തിരുവനന്തപുരം: വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ കേരളം പോളിങ് ബൂത്തില്‍ എത്തുകയാണ്. മൂന്നാം തവണയും അധികാരത്തിലേറാമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ് തുടരുമ്പോള്‍ 10 വർഷം മുൻപ് നഷ്ടമായ ഭരണം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്.
വീണ്ടും അക്കൗണ്ട് തുറക്കുക മാത്രമല്ല, സംസ്ഥാന നിയമസഭയില്‍ ഇക്കുറി നിർണായക ശക്തിയായി മാറുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും. എന്നാല്‍ ഏപ്രില്‍ ഒൻപതിന് ജനം എഴുതിയ വിധി എന്താണെന്ന് അറിയാൻ 24 ദിവസത്തെ കാത്തിരിപ്പ് വേണം. കേരളം ഇനി ആര് ഭരിക്കുമെന്ന് മെയ് നാലിനറിയാം.
എല്‍ഡിഎഫിൻ്റെ ഹാട്രിക് മോഹം
കിഫ്ബി വഴി നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, ലൈഫ് മിഷൻ പദ്ധതി, ക്ഷേമ പെൻഷനുകള്‍ 3,000 രൂപയായി വർധിപ്പിക്കുമെന്ന വാഗ്ദാനം എന്നിവയിലാണ് ഇടത് പക്ഷത്തിന്റെ പ്രതീക്ഷകള്‍. എന്നാല്‍ ഭരണവിരുദ്ധ വികാരമെന്ന വ്യാപക പ്രചാരണവും സാമ്പത്തിക പ്രതിസന്ധിയും അവർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
തിരിച്ചുവരുമെന്ന് ഉറപ്പിച്ച് യുഡിഎഫ്
യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുൻഗണന നല്‍കുന്ന ഇന്ദിര ഗ്യാരന്റി പദ്ധതിയിലൂടെ വോട്ടർമാരെ ആകർഷിക്കാനാണ് അവരുടെ ശ്രമം. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും 10 വർഷത്തെ ഇടത് ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
കരുത്ത് കാട്ടാൻ എൻഡിഎ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ നടത്തിയ മുന്നേറ്റമടക്കം ഇത്തവണ നിയമസഭയില്‍ സീറ്റുകള്‍ നേടാൻ സഹായിക്കുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നു. പല മണ്ഡലങ്ങളിലും പോരാട്ടം ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.

