തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു.
ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെഎം ചന്ദ്രശേഖരനെയാണ് സമിതിയുടെ ചെയര്‍മാനായി നിശ്ചയിച്ചിരിക്കുന്നത്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കണ്‍വീനറായിരിക്കും. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറക്ടര്‍ ഡോ. വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്ത് ദിവസത്തിനകം ധവളപത്രം പുറത്തിറക്കാനാണ് സർക്കാരിന്റെ നീക്കം.
അതെസമയം ഇതിനകം തന്നെ ചില തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പൂർണമായോ ഭാഗികമായോ നടപ്പാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ആശാ വര്‍ക്കർമാരുടെ വേതനം 3000 രൂപ കൂട്ടി. ആയമാരുടെയും പാചകത്തൊഴിലാളികളുടെയും വേതനം 1000 രൂപ വീതം കൂട്ടി. ജൂണ്‍ 15 മുതല്‍ക്ക് സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നയത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു. ഇതിനകം സാമ്പത്തികപ്രതിസന്ധിയില്‍ പെട്ട കെഎസ്‌ആർടിസി കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര ലഭിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ഇന്ദിര ഗാരണ്ടികള്‍ എന്ന പേരില്‍ അഞ്ച് വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി വിഡി സതീശൻ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയിരുന്നത്. ഇതില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന വാഗ്ദാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുത്തു. മുതിർന്നവരെ പരിഗണിക്കുന്നതില്‍ ജപ്പാനിലെ രീതികള്‍ പഠിക്കേണ്ടതാണെന്നും, അതിനെ മാതൃകയാക്കുന്ന പദ്ധതികള്‍ കേരളഥ്തില്‍ നടപ്പാക്കുമെന്നും വിഡി സതീശൻ മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു. 2-3 മാസത്തിനകം വകുപ്പിന്റെ പ്രവർത്തനം വിപുലപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുതെന്നും മുഖ്യമന്ത്രി സതീശൻ പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ വേതനം 1,000 രൂപ ഉയർത്തിയുള്ള തീരുമാനവും വിഡി സതീശൻ പ്രഖ്യാപിച്ചു. പ്രീപ്രൈമറി ടീച്ചർമാരുടെ വേതനവും 1000 രൂപ കൂട്ടിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗം ഈ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം മെയ് 21ന് വിളിച്ചു ചേർക്കാൻ ഗവര്‍ക്ക് ശുപാർശ നല്‍കിയിട്ടുണ്ട്. മേയ് 29-നായിരിക്കും ഗവർണറുടെ നയപ്രഖ്യാപനം. ജി സുധാകരൻ പ്രോ ടേം സ്പീക്കറായിരിക്കും.

