ഫിഫ ഫുട്ബോള്‍ ലോകകപ്പിനായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ ഇത്തവണയും ലയണല്‍ മെസി തന്നെയാണ് നയിക്കുന്നത്.
കരുത്തുറ്റ ടീമിനെത്തന്നെയാണ് അർജന്റീന ഇത്തവണ കളത്തിലിറക്കാൻ പോകുന്നത്. 2022ലെ ഖത്തർ ലോകകപ്പ് കളിച്ച അർജന്റീന ടീമിലെ 17 പേരും ടീമില്‍ സ്ഥാനം നിലനിർത്തിയപ്പോള്‍ ഒമ്പത് പേർക്ക് സീറ്റ് നഷ്ടമായി.
ഇത്തവണ മെസിയുടെ വിശ്വസ്തനായ ഏഞ്ചല്‍ ഡി മരിയയുടെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പ് അർജന്റീനയുടെ അലമാരയിലെത്തിക്കാൻ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ഡി മരിയ. ഇതിനോടകം വിരമിച്ച ഡി മരിയ ഇത്തവണ പുറത്ത് നിന്ന് അർജന്റീന ടീമിന് ആത്മവിശ്വാസം നല്‍കും.
മാർക്കസ് അക്യുനയെയേയും സ്കലോണി ഇത്തവണ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സമീപകാലത്തെ ഫിറ്റ്നസും ഫോമും വിലയിരുത്തി ഗംഭീര ടീമിനെത്തന്നെയാണ് അർജന്റീന കളത്തില്‍ ഇറക്കിയിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രേലിയ, ജോർദാൻ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജെയില്‍ ഉള്‍പ്പെടുന്ന അർജന്റീന അനായാസമായി ഗ്രൂപ്പ് ഘട്ടം വിജയിച്ച് കയറുമോയെന്ന് തന്നെ പ്രതീക്ഷിക്കാം.
സൂപ്പർ താരങ്ങളുടെ പരിക്കിനെത്തുടർന്നാണ് പരിശീലകൻ ടീം പ്രഖ്യാപനം വെെകിപ്പിച്ചത്. ലയണല്‍ മെസി പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഇത്തവണ മെസിയുടെ അവസാന ഫുട്ബോള്‍ ലോകകപ്പാണ്. ഖത്തറിലൂടെ ലോകകപ്പ് കിരീടം എന്ന അതുല്യ നേട്ടം സ്വന്തമാക്കാൻ മെസിക്ക് സാധിച്ചിരുന്നു. ഇത്തവണയും ലോകകപ്പ് നേടി വിരമിക്കല്‍ രാജകീയമാക്കാൻ മെസിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഗോള്‍വലക്ക് മുന്നില്‍ എമിലിയാനോ മാർട്ടിനെസ് ഇത്തവണയും ഉണ്ടാകും. എമിലിയാനോയുടെ മികവ് ഖത്തർ ലോകകപ്പില്‍ അർജന്റീനയെ കിരീടം ചൂടിച്ചതില്‍ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഇത്തവണയും അർജന്റീനയുടെ പ്രതിരോധ നിര ശക്തമാണ്. ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫകുണ്ടോ മെദിന, നഹുവല്‍ മോളിന എന്നിവരെല്ലാം പ്രതിരോധത്തില്‍ ഇത്തവണയും കോട്ടകെട്ടും. മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെല്‍സോ എന്നിവരുടെ മികവ് നിർണ്ണായകമാവും.
ലക്ഷ്യം പിഴക്കാത്ത മുന്നേറ്റ നിരയാണ് ഇത്തവണയും അർജന്റീനയുടെ പ്രധാന കരുത്ത്.
IND vs IRE: സഞ്ജുവിന് സീറ്റുറപ്പ്, അഭിഷേക്-വെെഭവ് ആരാവും ഓപ്പണിങ് പങ്കാളി? തീരുമാനം എളുപ്പമാവില്ല, ആകാശ് ചോപ്രയുടെ നിർദേശം ഇങ്ങനെ
ലയണല്‍ മെസിയുടെ ഫോം എത്രത്തോളം മികച്ചതാവുമെന്നതാണ് കണ്ടറിയേണ്ടത്. മെസിയുടെ പ്രകടനത്തെ ആശ്രയിച്ചാവും അർജന്റീനയുടെ ഇത്തവണത്തെ കിരീട പ്രതീക്ഷകളെന്ന് തന്നെ പറയാം. ഇത്തവണയും ഖത്തർ ലോകകപ്പിലെ അതേ വെെകാരികതയോടെ കളിക്കാൻ അർജന്റീനക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
അർജന്റീന ടീം:
ഗോള്‍കീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ഹുവാൻ മുസ്സോ, ജെറോണിമോ റുള്ളി
പ്രതിരോധ നിര: ലിയോനാർഡോ ബലേർഡി, നിക്കോളാസ് താഗ്ലിയാഫിക്കോ, ഗോണ്‍സാലോ മോണ്ടിയേല്‍, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒറ്റമെൻഡി, ഫകുണ്ടോ മെദിന, നഹുവല്‍ മോളിന
മധ്യനിര: ലിയാൻഡ്രോ പരെഡെസ്, റോഡ്രിഗോ ഡി പോള്‍, വലന്റീൻ ബാർക്കോ, ജിയോവാനി ലോ സെല്‍സോ, എസെക്വല്‍ പാലാസിയോസ്, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്
മുന്നേറ്റനിര: യൂലിയൻ അല്‍വാരസ്, ലയണല്‍ മെസി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നിക്കോ പാസ്, ഹൊസെ മാനുവല്‍ ലോകപ്പ്, ലൗട്ടാരോ മാർട്ടിനെസ്.

