Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 'ചിലയ്ക്കല്‍' നിര്‍ത്തണമെന്ന് ട്രംപ്; ഇറാനില്‍ വിലപേശാൻ കഴിയുന്നില്ല

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 'ചിലയ്ക്കല്‍' നിര്‍ത്തണമെന്ന് ട്രംപ്; ഇറാനില്‍ വിലപേശാൻ കഴിയുന്നില്ല

Samayam Malayalam 4 months ago

വാഷിങ്ടണ്‍ ഡിസി: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളില്‍ പരസ്യമായി ഇടപെടുന്ന ഡെമോക്രാറ്റുകളെയും ചില റിപ്പബ്ലിക്കൻമാരെയും വിമർശിച്ച്‌ ട്രംപ്.

നിലവില്‍ നടക്കുന്ന നീക്കങ്ങളില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും, നന്നായി വിലപേശല്‍ നടത്താൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിലരുടെ 'ചിലപ്പ്' തന്റെ വിലപേശല്‍ ശേഷിയെ ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടണുമായി ഒരു കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഏതൊരു കരാറും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ഇറാൻ യുദ്ധ വിമർശകരെ പ്രസിഡന്റ് വിമർശിച്ചത്. നിരന്തരമായി ഇത്തരം വിഷയങ്ങളില്‍ ചർച്ചകള്‍ നടക്കുന്നത് ഫലപ്രദമായി കാര്യങ്ങള്‍ നീക്കുന്നത് തനിക്ക് ബുദ്ധിമുട്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്. അത് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നല്ലതായിരിക്കും. പക്ഷേ, ഡെമോക്രാറ്റുകളും, ദേശസ്‌നേഹമില്ലാത്ത ചില റിപ്പബ്ലിക്കൻമാരും അതില്‍ ചർച്ചകള്‍ നടത്തുകയാണ്. എന്റെ ജോലി ശരിയായി ചെയ്യുന്നതിന് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അവർ മനസ്സിലാക്കുന്നില്ല. വീണ്ടും വീണ്ടും നെഗറ്റീവ് പറയുകയാണ് അവർ. വേഗത്തില്‍ പോകണം, അല്ലെങ്കില്‍ പതുക്കെ നീങ്ങണം, യുദ്ധത്തിന് പോകണം, യുദ്ധത്തിന് പോകരുത്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണം എന്നെല്ലാം ചിലച്ചു കൊണ്ടിരിക്കുന്നു. വെറുതെ ഇരുന്നു വിശ്രമിക്കൂ, എല്ലാം ഒടുവില്‍ നന്നായി നടക്കും - അത് എല്ലായ്പ്പോഴും സംഭവിക്കും," ട്രംപ് എഴുതി.

ഇതിനിടെ ഇറാനുമായി യുഎസ് ഏർപ്പെട്ട വെടിനിർത്തല്‍ കരാർ പല തവണയായി യുഎസ് ലംഘിക്കുന്ന റിപ്പോർട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇറാന്റെ ഒരു മിസൈല്‍ നിർമാണ കേന്ദ്രത്തെയും, ഡ്രോണ്‍, റഡാർ കേന്ദ്രങ്ങളെയും യുഎസ് ആക്രമിച്ചു. യുഎസ് തുടർച്ചയായി വെടിനിർത്തല്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഇറാൻ രംഗത്തെത്തി.

ഇതില്‍ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് ഇറാൻ പ്രസ്താവിച്ചു. ഇറാന്റെ തെക്കൻ തുറമുഖത്ത് നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് ഈ പ്രസ്താവന. ഇന്ന് രാവിലെക്കൂടി അമേരിക്ക വെടിനിർത്തല്‍ ലംഘിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഖായി പറഞ്ഞു. ഇറാന്റെ ദേശീയ സുരക്ഷയെ സംരക്ഷിക്കാൻ ആവശ്യമെന്ന് തോന്നുന്ന ഏത് നടപടിയും ഇറാൻ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനനില്‍ ഇസ്രായേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബെയ്റൂത്തിലും ആക്രമണം നടത്താൻ നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്. തെക്കൻ ലെബനൻ നഗരങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്കെതിരെ ഫ്രാൻസ് രംഗത്തു വന്നു. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെങ്കിലും രാജ്യങ്ങളുടെ പരമാധികാരത്തിനു മീതെ ഇത്തരം ഇടപെടലുകള്‍ പാടില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam