യുഎഇ: ദുബായിലെ നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയും സമൂഹത്തിന്റെ ക്ഷേമവും മുൻനിർത്തി ദുബായിലെ പ്രമുഖ പള്ളികള്‍ താല്‍ക്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.
ഏപ്രില്‍ 3 മുതല്‍ പള്ളികളില്‍ നേരിട്ടുള്ള ശുശ്രൂഷകള്‍ ഉണ്ടാകില്ല. ഔദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഏപ്രില്‍ 3 മുതല്‍ അടച്ചിടുമെന്നും അറിയിച്ചു.
എന്നാല്‍ വിശ്വാസികള്‍ക്ക് നിരാശപ്പെടേണ്ടതില്ല ദുഃഖവെള്ളി ശുശ്രൂഷകള്‍ പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചു. ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്കും 6 മണിക്കും ഇത് ലഭ്യമാകും. അതുപോലെ ജബല്‍ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പള്ളിയിലെ എല്ലാ കുർബാനകളും റദ്ദാക്കിയിട്ടുണ്ട്.
അതിനാല്‍ വിശ്വാസികള്‍ പള്ളി പരിസരം സന്ദർശിക്കുന്നത് ഒഴിവാക്കി സുരക്ഷാ നിർദ്ദേശങ്ങളോട് സഹകരിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. കൂടാതെ ജബല്‍ അലിയിലെ മാർത്തോമ്മാ ഇടവകയും ശുശ്രൂഷകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. വെർച്വല്‍ ഒത്തുചേരലുകള്‍ക്കുള്ള സമയക്രമം ഇടവകാംഗങ്ങളെ അതാത് സമയങ്ങളില്‍ അറിയിക്കും.
ഔദ് മേത്തയിലെ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ ഓണ്‍ലൈൻ വഴിയായിരിക്കുമെന്നും അറിയിച്ചു. കൂടാതെ ജബല്‍ അലിയിലെ സെന്റ് മിന കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയും ഏപ്രില്‍ 3 ലെ എല്ലാ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായി അറിയിച്ചു.
UAE Church Updates
ഒപ്പം ലോകസമാധാനത്തിനായും സുരക്ഷയ്ക്കായും പ്രാർത്ഥനകളില്‍ തുടരാൻ സഭാ നേതാക്കള്‍ അഭ്യർത്ഥിച്ചു. നിലവിലെ സംഘർഷ സാഹചര്യത്തില്‍ പള്ളി പരിസരത്തോ പുറത്തോ കൂട്ടം കൂടുന്നത് ഒഴിവാക്കുക. വിശ്വാസികളുടെ സുരക്ഷായ്ക്ക് മുൻഗണന നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍. കൂടാതെ ഈ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണ്.
നമ്മുടെയും കൂടെയുള്ളവരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള ഈ മുൻകരുതല്‍ നടപടികളോട് എല്ലാവരും സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നും അറിയിച്ചു. കൂടാതെ യുഎഇയിലെ നിലവിലെ സ്ഥിതി സുരക്ഷിതമാണ്. ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ യുഎഇയുടെ പ്രതിരോധ സേന ശക്തമായി തന്നെ തിരിച്ചടിച്ചു.

