ഫിഫ ലോകകപ്പ് 2026ല്‍ പോർച്ചുഗല്‍ പ്രീ ക്വാർട്ടർ ടിക്കറ്റ് നേടിയെടുത്തിരിക്കുകയാണ്. നിർണ്ണായകമായ റൗണ്ട് 32ല്‍ ക്രൊയേഷ്യയെ 2-1ന് തോല്‍പ്പിച്ചാണ് പോർച്ചുഗലിന്റെ മുന്നേറ്റം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളും കാണാനായത് ആരാധകർക്ക് ഇരട്ടി സന്തോഷം. എന്നാല്‍ പോർച്ചുഗല്‍ ക്രൊയേഷ്യക്കെതിരേ ജയിച്ച് കയറുമ്പോള്‍ പോർച്ചുഗല്‍ താരങ്ങളുടേയും ആരാധകരുടേയും മനസില്‍ സന്തോഷത്തോടൊപ്പം ഒരു നീറുന്ന ഓർമയുടെ വേദനയും അലയടിക്കുന്നുണ്ടായിരുന്നു.
അത് ഡിയേഗോ ജോട്ടയെന്ന താരത്തിന്റെ വിയോഗത്തിന്റെ ഓർമയാണ്. ലിവർപൂള്‍ ജഴ്സിയില്‍ തകർത്തുകളിച്ചിരുന്ന ആ പോർച്ചുഗല്‍ താരം ലോകത്തോട് വിടപറഞ്ഞ് അനശ്വരതയില്‍ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ആവുകയാണ്. 2025 ജൂലെെ മൂന്നിനായിരുന്നു കാർ അപകടത്തില്‍ ജോട്ട മരണപ്പെട്ടത്. ഇന്ന് പോർച്ചുഗല്‍ പ്രീ ക്വാർട്ടറിലേക്ക് മുന്നേറുമ്പോള്‍ അവന്റെ ഓർമകളില്‍ത്തന്നെയാണ് പോർച്ചുഗല്‍ താരങ്ങള്‍. മത്സരശേഷം ജോട്ടയുടെ 21ാം നമ്പർ ജഴ്സിയണിഞ്ഞ് ആകാശത്തേക്ക് കെെകളുയർത്തി റൊണാള്‍ഡോ അവന്റെ ഓർമകളെ അനുസ്മരിച്ചു.
ജോട്ടയുടെ 21ാം നമ്പർ ജഴ്സിക്കൊപ്പം പോർച്ചുഗല്‍ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും ചിത്രമെടുത്താണ് കളം വിട്ടത്. ഇന്ന് ജോട്ടയുണ്ടായിരുന്നെങ്കില്‍ പോർച്ചുഗലിന്റെ ലോകകപ്പ് ടീമില്‍ തീർച്ചയായും ജോട്ടയും ഇടം നേടിയെടുക്കുമായിരുന്നു. എന്തായാലും അവന്റെ അഭാവം പോർച്ചുഗല്‍ ആരാധകരേയും താരങ്ങളേയും ഒരുപോലെ വേദനിപ്പിക്കുന്നു.
ക്രൊയേഷ്യക്കെതിരേ പോർച്ചുഗല്‍ പൊരുതി ജയം നേടുകയായിരുന്നു. തുല്യ ശക്തികളെന്ന് വിളിക്കാവുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആ വീറും വാശിയും നിറഞ്ഞ് നിന്നിരുന്നു. അവസാന നിമിഷംവരെ മത്സരത്തില്‍ ജയ പരാജയങ്ങള്‍ മാറി മറിഞ്ഞു. ഒടുവില്‍ ഭാഗ്യം പോർച്ചുഗലിനൊപ്പം നില്‍ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മികച്ച ആക്രമണങ്ങള്‍ കണ്ടെങ്കിലും ഗോളൊഴിഞ്ഞ് നിന്നു.
FIFA World Cup 2026: ആദ്യം പിന്നില്‍, പിന്നെ രണ്ടടിച്ച് ജയം; ക്രൊയേഷ്യയെ വീഴ്ത്തി പറങ്കിപ്പട പ്രീ ക്വാർട്ടറില്‍, വലകുലുക്കി റൊണാള്‍ഡോ
53ാം മിനുട്ടില്‍ ഇവാൻ പെരിസിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ ആദ്യം മുന്നിലെത്തിയത്. പോർച്ചുഗലിനെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്ന ഗോളായിരുന്നു ഇത്. തിരിച്ചടിക്കാനുള്ള പോർച്ചുഗലിന്റെ കാത്തിരിപ്പിന് 61ാം മിനുട്ടില്‍ ഫലമുണ്ടായെന്ന് കരുതിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ ഗോള്‍ ഓഫ്സെെഡായി മാറി. 68ാം മിനുട്ടില്‍ പോർച്ചുഗലിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത റൊണാള്‍ഡോ കൃത്യമായി പന്ത് വലയിലെത്തിച്ച് പോർച്ചുഗലിന് സമനില നേടിക്കൊടുത്തു.
ഇഞ്ചുറി ടെെമിന്റെ നാലാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസിന്റെ ഗോളിലാണ് പോർച്ചുഗല്‍ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടെെമിന്റെ അവസാന മിനുട്ടില്‍ ക്രൊയേഷ്യ ഗോള്‍ നേടിയെങ്കിലും ഇത് ഓഫ്സെെഡ് കെണിയില്‍ അകപ്പെട്ടു. ഇതാണ് റൊണാള്‍ഡോക്കും സംഘത്തിനും കരുത്തായത്. അല്ലാത്ത പക്ഷം എക്സ്ട്രാ ടെെമിലേക്കും ഷൂട്ടൗട്ടിലേക്കും മത്സരം നീളാൻ സാധ്യതയുണ്ടായിരുന്നു.
IND vs ENG T20: 5, 0, 1, സഞ്ജുവിന് വീണ്ടും നിരാശ, തിളങ്ങാൻ ഇനി എത്ര അവസരം വേണം? ഇംഗ്ലണ്ടിനെതിരേ നിറം മങ്ങി മലയാളി താരം
എന്തായാലും റൊണാള്‍ഡോയുടെ കന്നി ലോകകപ്പ് കിരീട പ്രതീക്ഷ ഇപ്പോഴും സജീവമായി നിലനില്‍ക്കുകയാണ്. എന്നാല്‍ പ്രീ ക്വാർട്ടറില്‍ സ്പാനിഷ് വെല്ലുവിളിയാണ് റൊണാള്‍ഡോക്കും സംഘത്തിനും മറികടക്കേണ്ടത്. യൂറോ കപ്പ് ചാമ്പ്യന്മാരായാ സ്പെയിൻ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇപ്പോള്‍ പ്രീ ക്വാർട്ടറിലേക്കെത്തിയിരിക്കുന്നത്. ഈ സൂപ്പർ പോരില്‍ ആര് ജയിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

