Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ നിന്ന് ചായ ഗ്ലാസ് പുറത്തേക്ക് എറിയാറുണ്ടോ? 1000 രൂപ വരെ പിഴ; കോടതിയില്‍ 2000; വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ

ട്രെയിനില്‍ നിന്ന് ചായ ഗ്ലാസ് പുറത്തേക്ക് എറിയാറുണ്ടോ? 1000 രൂപ വരെ പിഴ; കോടതിയില്‍ 2000; വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിഴത്തുക കൂടും. നിലിവില്‍ 500 രൂപയാണ് പിഴത്തുക.

ഇത് 1,000 രൂപയായി വർദ്ധിപ്പിച്ചു. ഓഗസ്റ്റ് 24-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. 2012-ലെ റെയില്‍വേ ശുചിത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഇതുപ്രകാരം റെയില്‍വേയിലെ പിഴത്തുകകള്‍ കൂടും.

പുതുക്കിയ നിയമപ്രകാരം, 1,000 രൂപ പിഴ അടയ്ക്കാൻ തയ്യാറാവാത്തവർക്കെതിരെ കോടതിയില്‍ നിയമനടപടി സ്വീകരിക്കും. അവിടെ പരമാവധി 2,000 രൂപ വരെ പിഴ ചുമത്തിയേക്കാം.

സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്സ്യല്‍ വിഭാഗത്തിലെ ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിംഗ് വിഭാഗത്തിലെ സമാന റാങ്കിലുള്ള ഉദ്യോഗസ്ഥർ, കൂടാതെ റെയില്‍വേ പ്രത്യേകം അധികാരപ്പെടുത്തിയിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരമുണ്ട്. പുതുക്കിയ നിയമപ്രകാരം, യാത്രക്കാരും സന്ദർശകരും റെയില്‍വേ സ്റ്റേഷനുകളിലോ പ്ലാറ്റ്‌ഫോമുകളിലോ ട്രെയിനുകള്‍ക്കുള്ളിലോ മാലിന്യം വലിച്ചെറിയാനോ ഉപേക്ഷിക്കാനോ പാടില്ല (ഇതിനായി നിശ്ചയിക്കപ്പെട്ട ചവറ്റുകുട്ടകളില്‍ മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ).

റെയില്‍വേ സ്റ്റേഷനില്‍ പാചകമടക്കം ചെയ്യുന്ന ഉത്തരേന്ത്യൻ നാടുകളിലെ സ്ഥിതികളിലും മാറ്റം വരുത്താനാണ് രെയില്‍വേയുടെ നീക്കം. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ റെയില്‍വേ പരിസരത്ത് കുളിക്കുകയും മറ്റും ചെയ്യുന്നവരും ഉയർന്ന തുക പിഴയായി നല്‍‌കേണ്ടി വരും. റെയില്‍വേ സ്റ്റേഷനില്‍‌ കുളിക്കുക, തുപ്പുക, മൂത്രമൊഴിക്കുകയോ മലവിസർജ്ജനം നടത്തുകയോ ചെയ്യുക, മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ഭക്ഷണം നല്‍കുക, വാഹനങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയന കഴുകുക, റെയില്‍വേ പരിസരത്ത് സാധനങ്ങള്‍ സൂക്ഷിക്കുക എന്നിവയ്ക്കെല്ലാം ഉയർന്ന തുക പിഴയായി നല്‍കേണ്ടി വരും.

അനുമതിയില്ലാതെ ട്രെയിൻ കോച്ചുകളിലോ റെയില്‍വേ സ്വത്തുക്കളിലോ പോസ്റ്ററുകള്‍ ഒട്ടിക്കുന്നവരും കുടുങ്ങും. കൂടാതെ ട്രെയിനുകളില്‍ എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന 'കലാകാരന്മാരും' കുടുങ്ങും. മാലിന്യങ്ങള്‍ ശേഖരിക്കാൻ ഡസ്റ്റ് ബിന്നുകള്‍ എല്ലാ റെയില്‍‌വേ സ്റ്റേഷനുകളിലും ഉത്തരവാദപ്പെട്ടവർ വെച്ചിരിക്കണമെന്നും വിജ്ഞാപനത്തില്‍ നിർദേശമുണ്ട്.

കേരളത്തില്‍ റെയില്‍വേയിലെ മാലിന്യം വലിച്ചെറിയില്‍ വലിയൊരളവ് കുറവാണ്. എങ്കിലും ഇപ്പോഴും ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചായക്കപ്പ് വലിച്ചെറിയുന്നതും, ഒഴിഞ്ഞ വെള്ളക്കുപ്പി വലിച്ചെറിയുന്നതുമെല്ലാം സാധാരണമാണ്. ട്രെയിനില്‍ ഡസ്റ്റ് ബിന്നുകള്‍ ഉണ്ടെന്നിരിക്കെ ഇങ്ങനെ വലിച്ചെറിയുന്നത് പിഴ ഈടാക്കാൻ തക്കതായ കുറ്റകൃത്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam