Dailyhunt
ദുബായ് സുരക്ഷിതമാണ്; ഒറാക്കിളിന്റെ ഡാറ്റാ സെന്റര്‍ ഇറാൻ ആക്രമിച്ച വാര്‍ത്ത വ്യാജം; നിഷേധിച്ച്‌ മീഡിയ ഓഫീസ്

ദുബായ് സുരക്ഷിതമാണ്; ഒറാക്കിളിന്റെ ഡാറ്റാ സെന്റര്‍ ഇറാൻ ആക്രമിച്ച വാര്‍ത്ത വ്യാജം; നിഷേധിച്ച്‌ മീഡിയ ഓഫീസ്

ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് ആശങ്കയും അതുപോലെ ആശ്വാസവും നല്‍കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇന്നലെ ഏപ്രില്‍ 2 ന് യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകള്‍ അനുസരിച്ച്‌ നമ്മള്‍ ഭയപ്പെടുകയല്ല മറിച്ച്‌ വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കി ജാഗ്രത പാലിക്കുകയാണ് ചെയ്യേണ്ടതെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും യുഎഇ ശക്തമായി പ്രതിരോധിച്ചു. ഇറാനില്‍ നിന്ന് തൊടുത്തുവിട്ട 19 ബാലിസ്റ്റിക് മിസൈലുകളെയും 26 ഡ്രോണുകളെയും യുഎഇയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച്‌ തന്നെ വിജയകരമായി തകർത്തു. ഇറാനില്‍ നിന്നുള്ള ഒരു ഡ്രോണും യുഎഇയിലെ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്നത് യുഎഇയുടെ പ്രതിരോധ കരുത്തിനെയാണ് കാണിക്കുന്നത്.

സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഒമ്പത് സാധാരണക്കാർ കൊല്ലപ്പെടുകയും 191 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയില്‍ മറ്റൊരു വാർത്ത സോഷ്യല്‍ മീഡിയ വഴി പടർന്നു. ദുബായിലെ അമേരിക്കൻ ടെക് കമ്പനിയായ ഒറാക്കിളിന്റെ ഡാറ്റാ സെന്റർ ഇറാൻ ആക്രമിച്ചു. അല്‍ജസീറയെ ഉദ്ധരിച്ചു വന്ന റിപ്പോർട്ടില്‍ ഇറാൻ അവകാശപ്പെട്ടു എന്നും പറഞ്ഞിരുന്നു.


എന്നാല്‍ ഇതൊരു വ്യാജ വാർത്തയാണെന്നും ഇത്തരത്തില്‍ വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഔദ്യോഗികമായി തന്നെ ഇത് നിഷേധിച്ചു. ദുബായില്‍ ഒരു തരത്തിലുള്ള ആക്രമണവും നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും വ്യക്തമാക്കി.

കൂടാതെ ബഹ്‌റൈനിലെ ആമസോണ്‍ ക്ലൗഡ് സെന്ററിന് നേരെ ആക്രമണം നടന്നത് ശെരിയാണ് എന്നാല്‍ ദുബായ് സുരക്ഷിതമാണെന്നും അറിയിച്ചു. യുഎഇയില്‍ മാത്രമല്ല, കുവൈറ്റിലും സമാനമായ രീതിയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ തടഞ്ഞിട്ടുണ്ട്. കൂടാതെ പ്രാദേശിക സംഘർഷങ്ങള്‍ 35-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖലയിലാകെ ജാഗ്രത ശക്തമാണ്.

ജിസിസി രാജ്യങ്ങള്‍ക്കെതിരായ ഇത്തരം പ്രകോപനമായ നീക്കങ്ങള്‍ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ അന്താരാഷ്ട്ര കപ്പല്‍ പാതകളുടെ സുരക്ഷയും ഊർജ്ജ വിതരണവും തടസ്സപ്പെടാതിരിക്കാൻ ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്.

വ്യാജ വാർത്തകള്‍ പ്രചരിക്കുന്നതിനാല്‍ പ്രവാസികള്‍ വാട്സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ ലഭിക്കുന്ന എല്ലാ കാര്യങ്ങളും ഷെയർ ചെയ്യരുത്. ദുബായ് മീഡിയ ഓഫീസ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കുക. കൂടാതെ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ അധികൃതരെ വിവരം അറിയിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam