Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ ജില്ലകളിലേക്ക് ഉടൻ അതിതീവ്ര മഴയെത്തും; ഒൻപതിടത്ത് റെഡ് അലേര്‍ട്ട്, ശക്തമായ കാറ്റിന് മുന്നറിയിപ്പ്

ഈ ജില്ലകളിലേക്ക് ഉടൻ അതിതീവ്ര മഴയെത്തും; ഒൻപതിടത്ത് റെഡ് അലേര്‍ട്ട്, ശക്തമായ കാറ്റിന് മുന്നറിയിപ്പ്

Samayam Malayalam 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമാകും.

ഇന്ന് (01/08/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ് നല്‍കിയിരിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും തുടരുന്ന സാഹചര്യമാണുള്ളത്.

സംസ്ഥാനത്ത് ഇന്നലെ മുതല്‍ മഴ ശക്തമാകുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അതിതീവ്ര മഴ തുടരുന്നത്. ഈ ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെ (02/08/2026) യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.



വരും മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശുർ (റെഡ് അലേർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ മഴ മുന്നറിയിപ്പുകളില്‍ മാറ്റം വരാനുള്ള സാധ്യത കൂടുതലാണ്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയാണ് തുടരുന്നത്. മലയോര മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പലയിടത്തും റോഡുകളും പാലങ്ങളും തകർന്നു. റോഡുകളിലേക്ക് കല്ലുകളും മണ്ണും പതിച്ചു. ഇതോടെ ഗതാഗത തടസ്സം രൂക്ഷമായി.

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വീടുകള്‍ക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ കനത്ത നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. വയനാട്ടിലും ശക്തമായ മഴയാണ് തുടരുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയും കനത്ത ജാഗ്രതയില്‍ തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam