Dailyhunt
ദുര്‍ബല രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസമേകി ഡ്രോണ്‍ സാങ്കേതികത; പശ്ചിമേഷ്യൻ യുദ്ധം ഡ്രോണ്‍ വിപണിയില്‍ സൃഷ്ടിച്ചത് വൻ കുതിപ്പ്

ദുര്‍ബല രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസമേകി ഡ്രോണ്‍ സാങ്കേതികത; പശ്ചിമേഷ്യൻ യുദ്ധം ഡ്രോണ്‍ വിപണിയില്‍ സൃഷ്ടിച്ചത് വൻ കുതിപ്പ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണത്തെ ഇറാൻ ചെറുത്തു നില്‍ക്കുന്ന രീതിയെ യുദ്ധതന്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് 'അസിമ്മട്രിക്കല്‍ വാർഫെയർ' എന്നാണ്.

അതേ, ക്രമരഹിതമെന്നോ, അസന്തുലിതമെന്നോ വിളിക്കാവുന്ന യുദ്ധപദ്ധതി. വൻ ചെലവുള്ള വമ്പൻ ആയുധങ്ങളുമായി ഇസ്രായേലും യുഎസും ആക്രമണം നടത്തുമ്പോള്‍ ഇറാൻ ചെറുക്കുന്നത് വളരെ ചെലവ് കുറഞ്ഞ ഡ്രോണുകളും, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകളും ഉപയോഗിച്ചാണ്. കഴിഞ്ഞദിവസങ്ങളില്‍ ഇറാന്റെ ഭൂപ്രദേശത്തിനുള്ളില്‍ യുഎസിന്റെ അത്യാധുനികമായ എഫ്-15 വിമാനം ഇറാൻ സൈന്യം തകർത്തിട്ടത് തോളില്‍ വെച്ച്‌ പ്രവർത്തിപ്പിക്കാവുന്ന ഒരു മിസൈല്‍ ലോഞ്ചർ ഉപയോഗിച്ചാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ഈ പുതിയ യുദ്ധതന്ത്രം ചെറിയ രാജ്യങ്ങളെ കൂടുതല്‍ ശാക്തീകരിക്കുകയാണ്. മാനസികമായും സൈനികപരമായും അവർക്ക് ആത്മവിശ്വാസം കൂടുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരിച്ച്‌ നാശം പ്രതീക്ഷിക്കാതെ എത്ര വലിയ സൈനികശക്തിക്കും ഇനി ആക്രമണം സംഘടിപ്പിക്കാൻ കഴിയില്ല.

ഇറാൻ, ഉക്രെയ്ൻ, ഗാസ എന്നിവിടങ്ങളില്‍ നടക്കുന്ന സംഘർഷങ്ങളുടെ പ്രത്യേകത അവ വലിയ തോതില്‍ ഡ്രോണുകളെ ആശ്രയിക്കുന്നു എന്നതാണ്. പലപ്പോഴും വലിയ കരുത്തുള്ള ശത്രുരാജ്യത്തിന് ചിന്തിക്കാൻ കഴിയാത്ത വിധത്തിലുള്ള പരിക്കുകള്‍ സൃഷ്ടിക്കാൻ ഈ ഡ്രോണുകള്‍ക്ക് കഴിയുന്നു. സൈനിക ഡ്രോണ്‍ ഉപയോഗം ആഗോളതലത്തില്‍ വർദ്ധിച്ചുവരികയാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. ഇറാൻ, ഇസ്രായേല്‍, തുർക്കി തുടങ്ങിയ രാജ്യങ്ങള്‍ ഡ്രോണ്‍ കയറ്റുമതിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച്‌ ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ആശങ്കയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം ആയുധങ്ങളുടെ വ്യാപനം ഭീഷണിയാണെന്ന് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്.

എഐ ഡ്രോണുകളെ ഇസ്രായേല്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഇത് ഹമാസ് പോലുള്ള എതിരാളികളെ പ്രത്യാക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

2025-ല്‍ ഏകദേശം 29 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്നിരുന്ന ഡ്രോണ്‍ വിപണി 2034 ആകുമ്പോഴേക്കും ഏകദേശം 54-55 ബില്യണ്‍ യുഎസ് ഡോളറിലേക്ക് വളരുമെന്നാണ് വിപണിവിദഗ്ധരുടെ നിരീക്ഷണം. ഗള്‍ഫ് രാജ്യങ്ങള്‍ നിലവില്‍ ഡ്രോണ്‍ പ്രതിരോധ, ഇന്റർസെപ്റ്റർ സംവിധാനങ്ങള്‍ യുക്രൈൻ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയാണ്. ഇറാനില്‍‌‍ നിന്നുള്ള ഡ്രോണ്‍ ആക്രമണമാണ് പ്രശ്നം. മേഖലയിലെ രാജ്യങ്ങള്‍ യുഎവി സംഭരണ പരിപാടികള്‍ കൂട്ടിയിട്ടുണ്ട്. ആഭ്യന്തര യുഎവി ഉല്‍പ്പാദനം കൂട്ടാൻ എല്ലാ ഗള്‍ഫ് രാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്. പലരും ഇതില്‍ കുറെ മുമ്പോട്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലും വൻതോതില്‍ ഡ്രോണുകളെ വാങ്ങാൻ നീക്കങ്ങള്‍ നടത്തുകയാണ്. സമീപകാലത്ത് നടന്ന സംഘർഷങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇസ്രായേലിന്റെ ഈ നീക്കം.

ഇന്ത്യയും മുന്നോട്ട്


ന്യൂഡല്‍ഹിയില്‍ നടന്ന മിലിപോള്‍ ഇന്ത്യ 2025 പ്രദർശനത്തില്‍ നാല് ഡ്രോണുകള്‍ അവതരിപ്പിച്ചിരുന്നു. ഗരുഡ എയ്‌റോസ്‌പേസ് കഴിഞ്ഞ വർഷം പ്രതിരോധം, സുരക്ഷ, സൈനിക ആവശ്യങ്ങള്‍ക്കായി നിർമിച്ച ഡ്രോണുകള്‍ അവതരിപ്പിച്ചു. 31 MQ-98 പ്രെഡേറ്റർ ഡ്രോണുകള്‍ വാങ്ങുന്നതിനായി ഇന്ത്യ യുഎസുമായി 3.5 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറില്‍ ഏർപ്പെട്ടിട്ടുണ്ട്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam