തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ചൊവ്വാഴ്ചവരെ മഴ ശക്തമാകുമെന്ന് അറിയിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ (25/07/2026) കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
വരും മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ചരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍
26/07/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
27/07/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
28/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും (24/07/2026) നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 - 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട തോതില്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയാണുള്ളത്. ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടത്തും ലഭിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യത തുടരുകയാണ്.
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (24/07/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (24/07/2026) മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
നാളെയും (25/07/2026) മറ്റന്നാളും (26/07/2026) മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍, വടക്കൻ അറബിക്കടല്‍, തെക്ക് പടിഞ്ഞാറൻ അറബിക്കടല്‍, സോമാലിയ, ഒമാൻ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

