി രൂപയായി വർധിച്ച. നിലവില്‍ പ്രതീക്ഷിക്കുന്നത് ഏകദേശം 27,000 കോടി രൂപയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam