തൃശൂർ: പ്രദേശവാസികളില്‍ നിന്നും യാത്രക്കാരില്‍ നിന്നും ശക്തമായ എതിർപ്പ് തുടരുന്നതിനിടെ ദേശീയപാത 66ലെ നാട്ടികയില്‍ ടോള്‍ പിരിവ് നാളെ (ഒക്ടോബർ 8) മുതല്‍ ആരംഭിക്കാൻ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ).
കൊടുങ്ങല്ലൂരിനും കപ്പിരിക്കാടിനും ഇടയിലുള്ള നാട്ടികയിലാണ് വ്യാഴാഴ്ച മുതല്‍ ടോള്‍ പിരിവ് തുടങ്ങുന്നത്.
ടോള്‍ പ്ലാസയിലെ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ എൻഎച്ച്‌എഐ പുറത്തുവിട്ടു. കാറുകള്‍, ജീപ്പുകള്‍, മറ്റ് ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 180 രൂപയുമാണ് ടോള്‍ നിരക്ക്. ഇതേ വിഭാഗത്തില്‍പ്പെട്ട വാണിജ്യ വാഹനങ്ങള്‍ക്ക് ഒറ്റയാത്രയ്ക്ക് 195 രൂപയും മടക്കയാത്രയ്ക്ക് 290 രൂപയും നല്‍കണം. ബസുകള്‍, ട്രക്കുകള്‍ എന്നീ വാഹനങ്ങളുടെ ഒറ്റയാത്രയ്ക്ക് 405 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 610 രൂപയുമാണ് ടോള്‍ നിരക്ക്.
നാട്ടിക ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങള്‍ക്ക് പ്രതിമാസ പാസിന് 360 രൂപയായിരിക്കും ടോള്‍ നിരക്ക്. മറ്റ് വിഭാഗം വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്കുകളും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദേശീയപാത 66ലെ നാട്ടികയില്‍ ടോള്‍ പിരിവ് നടത്താനുള്ള എൻഎച്ച്‌എഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ടോള്‍ പിരിക്കാനുള്ള നീക്കമാണ് എൻഎച്ച്‌എഐ നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും സിപിഎമ്മും ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.
ആരോപണവുമായി നേതാക്കള്‍
ഒരുമനയൂർ (ചാവക്കാട്), ചെറ്റുവ, വടാനപ്പള്ളി എന്നിവിടങ്ങളിലുള്‍പ്പെടെ പലയിടങ്ങളിലെയും പാലങ്ങളുടെ പണി പൂർത്തിയായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ ഖാദർ പറഞ്ഞു. ഇടമുട്ടം, മൂന്നുപീടിക തുടങ്ങിയ സ്ഥലങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിർമാണവും അപൂർണമായി തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നാട്ടികയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത് എൻഎച്ച്‌എഐയുടെ തീരുമാനത്തിന് വിരുദ്ധമാണ്. ഇതിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഖാദർ പറഞ്ഞു.കൊടുങ്ങല്ലൂർ, ചെറ്റുവ എന്നിവിടങ്ങളിലുള്‍പ്പെടെ അഞ്ച് പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടില്ലെന്ന് നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പിഐ ഷൗക്കത്തലി ആരോപിച്ചു. ഓടകളുടെ നിർമാണവും പൂർത്തിയായിട്ടില്ല. വ്യാഴാഴ്ച ടോള്‍ പ്ലാസയിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തും. എല്ലാ പണികളും പൂർത്തിയാകുന്നതുവരെ ടോള്‍ പിരിവിനെതിരായ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണം തള്ളി ഉദ്യോഗസ്ഥർ
റോഡ് നിർമാണം പൂർത്തിയായ ഭാഗങ്ങളില്‍ മാത്രമേ ടോള്‍ ഈടാക്കൂ എന്ന് എൻഎച്ച്‌എഐ പ്രോജക്‌ട് ഡയറക്ടർ പ്രവീണ്‍ പറഞ്ഞു. നിർമാണം പൂർത്തിയാകാത്തതിനാല്‍ ടോള്‍ ഈടാക്കാത്ത സ്ഥലങ്ങളില്‍ ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രവീണ്‍ വ്യക്തമാക്കി. എൻഎച്ച് 66ലെ ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന ആരോപണങ്ങളും പ്രവീണ്‍ തള്ളി.
