തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായാണ് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പതിനാറാമത് കേരള നിയമസഭയാണ് നിലവില്‍ വന്നിരിക്കുന്നത്.
ഇതുവരെയുണ്ടായിരുന്ന പതിനഞ്ച് നിയമസഭകളിലായി 12 പേരാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയെടുത്താല്‍ കേരള മുഖ്യമന്ത്രിയാകുന്ന അഞ്ചാമത്തെയാളാണ് വിഡി സതീശൻ.
ഇഎംഎസ് നമ്പൂതിരിപ്പാട്, പട്ടം എ താണുപിള്ള, ആർ ശങ്കർ, സി അച്യുതമേനോൻ, കെ കരുണാകരൻ, എകെ ആൻ്റണി, പികെ വാസുദേവൻ നായർ, സിഎച്ച് മുഹമ്മദ്കോയ, ഇകെ നായനാർ, ഉമ്മൻ ചാണ്ടി, വിഎസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരാണ് ഇതുവരെ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചവർ.
കെ കരുണാകരൻ നാലുതവണയും, ഇകെ നായനാരും എകെ ആൻ്റണിയും മൂന്നുതവണയും മുഖ്യമന്ത്രിമാരായി. ഇഎംഎസ്, സി അച്യുതമേനോൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ എന്നിവർ രണ്ടു തവണയും മുഖ്യമന്ത്രി പദം വഹിച്ചു.
കേരള മുഖ്യമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരുടെ പട്ടികയെടുത്താല്‍ അഞ്ചാമത്തെയാളാണ് വിഡി സതീശൻ. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയായ ആദ്യ നേതാവ് ആർ ശങ്കർ ആയിരുന്നു. 1962 മുതല്‍ 1964 വരെയായിരുന്നു അദ്ദേഹം പദവിയിലിരുന്നത്. രണ്ടാമത് ഈ പദവിയിലെത്തിയ കോണ്‍ഗ്രസുകാരൻ സാക്ഷാല്‍ കെ കരുണാകരൻ ആയിരുന്നു. കേരള രാഷ്ട്രീയത്തിലെ 'ലീഡർ' വിവിധ ഘട്ടങ്ങളിലായി നാല് തവണ മുഖ്യമന്ത്രിയായി. 1977, 1981 - 1982, 1982 - 1987, 1991 - 1995 എന്നീ കാലയളവിലായിരുന്നു അത്.
പട്ടികയിലെ മൂന്നാമത്തെ കോണ്‍ഗ്രസുകാരൻ എകെ ആൻ്റണിയാണ്. മൂന്ന് തവണയാണ് അദ്ദേഹം മുഖ്യമന്ത്രി ആയത്. 1977 - 1978, 1995 - 1996, 2001 - 2004 കാലയളവുകളില്‍ ആയിരുന്നു അത്. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി കസേരയിലെത്തിയത് ഉമ്മൻ ചാണ്ടിയാണ്. രണ്ടു തവണയാണ് അദ്ദേഹം കേരളത്തെ നയിച്ചത്. 2004 - 2006, 2011 - 2016 കാലയളവിലാണ് ഇത്.
2016ല്‍ ഉമ്മൻ ചാണ്ടി കാലാവധി പൂർത്തിയാക്കിയ ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്നത്. കഴിഞ്ഞ 10 വർഷവും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സർക്കാരാണ് കേരളം ഭരിച്ചത്. 2021ല്‍ കേരള ചരിത്രത്തില്‍ ആദ്യമായി ഒരു സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചത് പിണറായി വിജയനായിരുന്നു. എന്നാല്‍ 2026ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 102 സീറ്റുകളോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണം പിടിച്ചത്. എല്‍ഡിഎഫ് 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എൻഡിഎ ഇതാദ്യമായി മൂന്നിടത്ത് വിജയിച്ചു. 2021 - 2026 കാലയളവില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

