Dailyhunt
എച്ച്‌-1ബി വിസ: ഇന്ത്യക്കാരെ പഴിച്ചിട്ട് കാര്യമില്ല, അതിന് കാരണം കോണ്‍ഗ്രസിൻ്റെ വികലമായ നയങ്ങളെന്ന് ഇമിഗ്രേഷൻ വിദഗ്ധ

എച്ച്‌-1ബി വിസ: ഇന്ത്യക്കാരെ പഴിച്ചിട്ട് കാര്യമില്ല, അതിന് കാരണം കോണ്‍ഗ്രസിൻ്റെ വികലമായ നയങ്ങളെന്ന് ഇമിഗ്രേഷൻ വിദഗ്ധ

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസിലുള്ള ഇന്ത്യൻ സമൂഹത്തിനെതിരെ അടുത്തകാലത്തായി വംശീയ അധിക്ഷേപങ്ങള്‍ വർധിച്ചുവരികയാണ്.

ടെക്സസ് 'മിനി ഇന്ത്യ' ആകുന്നുവെന്നും അതോടൊപ്പം എച്ച്‌1ബി വിസയിലൂടെ എത്തുന്ന ഇന്ത്യക്കാർ തദ്ദേശീയരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നും ആരോപിച്ചാണ് വ്യാപക പ്രചാരണങ്ങള്‍ നടത്തുന്നത്. ഫ്രിസ്കോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ സജീവമായിട്ടുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരടക്കം ഇത്തരം ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ സജീവമാകാറുണ്ട്.

എന്നാല്‍, ഈ വിഷയത്തില്‍ യഥാർഥ കുറ്റക്കാർ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരല്ലെന്നും മറിച്ച്‌ യുഎസ് കോണ്‍ഗ്രസിന്റെ വികലമായ നയങ്ങളാണെന്നും ഇമിഗ്രേഷൻ പോളിസി വിദഗ്ധയായ റോസ്മേരി ജെങ്ക്സ് വ്യക്തമാക്കുന്നു. സ്റ്റീവ് ബാനന്റെ ടോക്ക് ഷോയില്‍ സംസാരിക്കവെ, എച്ച്‌-1ബി വിസയുടെ അടിസ്ഥാന സ്വഭാവം തന്നെ ഭരണകൂടം അട്ടിമറിച്ചുവെന്നാണ് അവർ ആരോപിച്ചത്.



യഥാർഥത്തില്‍ മൂന്ന് വർഷത്തെ കാലാവധിയിലേക്ക് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എച്ച്‌-1ബി വിസ. എന്നാല്‍, ഈ വിസ കൈവശമുള്ളവർക്ക് അനിശ്ചിതകാലത്തേക്ക് അമേരിക്കയില്‍ തുടരാമെന്നും ഒരു സ്പോണ്‍സറെ കണ്ടെത്താനായാല്‍ കുടുംബത്തെക്കൂടി ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്നുമുള്ള നിയമം വന്നതോടെയാണ് പ്രശ്നങ്ങള്‍ സങ്കീർണ്ണമായതെന്ന് ജെങ്ക്സ് ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളോളം ഒരാള്‍ക്ക് താല്‍ക്കാലിക വിസയില്‍ ഒരു രാജ്യത്ത് തുടരാനാകുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും അവർ വാദിക്കുന്നു.

വിസ കാലാവധി കൃത്യമായി മൂന്ന് വർഷമായി പരിമിതപ്പെടുത്തുകയും കുടുംബത്തെ കൊണ്ടുവരാനുള്ള അനുമതി നിർത്തലാക്കുകയും ചെയ്താല്‍ ഓരോ മൂന്ന് വർഷം കൂടുമ്പോഴും പുതിയ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കാൻ തൊഴിലുടമകള്‍ നിർബന്ധിതരാകും. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യക്കാരെക്കാള്‍ ലാഭകരമായി അമേരിക്കക്കാരെ തന്നെ നിയമിക്കാൻ കമ്പനികള്‍ തയ്യാറാകുമെന്നും ഇത് വിസ തട്ടിപ്പുകള്‍ കുറയ്ക്കാൻ സഹായിക്കുമെന്നും അവർ നിരീക്ഷിക്കുന്നു.

നിലവില്‍ അമേരിക്കയിലുള്ള ഭൂരിഭാഗം എച്ച്‌-1ബി വിസക്കാരും എഫ്-1 സ്റ്റുഡന്റ് വിസ വഴി രാജ്യത്തെത്തിയവരാണ്. പഠനത്തിന് ശേഷം ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒപിടി), സ്റ്റെം ഒപിടി എക്സ്റ്റൻഷൻ എന്നീ മാർഗങ്ങളിലൂടെയാണ് ഇവർ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഈ സംവിധാനത്തെ പൂർണമായും നിർത്തലാക്കണമെന്നാണ് റോസ്മേരി ജെങ്ക്സ് ആവശ്യപ്പെടുന്നത്.

അതിനിടെ, ടെക്സസില്‍ ഇന്ത്യൻ വിരുദ്ധ വികാരം ഇളക്കിവിടുന്ന യൂട്യൂബർമാരുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നോർത്ത് ടെക്സസില്‍, പ്രത്യേകിച്ച്‌ ഫ്രിസ്കോ മേഖലയില്‍ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ എണ്ണം ദ്രുതഗതിയില്‍ വർധിക്കുന്നതും ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുന്നതും തദ്ദേശീയരായ തീവ്ര വലതുപക്ഷ വിഭാഗങ്ങളെ ചൊടിപ്പിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam